കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ കേരളത്തിൽ നിന്നും കാണാതാകുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഭീകരവാദ സംഘടനകളിലെ മലയാളി സാന്നിദ്ധ്യമെന്ന സംശയവും കൂടുതൽ ബലപ്പെടുകയാണ്. തീവ്രവാദ സംഘങ്ങളിലേക്ക് ചേക്കേറുന്നവർക്ക് ക്രിത്യമായ പ്രത്യയശാസ്ത്രമുണ്ടെന്നു തന്നെയാണ് പുതിയ സംഭവങ്ങളും വ്യക്തമാക്കുന്നത്. ആഗോള ഭീകര സംഘടനയായ ഐഎസിൽ(ഇസ്ലാമിക്ക് സ്റ്റേറ്റ്) മലയാളികളുണ്ടെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. ഭീകരവാദ സംഘടനകളിലെ മലയാളി സാന്നിദ്ധ്യം ഉണ്ടെന്ന് കഴിഞ്ഞ രണ്ടു വർഷത്തിനിടെ വിവിധ സുരക്ഷാ ഏജൻസികളും മുന്നറിയിപ്പ് നൽകുകയുമാണ്ടായി. ഇതെല്ലാം സ്ഥിരീകരിക്കുന്നതാണ് മലയാളി ദമ്പതികളടക്കമുള്ളവരുടെ ഇപ്പോഴത്തെ തിരോധാനങ്ങൾ.

കാശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മലയാളി തീവ്രവാദികൾ കൊല്ലപ്പെട്ടതു മുതൽ മലയാളികളുടെ തീവ്രവാദ ബന്ധം ഏറെ ചർച്ച ചെയ്യപ്പെടുകയായിരുന്നു. പിന്നീട് രാജ്യത്തിനകത്തും പുറത്തുമായി നടന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ മലയാളികളുടെ പങ്കും വ്യക്തമാകുകയുണ്ടായി. ഇസ്ലാമിന്റെ പേരിലുള്ള ചില തീവ്രവാദ സംഘങ്ങൾ വച്ചു പുലർത്തുന്ന അതേ ആശയങ്ങളും ഇവരുമായി സാമ്യതകളുള്ള ചില ചിന്താധാരകളുമാണ് ഇത്തരം പ്രസ്ഥാനങ്ങളിൽ ആകൃഷ്ടരാകുന്നതെന്ന് ഓരോ സംഭവങ്ങളും തെളിയിക്കുകയാണ്. എന്നാൽ മർമ്മം മനസിലാക്കി ചികിത്സിക്കാൻ മുസ്ലിം സംഘടനകളും മാറി വരുന്ന ഭരണകൂടങ്ങളും തയ്യാറാകുന്നില്ല.

കേരളത്തിലടക്കും തീവ്രവാദ സംഘങ്ങൾ യോഗം നടത്തിയെന്നതിന് തടിയന്റവിട നസീറും കൂട്ടാളികളും പിടിയിലായതോടെ കൂടുതൽ വ്യക്തത അന്വേഷണ ഏജൻസികൾക്ക് കൈവന്നിരുന്നു. ഭീകരവാദ, രാജ്യദ്രോഹ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് വ്യത്യസ്ത മതവിഭാഗത്തിൽ നിന്നുള്ളവർ പിടിക്കപ്പെട്ട സംഭവങ്ങൾക്കും രാജ്യം കഴിഞ്ഞ കാലങ്ങളിൽ സാക്ഷ്യം വഹിക്കുകയുണ്ടായി. ഭാഷയുടെയും ദേശത്തിന്റെയും മതങ്ങളുടെയും പേരിലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾ സമൂഹത്തിന്റെ വ്യത്യസ്ത കോണുകളിൽ നിലയുറപ്പിച്ചു വരുന്നതായി ഈ മേഖലയിലെ പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

തീവ്രവാദം വ്യത്യസ്ഥ മേഖലകളിലുമുണ്ടെങ്കിലും ഇസ്ലാമിക തീവ്രവാദവും ഭീകരസംഘടനകളുടെ കടന്നു കയറ്റവുമായിരുന്നു ഈയിടെയായി ഏറെ ചർച്ച ചെയ്യപ്പെട്ടത്. ഇസ്ലാമിക്ക് സ്റ്റേറ്റ് എന്ന ആഗോള രാക്ഷസന്റെ കടന്നു വരവോടെയാണ് ഇസ്ലാമിക തീവ്രവാദം നിരന്തരമായ വാർത്തകളിൽ ഇടം പിടിച്ചത്. ഐഎസ് വിവിധ രാജ്യങ്ങളിൽ വേരോട്ടമുണ്ടാക്കുന്നതിലൂടെ ഏറ്റവും കൂടുതൽ തലവേദന അനുഭവിക്കേണ്ടിവന്നത് ഇസ്ലാമിനും മുസ്ലിംങ്ങൾക്കുമായിരുന്നു. എന്നാൽ രാജ്യാതിർത്തികൾ കടന്ന് കേരളമണ്ണിലും ഐഎസ് വേരോട്ടമുണ്ടാക്കിയിരിക്കുന്നു എന്നത് ഞെട്ടലോടെയാണ് മതേതര സമൂഹം നോക്കികാണുന്നത്.

യു.എ.ഇയിൽ നിന്നും കാണാതായ കോഴിക്കോട് സ്വദേശി റിയാസുൽ റഹ്മാൻ ഐ.എസിൽ ചേർന്നു എന്നും പിന്നീട് മരണപ്പെട്ടുവെന്നും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചതോടെയാണ് ഗൾഫ് രാജ്യങ്ങൾ വഴി ഐഎസിലേക്ക് മലയാളികളുടെ ചേക്കേറൽ സംബന്ധിച്ച് ഇന്ത്യൻ ഏജൻസികൾ അന്വേഷണം ആരംഭിച്ചത്. റിയാസുൽ റഹ്മാന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കൂടെ പഠിച്ചവരും ജോലി ചെയ്തവരുമായ നിരവധി പേർ അബുദാബിയിൽ തടവിൽ കഴിയേണ്ടി വരികയും പിന്നീട് ഇവരിൽ നിരപരാധികളായ പലരെയും നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. ഇതു കഴിഞ്ഞ് ഏതാനും മാസങ്ങൾ പിന്നിടുമ്പോഴാണ് മലയാളികളായ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായിരിക്കുന്നത്. ഒടുവിൽ കാണാതായ ദമ്പതികൾ വീട്ടിലേക്കു വിളിച്ചതും സന്ദേശങ്ങൾ അയച്ചതുമെല്ലാം തീവ്രവാദ സംഘത്തിലേക്കുള്ള സൂചനയായാണ് അന്വേഷണ ഏജൻസികൾ വിലയിരുത്തപ്പെടുന്നത്. സംഘത്തിൽപ്പെട്ട എളമ്പച്ചി സ്വദേശി ഫിറോസ് ഖാൻ മുംബൈയിൽ വച്ച് പിടിയിലായതോടെ കൂടുതൽ വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

കാണാതായ കുട്ടികളും സ്ത്രീകളുമടക്കമുള്ള 21 പേരുടെ വീട്ടുകാരായിരുന്നു അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നത്. പിന്നീട് പാലക്കാട് കഞ്ചിക്കോട് സ്വദേശി ഷിബിയും നാടുവിട്ടതായി കാണിച്ച് കഴിഞ്ഞ ദിവസം ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയുണ്ടായി. എന്നാൽ വിദേശത്തേക്ക് ജോലി ആവശ്യാർത്ഥമോ പഠനാവശ്യാർത്ഥമോ പോയ ശേഷം നാട്ടിലേക്ക് മടങ്ങാത്തവരുടെ കണക്ക് ഇനിയും പുറത്തു വരാനുണ്ട്. വിദേശത്തേക്ക് പോയി കാണാതാവുന്നവരുടെ കൂട്ടത്തിൽ ജോലി സംബന്ധമായി മറ്റു ഇടങ്ങളിലേക്കു പോയവരും ദുരിതമനുഭവിച്ച് തടവിൽ കഴിയുന്നവരുമുണ്ട്. തീവ്രവാദ സംഘങ്ങളിൽ ആകൃഷ്ടരായി പോകുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് സുരക്ഷാ ഏജൻസികൾ നൽകുന്ന സൂചനകൾ.

എന്നാൽ ഇത്തരത്തിൽ കാണാതാകുന്നവരെ കുറിച്ചുള്ള കൃത്യമായ കണക്കുകളോ വിവര ശേഖരണങ്ങളോ ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ കൈവശം ഇല്ലെന്നതാണ് വസ്തുത. വിദേശ രാജ്യങ്ങളിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരോ അല്ലെങ്കിൽ നാട്ടിലേക്ക് കടത്തി വിടുകയോ ചെയ്യുമ്പോൾ മാത്രമാണ് ഇവരുടെ വിവരം ഇന്ത്യൻ എംബസികൾ വഴി ലഭിക്കുന്നത്. വിദേശത്തേക്ക് പോകുന്നവരുടെ വിവരം ശേഖരിക്കലും ഭീകരവാദത്തിന്റെ അടിവേര് കണ്ടെത്തുന്നതിനുള്ള നടപടി ഭരണകൂടം സ്വീകരിക്കുന്നതിലും സമയം അതിക്രമിച്ചിട്ടുണ്ടെന്നാണ് സമീപ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

കേരളത്തിലെ വ്യവസ്ഥാപിത മുസ്ലിം സംഘടനകളെല്ലാം തീവ്രവാദത്തിനെതിരെ കർശന നിലപാടുകളാണ് സ്വീകരിച്ചു വന്നിട്ടുള്ളത്. കേരളത്തിലെ സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെല്ലാം ഭീകരവിരുദ്ധ കാമ്പയിനുകളും പരിപാടികളുമെല്ലാം നിരന്തരമായി സംഘടനപ്പിച്ചു വരുന്നവരാണ്. എന്നാൽ, മുസ്ലിം യുവാക്കൾ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് തടയിടാനോ കണ്ടെത്താനോ ഇവർക്ക് കഴിയുന്നില്ല. തീവ്രവാദമെന്നത് കേവലം ആരോപണങ്ങൾക്കപ്പുറം അതിന്റെ അടിവേരുകളും പ്രചോദനമാകുന്ന ആശയങ്ങളും കണ്ടെത്താൻ അന്വേഷണ ഏജൻസികളും മുതിരുന്നില്ല.

ഏറ്റവും ഒടുവിൽ കാണാതായവർ അടക്കം കേരളത്തിലെ ഏതെങ്കിലുമൊരു മുസ്ലിം സംഘടനയുടെ പ്രവർത്തകരോ വക്താക്കളോ അല്ലെന്നതാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. എന്നാൽ ഇവരെല്ലാം തന്നെ സലഫി ആശയങ്ങൾ പിൻപറ്റുന്നവരോ വഹാബിസവുമായി ഏറെ അടുപ്പമുണ്ടായിരുന്നവരോ ആണെന്ന് ബന്ധുക്കൾ തന്നെ പറയുന്നു.

പടന്ന സ്വദേശി ഹഫീസുദ്ദീനെ സ്വാധീനിച്ചതും തീവ്ര സലഫിസം

ചെറു പ്രായത്തിൽ യു.എ.ഇയിലേക്ക് പോയ ഹഫീസുദ്ദീൻ നാട്ടിലേക്കു തിരിച്ചെത്തിയപ്പോഴും മതകാര്യങ്ങളിൽ വലിയ തൽപ്പരനായിരുന്നില്ല. സാധാരണയിൽ കവിഞ്ഞ മതബോധമോ താൽപര്യമോ കാണിക്കാതിരുന്ന ഹഫീസ് പെട്ടെന്നായിരുന്നു നീട്ടി വളർത്തിയ താടിയും സലഫി ചിന്താഗതികളും വച്ചു പുലർത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. വികൃതി കൂട്ടുകെട്ടിൽ നിന്നെല്ലാം വിട്ടു നിൽക്കുമല്ലോ എന്നു കരുതി ഹഫീസിന്റെ മാറ്റത്തിൽ വീട്ടുകാരും സന്തോഷിച്ചു. എന്നാൽ പെട്ടെന്നായിരുന്നു കാര്യങ്ങളെല്ലാം കൈവിട്ടു പോയത് വീട്ടുകാർ തിരിച്ചറിയുന്നത്. മതം പഠിക്കാൻ ഈജിപ്തിൽ പോകണമെന്ന ആവശ്യം ഹാഫിസ് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതിനെ വീട്ടുകാർ എതിർക്കുകയും യു.എ.ഇയിലേക്കു തന്നെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ അത് അനിസ്ലാമിക രാഷ്ട്രമാണെന്നും തനിക്ക് മതം പഠിക്കാൻ ഈജിപ്തിൽ പോകണമെന്ന ആവശ്യം വീട്ടുകാർക്കു മുന്നിൽ നിരന്തരമായി ഹാഫിസ് പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ സഊദി അറേബ്യയിലേക്ക് പോകാമെന്ന ധാരണയിൽ വീട്ടുകാർ വാങ്ങി വച്ചിരുന്ന പാസ്‌പോർട്ട് കൈവശപ്പെടുത്തി. ചെറു പ്രായത്തിലെ ഫോട്ടോ ആയതുകൊണ്ട് പാസ്‌പോർട്ടിലെ ഫോട്ടോ മാറ്റണമെന്നു പറഞ്ഞായിരുന്നു ഹാഫിസ് പാസ്‌പോർട്ട് വീട്ടുകാരിൽ നിന്നും തരപ്പെടുത്തി കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. എന്നാൽ കോഴിക്കോട് നിന്നും രണ്ട് ദിവസത്തെ ക്ലാസ് അറ്റന്റ് ചെയ്ത ശേഷം ശ്രീലങ്കയിൽ നിന്നും വിളിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നീട് സ്വർഗരാജ്യത്ത് എത്തിയെന്ന സന്ദേശമായിരുന്നു വീട്ടുകാർക്കു ലഭിച്ചത്.

നാടുകടന്നവർക്ക് ക്ലാസ് ലഭിച്ചത് കോഴിക്കോട്ടെ പീസ് സ്‌കൂളിൽ വച്ച്

നാട്ടിലുള്ളപ്പോൾ തീവ്ര സലഫി ആശയം വച്ചു പുലർത്തിയിരുന്ന പടന്നയിലെ 23കാരൻ ഹഫീസുദ്ദീൻ അടക്കം നാടുവിട്ട സംഘത്തിൽപ്പെട്ടവർക്കെല്ലാം കൃത്യമായ ക്ലാസുകൾ ലഭിച്ചിരുന്നതായാണ് അറിയുന്നത്. കാണാതായവരുടെ ബന്ധുക്കൾ പറയുന്നതും കോഴിക്കോട്ടെ പീസ് സ്‌കൂളിൽ നിന്നും ഖുർആൻ ക്ലാസ് ലഭിച്ചിരുന്നുവെന്നാണ്. സംഘത്തിൽ തന്നെയുള്ള റാഷിദിന്റെ നേതൃത്വത്തിലായിരുന്നു ഏതാനും പേർക്ക് മാത്രം ഇവിടെ വച്ച് ഖുർആൻ ക്ലാസ് ലഭിച്ചിരുന്നത്. നാടുകടക്കുന്നതിനു മുന്നോടിയായി പല തവണ ഈ സ്ഥാപനത്തിൽ രഹസ്യ യോഗങ്ങൾ ചേർന്നതായും വിവരമുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ അറിയപ്പെടുന്ന നേതാവായ എംഎം അക്‌ബർ നേതൃത്വം കൊടുക്കുന്ന സ്ഥാപനം കൂടിയാണ് കോഴിക്കോട് പീസ് ഇന്റർനാഷണൽ സ്‌കൂൾ.

ഇവിടത്തെ അഡ്‌മിനിസ്‌ട്രേറ്റീവ് തസ്തിക വഹിക്കുകയും സ്ഥാപനത്തിന്റെ കൗൺസിലർ കൂടിയായിരുന്നു രാജ്യം വിട്ട തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദ്. എന്നാൽ കേരളത്തിലെ സലഫി ആശയം പിൻപറ്റുന്ന നിരവധി വേരുകൾ ഇയാൾക്ക് ഉള്ളതായി അന്വേഷണ ഏജൻസ്‌കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. പീസ് സ്‌കൂളിൽ നിലനിന്നിരുന്ന കാലത്ത് റാഷിദ് നടത്തിയ പ്രവർത്തനങ്ങളെ സംബന്ധിച്ചും വിശദമായി പരിശോധിച്ചു വരികയാണ് അന്വേഷണ ഏജൻസികൾ.

സലഫിസം തീവ്രവാദത്തിലേക്കുള്ള ചവിട്ടു പടിയോ?

സലഫീ ആശയധാരകൾ വച്ചു പുലർത്തുന്ന നിരവധി ആളുകൾ കേരളത്തിലുണ്ട്. എന്നാൽ ഇവരെല്ലാം തീവ്ര ചിന്താഗതിക്കാരോ ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരോ അല്ല. ഇത്തരത്തിൽ സലഫി ആശയങ്ങളുടെ അടിസ്ഥാന പിൻബലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം. ഐഎസ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾക്കെതിരെ ശക്തമായ നിലപാടുകളെടുത്തവരാണ് കേരളത്തിലെ മുജാഹിദ് സംഘടനാ നേതാക്കൾ. ഡോ.ഹുസൈൻ മടവൂർ അടക്കമുള്ള നേതാക്കളുടെ ഇടപെടലുകൾ ഈ വിഷയത്തിൽ ശ്രദ്ധേയമായിരുന്നു.

എന്നാൽ തീവ്ര സലഫീ ആശയങ്ങളിലേക്ക് പരിണിച്ചു കൊണ്ടുള്ള ആശയ സംഘട്ടനങ്ങൾ മുജാഹിദ് പ്രസ്ഥാനത്തിനുള്ളൽ എന്നും കലഹങ്ങൾക്ക് വഴിവച്ചു എന്നതാണ് വസ്തുത. തീവ്ര സലഫിസം മുജാഹിദ് പ്രസ്ഥാനത്തിൽ നടപ്പിൽ വരാതെ വന്നതോടെ കൂടുതൽ പിളർപ്പിലേക്ക് എത്തുന്ന അവസ്ഥയും പിന്നീടുണ്ടായി. എന്നാൽ മുസ്ലിം സമൂഹത്തെ തീവ്ര ചിന്താഗതിയിലേക്ക് തള്ളിയിടുകയും നൂറ്റാണ്ടുകൾക്കു പിറകിലേക്കു വലിച്ചിഴക്കുകയും ചെയ്യുന്നതിൽ തീവ്ര സലഫി ആശയം വച്ചു പുലർത്തുന്നവർക്ക് വലിയ പങ്കാണുള്ളത്.

മുജാഹിദ് പ്രസ്ഥാനം കേരളത്തിൽ

1920കളിലായിരുന്നു കേരളത്തിൽ ഇന്നു കാണുന്ന സലഫി പ്രസ്ഥാനം അല്ലെങ്കിൽ മുജാഹിദ് പ്രസ്ഥാനം രൂപം കൊള്ളുന്നത്. കേരളത്തിലെ ഇസ്ലാമിക സമൂഹത്തിനിടയിലെ നവോത്ഥാന പ്രസ്ഥാനമായിട്ടായിരുന്നു മുജാഹിദ് സംഘം കടന്നു വന്നത്. പരമ്പരാഗതമായി സുന്നികൾ പുലർത്തി വന്നിരുന്ന ചില അനുഷ്ടാനങ്ങൾ അനാചാരവും അന്ത വിശ്വാസവുമാണെന്ന് മുസ്ലിം സമൂഹത്തിനിടയിൽ ഇവർ ഉദ്‌ബോധനം നടത്തി. സ്ത്രീകളുടെ പള്ളി പ്രവേശനം അടക്കമുള്ള പരിഷ്‌കാരങ്ങൾ മതത്തിൽ നടപ്പിൽ വരുത്തിയത് മുജാഹിദ് പ്രസ്ഥാനത്തിന്റെ പുരോഗമന പ്രവർത്തനങ്ങളായി നേതാക്കൾ ഇന്നും ചൂണ്ടിക്കാട്ടുന്നു. ഐക്യവും നവോത്ഥാനവും ലക്ഷ്യമിട്ട് മുസ്ലിംങ്ങൾക്കിടയിൽ രൂപം കൊണ്ട മുജാഹിദ് പ്രസ്ഥാനം നൂറ്റാണ്ടോടടുക്കുമ്പോൾ ഏറ്റവും അപരിഷ്‌കൃതരും ഗ്രൂപ്പുകളാൽ തകർന്നടിഞ്ഞതും കാലത്തിന്റെ വൈരുദ്ധ്യം.

കേരളത്തിലെ മുജാഹിദുകൾക്കിടയിൽ സംഘടനാ പോരിനേക്കാൾ നിറഞ്ഞു നിന്നത് ആശയ, പ്രത്യയശാസ്ത്ര സംഘട്ടനങ്ങളായിരുന്നു. ഇതിന്റെ തീവ്രതയുടെ തോതനുസരിച്ച് സംഘടന പിളർന്നു കൊണ്ടേയിരുന്നു. ഇപ്പോൾ അതി തീവ്രമായ സലഫീ ചിന്തയുള്ള മുജാഹിദ് നേതാക്കൾ സംഘടനയേ വേണ്ടന്ന നിലപാടിലാണുള്ളത്. യഥാർത്ഥത്തിൽ മുജാഹിദ് പ്രസ്ഥാനം രണ്ട് ചിന്താധാരയിൽ നിന്നായിരുന്നു കേരളത്തെലെത്തിയത്. ഒന്ന് പ്രശസ്ത ഗ്രത്ഥകാരനും പണ്ഡിതനുമായ ഇബ്‌നു തൈമിയ്യയുടെ തീവ്ര സലഫിസവും മറ്റൊന്ന് ഈജിപ്ഷ്യൻ പണ്ഡിതനായ മുഹമ്മദ് അബ്ദുവിന്റെ മോഡേൺ ചിന്തയിലൂന്നിയ സലഫിസവുമായിരുന്നു.

ഇബ്‌നു തൈമിയ്യയുടെ സഊദി സലഫിസം അതി തീവ്രമായ ചിന്തകളായിരുന്നെങ്കിൽ മുഹമ്മദ് അബ്ദുവിന്റെ സലഫി ധാര യുക്തിപരമായ വാദങ്ങൾക്കായിരുന്നു മുൻഗണന നൽകിയിരുന്നത്. എന്നാൽ രണ്ട് ആശയങ്ങളും കൂടി കലർന്ന രീതിയിലായിരുന്നു കേരളത്തിൽ ആദ്യം ഐക്യ സംഘമെന്ന പേരിൽ രൂപം കൊണ്ട സലഫി പ്രസ്ഥാനം പിന്നീട് കേരള നദ്‌വത്തുൽ മുജാഹിദീൻ ആയി പ്രവർത്തനം നടത്തിയത്. ഇന്ന് കാണുന്ന ഐഎസ് അടക്കമുള്ള തീവ്രവാദ സംഘങ്ങളെല്ലാം പിന്തുടരുന്നതും ഇബ്‌നുതൈമിയ്യയുടെ ആശയാദർശങ്ങളാണ്. കേരളീയമായ ചേരുവകളും ഉൾകൊണ്ടുള്ള പ്രവർത്തനങ്ങളായിരുന്നു കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം സ്വീകരിച്ചു പോന്നത്. എന്നാൽ സുന്നികൾ പുലർത്തി പോന്നിരുന്ന സൂഫി ധാരയെ എതിർക്കുന്നതിൽ ഏക അഭിപ്രായമായിരുന്നു മുജാഹിദുകൾ സ്വീകരിച്ചത്. സൂഫിസം പിൻതുടരുന്ന പരമ്പരാഗത സുന്നികൾ ഭൂരിപക്ഷമുള്ള കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിനും സലഫി ചിന്തകൾക്കും ശക്തമായ വേരോട്ടം ഉണ്ടാക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല.

തീവ്ര സലഫിസം നിലകൊള്ളാൻ പിളർപ്പുകൾ പല കുറിയുണ്ടായി

2000നു ശേഷമായിരുന്നു ആദ്യ പിളർപ്പ് മുജാഹിദ് പ്രസ്ഥാനത്തിൽ ഉടലെടുക്കുന്നത്. പഠനാവശ്യാർത്ഥവും ജോലിയാവശ്യത്തിനുമായി സൗദിയിലേക്ക് ചേക്കേറൽ ശക്തമായതോടെ കേരള മുജാഹിദുകളെ സഊദി സലഫിസം വിഴുങ്ങുകയായിരുന്നു. 2004 ഓടെ എ.പി അബ്ദുൽ ഖാദർ മൗലവി, പിടി അബ്ദുള്ളക്കോയ മദനി എന്നിവരുടെ നേതൃത്വത്തിൽ സഊദി സലഫിസം പിൻപറ്റികൊണ്ട് മൗലവി ഗ്രൂപ്പും മുഹമ്മദ് അബ്ദുവിന്റെ മോഡേൺ സലഫിസത്തിൽ ഊന്നികൊണ്ടുള്ള ഡോ.ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിൽ മടവൂർ ഗ്രൂപ്പും രൂപപ്പെടുകയായിരുന്നു.

സഊദി സലഫിസം മുന്നോട്ടു വെക്കുന്ന പല തീവ്ര ആശയങ്ങളും അതേപടി പിൻതുടരാതെയായിരുന്നു മൗലവി വിഭാഗം പ്രവർത്തിച്ചു പോന്നത്. എന്നാൽ സഊദി സലഫിസം പൂർണമായും പിമ്പറ്റണമെന്ന സഖരിയ സ്വലാഹിയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം പണ്ഡിതർ രംഗത്ത് വന്നതോടെ 2012ന് ശേഷം മൗലവി ഗ്രൂപ്പിൽ നിന്നും വീണ്ടും പിളർപ്പുണ്ടായി. എന്നാൽ സഖരിയ സ്വലാഹിയെ പുറത്താക്കുകയായിരുന്നു എന്നായിരുന്നു ഔദ്യോഗിക വിഭാഗത്തിന്റെ വിശദീകരണം. അത്രയും തീവ്ര നിലപാട് വേണ്ടതില്ലെന്നു പറഞ്ഞ് ഇതേ കാലയളവിൽ തന്നെ മറ്റൊരു വിഭാഗവും മൗലവി ഗ്രൂപ്പിൽ നിന്നും രൂപപ്പെടുകയുണ്ടായി.

എന്നാൽ വീണ്ടും മാസങ്ങളോളം ഇതേ സ്ഥിതിയിൽ പോയെങ്കിലും സഊദി സലഫിസം അതേപടി തന്നെ വേണമെന്നും അതുകൊണ്ട് സംഘടനകളും മറ്റു സംവിധാനങ്ങളും വേണ്ടെന്നുമുള്ള അതി തീവ്രമായ നിലപാടിലേക്ക് സഖരിയ സലാഹിയും അനുയായികളും എത്തുകയും ഇത് പുതിയ പിളർപ്പിൽ പരിണമിക്കുകയും ചെയ്തു. സുന്നികൾ കാഫിറുകളാണെന്നായിരുന്നു ഇവർ വിശ്വസിക്കുന്നത്. ഇത് നേരത്തെയുള്ള നിലപാടുകളാണെങ്കിലും മുജാഹിദുകാരനായ പിതാവ് മരിച്ചാൽ സുന്നിയായ മകന് സമ്പത്ത് ലഭിക്കില്ലെന്നും സുന്നികൾ ഇസ്ലാമിൽ നിന്നും പുറത്തു പോയവരായതിനാൽ വിവാഹ ബന്ധം പാടില്ലെന്നുമുള്ള കണിശ നിലപാടുകളും കേരളത്തിൽ സ്വീകരിച്ചു.

ഏഴാം നൂറ്റാണ്ടിലെ ആടിനെ മേക്കുന്ന സലഫികളും നിരവധി

സലഫികളെന്നു പറഞ്ഞാൽ പ്രവാചകൻ എങ്ങിനെയാണോ ജീവിച്ചത് അങ്ങിനെ തന്നെ ജീവിക്കണമെന്ന നിലപാടാകണമെന്ന ന്യായീകരണത്തിൽ നിന്നാണ് ആടിനെ മേക്കുന്നതിലേക്ക് ഈ വിഭാഗം എത്തപ്പെട്ടത്. മൂന്ന് മർഷം മുമ്പായിരുന്നു ഇത്തരത്തിലുള്ള ഒരു വിഭാഗം മുജാഹിദ് നേതാവ് സുബൈൽ മങ്കടയുടെ നേതൃത്വത്തിൽ രൂപം കൊണ്ടത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി സഖരിയ സലാഹിയുടെ നേതൃത്വത്തിൽ വലിയ വിഭാഗവും ഈ ആശയത്തിലേക്ക് എത്തിയിട്ടുണ്ടത്രെ. പ്രവാചകന്റെ മൂന്ന് തലമുറയിൽപ്പെട്ടവരെ പിൻപറ്റുന്നതാണ് സലഫികളെന്നായിരുന്നു ഇവർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പ്രവാചകനെ നേരിട്ട് അറിയലാണ് യഥാർത്ഥ സലഫിസമെന്നാണ് ഇക്കൂട്ടർ പറയുന്നത്.

ഏഴാം നൂറ്റാണ്ടിലേതു പോലെ ജീവിക്കുകയാണ് യഥാർത്ഥ ഇസ്ലമാമെന്ന് ഇവർ വിശ്വസിക്കുന്നു. നേരത്തെ നിലമ്പൂരിനടുത്ത് ഇത്തരത്തിൽ ആടിനെ മേക്കുന്നതിനായി പ്രത്യേക ഭൂമി തന്നെ കേരളത്തിലെ സലഫി നേതാക്കൾ വാങ്ങിയിരുന്നതായി വിവരങ്ങളുണ്ട്. ഇതേ ചിന്ത വച്ചുപുലർത്തുന്നവർ തന്നെയാണ് യമനിലെ ദമ്മാജിൽ പോയി ഹദീസ് പഠിച്ചാൽ മാത്രമെ യഥാർത്ഥ ഇസ്ലാമാകൂ എന്ന് വിശ്വസിക്കുന്നവരും. ഇവിടത്തെ ദാറുൽ ഹദീസ് എന്ന സ്ഥാപനത്തിലേക്ക് മലയാളികളായ നിരവധി പേർ പോയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഹൂത്തി അക്രമത്തിൽ ദമ്മാജ് തകർന്നതോടെ അന്ന് അവിടെയുണ്ടായിരുന്ന 12 പേർ കേരളത്തിലേക്കു തന്നെ മടങ്ങിയിരുന്നു.

എന്നാൽ ഈ സാഹചര്യത്തിലായിരുന്നു തീവ്ര സലഫികൾ ഹദീസ് പഠിക്കുന്നതിനായി പുതിയ സ്ഥാപനം ശ്രീലങ്കയിൽ കണ്ടെത്തുന്നത്. മതം പഠിക്കാനായി ഹാഫിസുദ്ധീനെ പോലുള്ളവർക്ക് യമനിൽ പോകാൻ പ്രചോദിതമായിരിക്കുന്നത് ഇത്തരം തീവ്ര ചിന്തകൾ തന്നെയാണ്. ഇത്തരത്തിൽ ഹദീസ് പഠനം എന്ന പേരിൽ യമനിലേക്കും ശ്രീലങ്കയിലേക്കും എത്രപേർ കടന്നുവെന്നതിന് കൃത്യമായ കണക്കുകളില്ല. ഇവരെല്ലാം തിരിച്ചെത്തിയോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമാണോ എന്നും അറിവില്ല.

പ്രവാചകന്റെ കാലത്ത് സംഘടനയില്ലാത്തതിനാൽ സംഘടന വേണ്ട എന്ന നിലപാടിലാണ് കേരള സലഫിസത്തിന്റെ അവസാന ഗ്രൂപ്പ് ഈ രൂപത്തിൽ നിലകൊള്ളുന്നത്. എന്നാൽ ഇത് ഏറെ അപകടം ചെയ്യുമെന്നാണ് ഈ മേഖലയിൽ പഠനം നടത്തിയവർ പറയുന്നത്. സംഘടനാപരമായി അധപതനത്തിലെത്തിയ മൗലവി മുജാഹിദ് വിഭാഗത്തിൽ നിന്നുള്ള വലിയൊരു വിഭാഗം ഇത്തരം തീവ്ര സലഫി ആശയങ്ങളിൽ ആകൃഷ്ടരായതായി റിപ്പോർട്ടുകളുണ്ട്. തുഴ നഷ്ടപ്പെട്ട തോണിയെന്ന പോലെ ഇത്തരം തീവ്രമായ ആശയങ്ങൾ വച്ചു പുലർത്തുന്ന യുവാക്കളും നിരവധിയാണ്.

ഇവരെ മുതലെടുക്കാനായി സമാന ആശയമുള്ള ഐഎസ് പോലുള്ള തീവ്രവാദസംഘടനകൾ വലവീശുന്നതാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്. കാണാതായ മലയാളികൾ ഐഎസിൽ ചേർന്നോ ഇല്ലയോ എന്നതിനേക്കാളും അപകടകരമാണ് പുതിയ കാലത്ത് സലഫി പ്രസ്ഥാനങ്ങളിൽ രൂപപ്പെട്ട ജീർണതകൾ. ഇത്തരം തീവ്ര നിലപാടുകളുടെ അടിവേരുകളിലേക്ക് അന്വേഷണ ഏജൻസികളുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.