ന്യൂഡൽഹി: താലിബാൻ അധികാരം പിടിച്ചടക്കിയതോടെ അഫ്ഗാൻ ജയിലിൽ നിന്നു മോചിപ്പിക്കപ്പെട്ട മലയാളികൾ അടക്കമുള്ള 25 ഐ എസ് ഭീകരർ ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം. മലയാളികൾ ഉൾപ്പെടുന്ന സംഘം രാജ്യത്ത് നുഴഞ്ഞുകയറുമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടർന്ന് വിമാനത്താവളങ്ങളിലും തീരദേശങ്ങളിലും ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

താലിബാൻ ഇവരെ മോചിപ്പിച്ചുവെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സർക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇവർ തിരിച്ചെത്താൻ പദ്ധതിയിടുന്നതെന്നാണ് സൂചന. അതിർത്തിയിൽ അടക്കം പരിശോധന കർശനമാക്കി. നിലവിൽ ഇവരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിലപാട് സ്വീകരിച്ചിട്ടില്ല.

ഐഎസ് തീവ്രവാദികൾ മലയാളികളായ നിമിഷ ഫാത്തിമയും സോണിയയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവർ മറ്റേതെങ്കിലും രാജ്യം വഴി ഇന്ത്യയിലേക്ക് എത്താനോ അല്ലെങ്കിൽ കടൽമാർഗം രാജ്യത്ത് എത്താനോ ഉള്ള സാധ്യതയാണ് സുരക്ഷ ഏജൻസികൾ മുന്നോട്ടുവയ്ക്കുന്നത്.

ഐഎസിൽ ചേരാൻ രാജ്യംവിട്ട മകൾ ആയിഷയേയും (സോണിയ) ചെറുമകളേയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ തടവിൽ കഴിയുന്ന ആയിഷയെ തിരികെയെത്തിക്കണമെന്നാണ് പിതാവ് സെബാസ്റ്റ്യൻ സേവ്യർ ആവശ്യപ്പെട്ടിരുന്നത്. അങ്ങനെ വന്നാൽ തടവിൽ കഴിയുന്ന ആയിഷയെ വിദേശത്തു നിന്നും വന്ന് ഭീകര പ്രവർത്തനം നടത്തിയതിന് തൂക്കിലേറ്റുമെന്ന് പിതാവ് ഹർജിയിൽ പറഞ്ഞിരുന്നു.

ആയിഷയുടെ മകൾ സാറയ്ക്ക് ഏഴ് വയസാണ് ഇപ്പോൾ പ്രായം. ആയിഷ ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ പ്രതിയാണ്. അഫ്ഗാനും ഇന്ത്യയും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള കരാർ ഉള്ളതിനാൽ ആയിഷയെ തിരികെയെത്തിക്കണമെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. 2016 ലാണ് ഐഎസിൽ ചേരുന്നതിനായി ഭർത്താവ് അബ്ദുൾ റഷീദിനൊപ്പം ആയിഷ അഫ്ഗാനിസ്ഥാനിലേക്ക് പോയത്.

അതേസമയം കാബൂളിലെ ഇന്ത്യൻ എംബസി തുറക്കണമെന്നും ഒപ്പം രാജ്യത്ത് ഇന്ത്യ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തുടരണം എന്നീ നിർദേശങ്ങൾ ദോഹയിൽ നടന്ന ചർച്ചയിൽ താലിബാൻ മുന്നോട്ട് വെച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിലെ സിഖ് വംശജർക്ക് ഇന്ത്യയിൽ തീർത്ഥാടനത്തിന് എത്താനുള്ള അനുമതി നൽകണമെന്നും താലിബാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ ഉൾപ്പെടുന്നു.