തിരുവനന്തപുരം: ബസ് ഉടമകളുടെ സമരം തൽക്കാലം മാറ്റി വച്ചെങ്കിലും നിരക്ക് വർദ്ധന ആസന്നമാണെന്ന് മലയാളികൾക്ക് എല്ലാമറിയാം. നിരക്ക് ഇനിയും കൂട്ടിയാൽ എന്താവും അവസ്ഥ.ബസ് ചാർജ് കൂട്ടുകയല്ല ബസുകളുടെ എണ്ണം കുറയ്ക്കുകയാണെ വേണ്ടതെന്ന് ഗതാഗത വിദഗ്ദ്ധർ വിലയിരുത്തുമ്പോൾ ഇക്കാര്യം പ്രത്യേകമായി ആലോചിക്കേണ്ടി വരും. കാരണം ഇനിയും ചാർജ്ജ് കൂട്ടിയാൽ കൂടുതൽ യാത്രക്കാർ യാത്രാ ബസുകളെ കൈക്കൊഴിയുമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് വിലയിരുത്തുന്ന പശ്ചാത്തലത്തിലാണ് ഇത് പ്രസക്തമാകുന്നത്.

സ്വകാര്യ ബസ് വ്യവസായവും കെഎസ്ആർടിസിയും പ്രതിസന്ധി നേരിടുന്ന സാഹചര്യം കൂടി മനസിൽ കണ്ടുവേണം നമ്മൾ വിഷയത്തെ സമീപിക്കേണ്ടത്.ടൂവീലറുകൾ ഓടിക്കുമ്പോൾ ഉണ്ടാകുന്ന ചെലവിനേക്കാൾ ഇരട്ടിയിലധികം നിരക്കുകൾ ഓർഡിനറി ബസ് മിനിമം കൂലിയിൽ വന്നപ്പോൾ 90% സ്ഥിരം യാത്രക്കാരും ഓർഡിനറി ബസുകളെ ഓഴിവാക്കി. കേരളത്തിലെ ഭൂരിപക്ഷം യാത്രാ ബസുകളിലും 50% പോലും യാത്രക്കാർ ഇല്ല എന്നതാണ് പൊതു ഗതാഗത മേഖലയിലെ പ്രതിസന്ധി.ഇതരസംസ്ഥാന തൊഴിലാളികൾ പോലും ബസുകൾ ഉപേക്ഷിച്ച് ടൂവീലറുകളിലേക്ക് മാറുകയാണ്

ഓർഡിനറിക്ക് കിലോമീറ്ററിന് 6 പൈസ കൂട്ടുമ്പോൾ ഫാസ്റ്റിന് 4 പൈസയും സൂപ്പറിന് 3 പൈസയും മാത്രം കൂട്ടും, ഇതിനാണ് എൽഡിഎഫ് സർക്കാർ കച്ചമുറുക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.നിലവിലെ ഓർഡിനറി കിലോമീറ്റർ നിരക്ക് 64 പൈസയെങ്കിലും യാത്രക്കാരിൽ നിന്നും ഈടാക്കുന്നത് 95 പൈസയാണ്.10 കിലോമീറ്റർ ദൂരത്തിൽ യാത്ര ചെയ്യാൻ നിലവിലെ ഓർഡിനറി യാത്രാക്കൂലി 10 രൂപ. 20 കിലോമീറ്റർ യാത്ര ചെയ്യാനുള്ള ഓർഡിനറി യാത്രക്കൂലി 17 രൂപ. എന്നു വച്ചാൽ കിലോമീറ്റർ യാത്രക്കൂലി 100 പൈസയും 85 പൈസയും. എന്നാൽ സർക്കാർ ഉത്തരവിലെ കിലോമീറ്റർ യാത്രക്കൂലി 64 പൈസാ മാത്രം.

കേരളത്തിൽ 2. 5 കിലോമീറ്റർ ഓർഡിനറി ബസിൽ യാത്ര ചെയ്യാനുള്ള യാത്രക്കൂലി 7 രൂപാ. കിലോമീറ്റർ നിരക്കിൽ ഒരു കിലോമീറ്ററിന് 2.80 പൈസാ.നിലവിലെ പെട്രോൾ നിരക്കിൽ ഒരു ടൂവീലറിൽ ഒറ്റയ്ക്കു യാത്ര ചെയ്യാൻ ചെലവാക്കുന്നത് ഒരു രൂപാ മാത്രം. രണ്ടു യാത്രക്കാരുണ്ടെങ്കിൽ ടൂവീലർ കിലോമീറ്റർ യാത്ര ചെലവ് 50 പൈസ മാത്രം.

2010 ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് രൂപീകരിച്ചജസ്റ്റീസ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ബസ് നിരക്ക് പരിഷ്‌കരണ കമ്മിറ്റി സ്വകാര്യ ബസുമകളുടെ സ്വാധീനത്തിൽ കൊണ്ടുവന്ന മിനിമം ചാർജ് പ്ലസ് കിലോമീറ്റർ നിരക്കാണ് സർക്കാർ പറയുന്ന നിരക്കും യഥാർത്ഥ യാത്രക്കൂലിയും തമ്മിൽ ഇത്രയേറെ വ്യത്യാസമുണ്ടാക്കിയത്. യുഡിഎഫിന്റെ ജനവിരുദ്ധനയങ്ങളൊക്കെ തിരുത്തിയെന്് അവകാശപ്പെടുന്ന എൽഡിഎഫ് സർക്കാരാകട്ടെ സ്വകാര്യ ബസുകളുടെ കാര്യത്തിൽ മൗനം പാലിക്കുന്നു. സിപിഎം മാത്രമല്ല സിപിഐയും അങ്ങനെ തന്നെ.

നിലവിലെ ഓർഡിനറി മിനിമം കൂലിയായ 7 രൂപ 5 രൂപ ആക്കി കുറയ്ക്കണമെന്നും അങ്ങനെ റോഡുകളിലെ ടൂവീലർ വാഹനങ്ങളുടെ ബാഹുല്യം കുറയ്ക്കാമെന്നും സംസ്ഥാന ആസൂത്രണ ബോർഡ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. സംസ്ഥാന ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ, പൊതുമരാമത്ത് സെക്രട്ടറി ആസൂത്രണ ബോർഡ് അംഗം അടക്കം നിരവധി വിദഗ്ദ്ധർ അടങ്ങിയ സമിതിയാണ് കേരളത്തിലെ ഉയർന്ന മിനിമം നിരക്ക് കുറയ്ക്കണമെന്ന് നിർദ്ദേശിച്ചത്.

യാത്രാ ബസുകളുടെ എണ്ണക്കൂടുതലും കെഎസ്ആർടിസി സ്വകാര്യ ബസുകളും തമ്മിലുള്ള കടുത്ത മത്സരവും യാത്രക്കാരില്ലാതെ ബസോട്ടത്തിനു കാരണമാകുന്നു. മൂന്നു കോടി ജനങ്ങളുള്ള കേരളത്തിൽ 5752 കെഎസ്ആർടിസി ബസുകളും 29960 സ്വകാര്യ ബസുകളുമടക്കം 35712 യാത്രാ ബസുകളുണ്ട്. ഒരു ലക്ഷം ജനങ്ങൾക്ക് കേരളത്തിൽ 103 ബസുകളുണ്ടെങ്കിൽ കർണ്ണാടകത്തിൽ അത് 58 ഉം തമിഴ് നാട്ടിൽ ഇത് 37 ഉം മാത്രമാണ്.

ഒരു കിലോമീറ്റർ സർവ്വീസു നടത്താൻ 70 രൂപ ചെലവാക്കുന്ന കെഎസ്ആർടിസിയിൽ ആകെയുള്ള 5176 സർവ്വീസുകളിൽ 483 സർവ്വീസുകൾ മാത്രമാണ് 40 രൂപയ്ക്കു മുകളിൽ വരുമാനമുള്ളത്. ബാക്കി 4693 സർവ്വീസുകളും ഡീസലും ശമ്പളവും അടങ്ങുന്ന ഓട്ടക്കൂലി പോലും കിട്ടാത്തവയാണ്. ഇതിൽ 90% സർവ്വീസുകളും സ്വകാര്യ ബസുകളുമായി മത്സരിച്ചോടുന്നവയും.

സ്വകാര്യ റൂട്ടുകളിലെ കെഎസ്ആർടിസി ബസുകളുടെ കടന്നു കയറ്റവും മത്സര ഓട്ടവും വിദ്യാർത്ഥി യാത്രാനിരക്ക് കൂട്ടാൻ അനുവദിക്കാത്തതും സ്വകാര്യ ബസുകളെ കടുത്ത നഷ്ടത്തിലേക്കു കൊണ്ടു ചെന്നെത്തിച്ചു.വിദ്യാർത്ഥികളുടെ യാത്രാക്കൂലി കാലോചിതമായി നിലവിലെ നിരക്കിന്റെ 50% ആക്കുകയും സാധാരണ യാത്രക്കാരുടെ ഓർഡിനറി മിനിമം കൂലി 7 രൂപയിൽ നിന്നും 5 രൂപ ആക്കി കുറയ്ക്കുകയും ചെയ്തില്ലെങ്കിൽ കേരളത്തിലെ സ്വകാര്യ ഓർഡിനറി ബസുകൾക്ക് ഇനി അധികം കാലം പിടിച്ചു നിൽക്കാനാവില്ല.

5000 ലധികം സ്വകാര്യ ബസുടമകൾ അംഗങ്ങളാകുന്ന സംഘടന അവരുടെ ബസുകൾ സർക്കാരിനു വിട്ടു നൽകുമെന്നും ഓടിക്കിട്ടുന്ന ലാഭത്തിന്റെ ഒരു വീതം അവർക്ക് നൽകിയാൽ മതിയെന്നും ഫെയർ റിവിഷൻ കമ്മറ്റിക്കു മുൻപിൽ തന്നെ രേഖാ മൂലം നിവേദനം നൽകുന്നതിലെത്തി പൊതുഗതാഗത മേഖലയിലെ പരിതാപകരമായ അവസ്ഥ.

ഫെയർ റിവിഷൻ കമ്മറ്റി വെറും ഒരു ഉപദേശക സമിതിയാണെങ്കിലും സിപിഐഎമ്മിലെ കണ്ണൂർ ലോബി നിർദ്ദേശിച്ച നിരക്കുകൾ അപ്പാടെ അംഗീകരിക്കണമെന്ന വാശിയിലാണ്. സ്വകാര്യ -ദീർഘദൂര ബസുടമകൾക്ക് ഏറെ സ്വാധീനമുള്ള സിപിഎം ജില്ലാ കമ്മറ്റിയാണ് കണ്ണൂരിലേത്. അതുകൊണ്ടു തന്നെ നിരക്കുകൾ കുത്തനെ കൂടുന്നതും ഓർഡിനറി ബസുകളിലാണ്.

നിലവിലെ ഓർഡിനറി നിരക്കായ 64 പൈസാ 70 പൈസയാക്കാനും മിനിമം ചാർജ് 7 രൂപയിൽ നിന്നും 8 രൂപാ ആക്കാനുമാണ് സർക്കാർ നീക്കം. ആ നീക്കം അംഗീകരിച്ചാൽ 20 കിലോമീറ്റർ ദൂരത്തിലെ ഓർഡിനറി യാത്രക്കൂലി 20 രൂപയാകും. കിലോമീറ്റർ നിരക്ക് 100 പൈസാ. 10 കിലോമീറ്റർ ദൂരത്തിനുള്ള ഓർഡിനറി കിലോമീറ്റർ നിരക്ക് 120 പെസയും. സാധാരണ ജനങ്ങളുടെ ഭരണമാണ് എൽഡിഎഫ് തരുന്നതെന്നു പറയുന്നുണ്ടെങ്കിലും ബസുടമകളുടെ കാര്യത്തിൽ എൽഡിഎഫ് മുതലാളിമാർക്കൊപ്പമാണ്.

ഫാസ്റ്റിന്റെ നിരക്ക് 68 പൈസായിൽ നിന്നും 72 പൈസയായും (4 പൈസ വർദ്ധനവ്) സൂപ്പർ ഫാസ്റ്റിന്റേത് 72 പൈസയിൽ നിന്നും 75 പൈസയും (3 പൈസ വർദ്ധനവ്) സൂപ്പർ എക്സ്പ്രസിന്റേത് 7 പൈസായിൽ നിന്നും 80 പൈസയും ആക്കാനാണ് സ്വകാര്യ ബസുടമയുടെ സർക്കാർ തീരുമാനം.ഫാസ്റ്റിനു മിനിമം 10 രൂപയിൽനിന്നും 12 രൂപയും (5 കിലോമീറ്റർ ദുരം) സൂപ്പറിന്റേത് 13 ൽ നിന്നും 15 രൂപയിലേക്കും (10 കിലോമീറ്റർ ദൂരം ഓർഡിനറിക്കും.ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നിർദ്ദേശിച്ച നിരക്കുകളായ മിനിമം ചാർജ് പ്ലസ് കിലോമീറ്റർ നിരക്ക് അംഗീകരിച്ച യുഡിഎഫിന് എൽഡിഎഫ് സർക്കാരിന്റെ നീക്കത്തെ തടയാൻ ധാർമികമായി അവകാശവുമില്ല