തിരുവനന്തപുരം: തുമ്പ പൊലീസ് സ്റ്റേഷനിൽ ഇതാദ്യമല്ല, കസ്റ്റഡിയിലെടുത്ത പ്രതികൾ ആത്മഹത്യ ചെയ്യുന്നത്. 2014 ജനുവരിയിൽ ക്രിമിനൽ കേസിൽ ചോദ്യം ചെയ്യാൻ തുമ്പ പൊലീസ് വിളിച്ചു വരുത്തിയ രാധാകൃഷ്ണനെ പിന്നീട് കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. അതിനു ശേഷം പണമിടപാടു കേസിൽ ചിലരുടെ സമ്മർദ്ദത്തിനു വഴങ്ങി സ്റ്റേഷനിൽ വിളിച്ചു വരുത്തി പൊലീസ് ഭീഷണിപ്പെടുത്തിയ നിതീഷിനെയും ശ്രീജിത്തിനെയും പിന്നീട് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങൾ നടന്നിട്ട് ഒരു വർഷമായ സാഹചര്യത്തിലാണ് തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്ത കഴക്കൂട്ടം കുളത്തൂർ പുതുവയൽ മണക്കാട് വീട്ടിൽ ഷാജിയുടെ കസ്റ്റഡി മരണം.

തുമ്പ പൊലീസ് സ്റ്റേഷനെതിരെ ജനരോഷം ആളിയതോടെ അന്നു ഡ്യൂട്ടിയിലുണ്ടായ ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് മകൻ വിഷ്ണു ഷാജി പറയുന്നതിങ്ങനെ- ' ഫെബ്രുവരി 22ന് തുമ്പ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജിതാണ് ഷാജിയുടെ വീട്ടിലെത്തി കേസന്വേഷണത്തിന്റെ ഭാഗമായി ഷാജിയോട് സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ടത്. വൈകിട്ട് 5.30ന് സ്റ്റേഷനിൽ ഷാജി സ്റ്റേഷനിൽ എത്തി. രാത്രിയായിട്ടും അച്ഛനെ കാണാതെ വന്നതോടെ സ്‌റ്റേഷനിൽ എത്തി കാര്യം തിരക്കിയപ്പോൾ, ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നും നാളെ രാവിലെ വിടുമെന്നുമാണ് തുമ്പ പൊലീസ് മകനോട് പറഞ്ഞത്. പിറ്റേന്ന് രാവിലെയും സ്റ്റേഷനിൽ എത്തിയ വിഷ്ണുവിനോട് സബ് ഇൻസ്‌പെക്ടർ വിനീഷ് കുമാർ സ്ഥലത്ത് ഇല്ലാത്തതിനാൽ ഇപ്പോൾ വിടാൻ കഴിയില്ലെന്നും വൈകിട്ട് വരാനും പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. ആ സമയത്ത് ഷാജിയുടെ കൂടെ ഷാജിയുടെ സുഹൃത്തായ നൗഷാദും ഒപ്പമുണ്ടായിരുന്നു.

ഷാജിയുടെയും നൗഷാദിന്റെയും സുഹൃത്തായ രാജമണിയുടെ മാല ഇരുവരും ചേർന്ന് മോഷ്ടിച്ചതായി ആരോപിച്ച് പൗണ്ട് കടവ് സ്വദേശി രാജമണി കൊടുത്ത പരാതിയിന്മേലാണ് ഇരുവരെയും ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചത്. എന്നാൽ ഫെബ്രുവരി ഏഴാം തീയതി കാണാതായ മാലയെക്കുറിച്ച് രാജമണി പൊലീസിൽ പരാതി നൽകിയത് ഫെബ്രുവരി 18നാണ്. നൗഷാദിനെയും ഷാജിയേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത് ഫെബ്രുവരി 22ന്. പിറ്റേന്നു സ്റ്റേഷനിലെത്തിയ വിഷ്ണുവിനോട് പൊലീസ് ജനലിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും ചെയ്തുവെന്ന് വിഷ്ണു പറയുന്നു. ഫെബ്രുവരി 24ന് രാവിലെ വീണ്ടും അച്ഛനെ തിരക്കി പൊലീസ് സ്റ്റേഷനിലെത്തിയ വിഷ്ണുവിനോട് അഡീഷണൽ എസ്.ഐ. ചന്ദ്രദാസ് തട്ടിക്കയറുകയും ചീത്തവിളിക്കുകയും ചെയ്തു. ഷാജി എ.ഐ.ടി.യു.സി യൂണിയൻ പ്രവർത്തകനായതിനാൽ വിഷ്ണു സംഭവം യൂണിയൻ നേതാക്കളെ അറിയിച്ചു. തുടർന്ന് സ്റ്റേഷനിലെത്തിയ യൂണിയൻ നേതാക്കൾ ഷാജിയെക്കുറിച്ച് തിരക്കിയപ്പോഴാണ് ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കൽ കോളേജിൽ കൊണ്ടുപോയെന്ന് പൊലീസ് വെളിപ്പെടുത്തിയത്.

മെഡിക്കൽ കോളേജ് രണ്ടാം വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ഷാജിയുടെ നില അർധരാത്രിയിൽ വഷളായതോടെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. പുലർച്ചെ രണ്ടു മണിയോടെ മരിച്ചു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോൾ ഷാജിക്ക് ബോധമില്ലായിരുന്നു. പിന്നീട് ബോധം വന്നപ്പോൾ സഹോദരൻ അശോകനോട് പൊലീസിന്റെ ക്രൂരമർദ്ദനത്തെക്കുറിച്ച് പറഞ്ഞു. കരൾരോഗബാധിതനായ ഷാജിയുടെ നെഞ്ചിലും, തുടയിലും, വയറിലും രക്തം കട്ട പിടിച്ച പാടുകൾ ഉണ്ടായിരുന്നു. ഒരാൾക്ക് നിവർന്നുനിൽക്കാൻ മാത്രം കഴിയുന്ന കുളിമുറിയിൽ ഷാജി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന പൊലീസിന്റെ വാക്കുകളിൽ ദുരൂഹതയുണ്ടെന്നും അശോകൻ പറയുന്നു.

ഷാജിയുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- ' രാവിലെ എട്ടുമണിക്ക് ടോയ്‌ലറ്റിൽ പോയ ഷാജി തിരിച്ചുവരാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചപ്പോഴാണ് ഇയാൾ ഉടുത്തിരുന്ന കൈലിയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെന്നും ഇവർ പറയുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കേണ്ട ഉദ്യോഗസ്ഥർ ഷാജിയെ 39 മണിക്കൂർ സ്‌റ്റേഷനിൽ പീഡിപ്പിച്ചതെന്തിനെന്നും ബന്ധുക്കൾ ചോദിക്കുന്നു. കൂടാതെ ഷാജിയുടെ മരണം സ്ഥിരീകരിച്ച ഉടനെ സുഹൃത്തായ നൗഷാദിനെ വെറുതെ വിടുകയും ചെയ്തു. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് ഷാജിയുടെ ബന്ധുക്കൾ പറയുന്നത്.

മരണത്തിൽ ദുരൂഹതയുണ്ടെന്നും ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്താതിരുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിഷ്ണു ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ജവഹർ ജനാർഥിന്റെ ഓഫീസിൽ എത്തിയെങ്കിലും പരാതി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. പരാതി സ്വീകരിച്ചാലും പരാതി സ്വീകരിച്ചതിന്റെ തെളിവ് നൽകില്ലെന്ന ശാഠ്യത്തിലാണ് ഉദ്യോഗസ്ഥർ. ഷാജിയെ 39 മണിക്കൂർ കസ്റ്റഡിയിൽ വച്ചത് മനുഷ്യാവകാശലംഘനമാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയെങ്കിലും ഷാജിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന മകന്റെ പരാതി സ്വീകരിക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. രോഗിയായ അച്ഛന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഷാജിയുടെ കുടുംബം.