- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാന്തര എക്സചേഞ്ചിന് പിന്നിൽ പാക് ചാര സംഘടന; തീവ്രവാദത്തിനൊപ്പം ചാര പ്രവർത്തനത്തിനും സംവിധാനം ഉപയോഗിച്ചു; സൈനിക രഹസ്യങ്ങൾ ചോർത്താനും ശ്രമം; ഐഎസുമായും മലയാളിക്ക് ബന്ധം; ഉപകരണങ്ങൾ എത്തിയത് പാക്കിസ്ഥാനിൽ നിന്ന്; ഇബ്രാഹിമിന് പിന്നിൽ ഐ എസ് ഐ
തൃശ്ശൂർ: കേരളത്തിലും പാക് ചാരസംഘടനയായ ഐ.എസ്ഐ. സജീവം. തീവ്രവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ഇത്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഐ എസ് ഐയുടെ ചാരനാണെന്നാണ് ലഭിക്കുന്ന സൂചനകൾ. എക്സ്ചേഞ്ച് നടത്താൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്ഐ. നൽകിയതെന്ന് സംശയത്തിൽ എത്തുകയാണ് അന്വേഷണ ഏജൻസികൾ.
ബെംഗളൂരുവിൽ ഇയാൾ നടത്തിയിരുന്ന സമാന്തര എക്സ്ചേഞ്ചിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഐ.എസ്ഐ.യാണ് ഇതിന് പിന്നിലെന്നാണ് ഐ.ബി.യുടെ റിപ്പോർട്ട്. രാജ്യത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് എട്ടെണ്ണമല്ലെന്നും നോയിഡയിലും കശ്മീരിലും മാത്രം പത്തിലേറെ ഉണ്ടെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തുന്നു. കോഴിക്കോടും തൃശൂരും സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായിരുന്ന ഇബ്രാഹിം 2007-ൽ കോട്ടക്കൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയുമാണ്. കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് കേസ് അന്വേഷിക്കുന്ന ജില്ലാ സി ബ്രാഞ്ച് സംഘം വീണ്ടും ബെംഗളൂരുവിലേക്കു പോകും. ജൂൺ 9നാണ് ബെംഗളൂരുവിലെ 9 സമാന്തര എക്സ്ചേഞ്ചുകൾ പിടികൂടിയത്. പിന്നാലെ ഇബ്രാഹിം ഉൾപ്പെടെ 3 മലയാളികൾ പിടിയിലായി.
ജൂലൈ ഒന്നിന് കോഴിക്കോട്ടെ 7 എക്സ്ചേഞ്ചുകൾ പിടികൂടി. ഇതിലും ഇബ്രാഹിമിന്റെ പങ്ക് തെളിഞ്ഞതോടെ കോഴിക്കോട് കേസ് അന്വേഷിക്കുന്ന ജില്ലാ സി ബ്രാഞ്ച് ബെംഗളൂരു ജയിലിലെത്തിയാണ് ഇബ്രാഹിമിനെ കസ്റ്റഡിയിൽ വാങ്ങിയത്. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്. ബെംഗളൂരുവിലെ സൈനിക കേന്ദ്രത്തിലേക്കും മിലിറ്ററി മൂവ്മെന്റ് കൺട്രോൾ ഓഫീസിലേക്കും പ്രിൻസിപ്പൽ ഡിഫൻസ് കംപ്ട്രോളർ ഓഫീസിലേക്കും വിളിച്ചിട്ടുണ്ടെന്ന് ഇബ്രാഹിം മൊഴിനൽകിയിട്ടുണ്ട്.
ഇബ്രാഹിം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴക്കോട്ടും തൃശ്ശൂരിലും പ്രവർത്തിച്ചിരുന്ന സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ഉത്തർപ്രദേശിൽ കണ്ടെത്തിയ എക്സ്ചേഞ്ചിലെ അതേ ഉപകരണങ്ങളാണ് ഇവിടങ്ങളിൽനിന്ന് പിടിച്ചെടുത്തത്. ഇബ്രാഹിമിന് ഐ.എസ്. സംഘടനയുമായി ബന്ധമുണ്ട്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളുടെ പണമിടപാടുകൾ നടക്കുന്നതു ദുബായ് കേന്ദ്രീകരിച്ചാണെന്നും വ്യക്തമായിട്ടുണ്ട്. സ്വർണക്കടത്തിന്റെയും കുഴൽപണ ഇടപാടുകളുടെയും ആസൂത്രണത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കുമായാണു സമാന്തര എക്സ്ചേഞ്ചുകൾ വഴിയുള്ള ഫോൺവിളികൾ ഉപയോഗിക്കുന്നത്.
സൈനിക രഹസ്യങ്ങൾ ചോർത്തലായിരുന്നു പ്രധാനം. പ്രതിരോധ മന്ത്രാലയത്തിൽനിന്നാണെന്ന് സൂചിപ്പിച്ചാണ് സൈനിക കേന്ദ്രങ്ങളിലെ ഉന്നത ഓഫീസർമാരെ വിളിച്ചിരുന്നത്. പേരും റാങ്കും സൂചിപ്പിക്കും. ആശയവിനിമയം ഹിന്ദിയിലും ഇംഗ്ലീഷിലുമാണ്. ഓഫീസർമാരെ നേരിട്ട് ബന്ധപ്പെടാനുള്ള എക്സ്റ്റൻഷൻ നമ്പറുകളിലും വിളിച്ചിട്ടുണ്ട്. ഇന്ത്യയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉപയോഗപ്പെടുത്തി സൈനിക കേന്ദ്രങ്ങളിലേക്ക് വിളിയെത്തുന്നുവെന്ന വിവരം ആദ്യം കണ്ടത്തിയത് കശ്മീരിലെ മിലിറ്ററി ഇന്റലിജൻസ് യൂണിറ്റാണ്.
കിഴക്കൻ ഇന്ത്യയിലെ ഒരു പട്ടാള ക്യാമ്പിലേക്ക് വന്ന അജ്ഞാത ഫോൺവിളി ബെംഗളൂരുവിൽ നിന്നാണെന്ന് കണ്ടെത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിലിറ്ററി ഇന്റലിജൻസ് ദക്ഷിണേന്ത്യൻ യൂണിറ്റാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. ഇടപാടുകാർ വിദേശത്താണ്. വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാർ നാട്ടിലേക്കു വിളിക്കാനും സമാന്തര എക്സ്ചേഞ്ച് സംഘം നൽകുന്ന കോളിങ് കാർഡ് ഉപയോഗിക്കുന്നുണ്ട്. .
ഇബ്രാഹിമിന്റെ സംഘത്തിന് ദുബായിൽ ഓഫിസും ഒരു സോഫ്റ്റ്വെയർ എൻജിനീയർ ഉൾപ്പെടെ 7 ജീവനക്കാരുമുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസം ഇബ്രാഹിമിന്റെ മലപ്പുറം ജില്ലയിലെ കാടാമ്പുഴയിലെ രഹസ്യകേന്ദ്രം കണ്ടെത്തിയിരുന്നു. ഇവിടെയും പത്തോളം ജീവനക്കാരുണ്ടായിരുന്നു. കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ പ്രവർത്തിച്ചിരുന്ന സമാന്തര എക്സ്ചേഞ്ചുകൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തത് ഇബ്രാഹിമാണ്.
അടുത്തിടെ കേരളത്തിൽ നടന്ന പല കുറ്റകൃത്യങ്ങളുടെയും ആസൂത്രണം സമാന്തര എക്സ്ചേഞ്ച് ഉപയോഗിച്ചുള്ള ഫോൺ വിളികളിലൂടെയാണ്. ഇത്തരം വിളികൾക്ക് ഫോൺവിളി രേഖകൾ (സിഡിആർ) ഉണ്ടാവില്ല. സിഡിആറും മൊബൈൽ ടവർ ലൊക്കേഷനും ഇല്ലാത്തതിനാൽ പ്രതികളെ പിടിക്കാൻ കഴിയില്ല. അടുത്ത കാലത്തു സ്ത്രീകളെ ഫോണിലൂടെ ശല്യപ്പെടുത്തിയ കേസുകളിൽ പൊലീസിന് ഫോൺ നമ്പർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ