സ്ലാമിക രാജ്യത്തിന്റെ സൃഷ്ടിക്കായി നിരപരാധികളെ കൊന്ന് മുന്നേറുകയായിരുന്നു ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ. സിറിയയിലും ഇറാഖിലും അവർ നടത്തിയ കൂട്ടക്കുരുതികൾ ഉസാമ ബിൻ ലാദന്റെ അൽ ഖായിദയെക്കാളും വലിയ പേടിസ്വപ്‌നമായി ഐസിസിനെ മാറ്റി. എന്നാൽ, അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദിനെ പിന്തുണച്ച് റഷ്യയും രംഗത്തെത്തിയതോടെ, ഐസിസിന് നിൽക്കക്കള്ളിയില്ലാതായി. ഇറാഖിലും സിറിയയിലുമുള്ള ഒളിത്താവളങ്ങളും ശക്തികേന്ദ്രങ്ങളും നഷ്ടമായി തകർച്ചയുടെ വക്കിലാണ് സംഘടന ഇപ്പോൾ.

എന്നാൽ, പിടിച്ചുനിൽപ്പിനുള്ള അവസാന ശ്രമമെന്നോണം ഒന്നിച്ചുനിന്ന് ലോകത്തെ വെല്ലുവിളിക്കാനൊരുങ്ങുകയാണ് ഭീകര സംഘടനകൾ. ഇതിനായി അൽ ഖായിദമായി ലയിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകളും ഐസിസ് നേതൃത്വം പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. അൽ ഖായിദയ്ക്ക് പുറമെ, അൽ നുസ്രയുമായും ഒന്നിച്ചുപ്രവർത്തിക്കാനാണ് നീക്കം. ഇതിലൂടെ വിശാലമായ ഭീകരശൃംഖല കെട്ടിപ്പടുക്കുകയും ലോകത്തെ ആക്രമിക്കുകയുമാണ് ഭീകരരുടെ ലക്ഷ്യം.

ഭീകരർ പ്രവർത്തന മേഖലയ്ക്ക് മാറ്റം വരുത്താൻ ശ്രമിക്കുന്നതായി റഷ്യയുടെ സുരക്ഷാത്തലവൻ അലക്‌സാണ്ടർ ബോർട്ട്‌നിക്കോവാണ് സൂചന നൽകിയത്. പുതിയ വെല്ലുവിളിയെ ചെറുക്കാൻ ഐക്യരാഷ്ട്ര സഭ അടിസ്ഥാനമാക്കി കൈകോർക്കാൻ ലോകരാഷ്ട്രങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐസിസും മറ്റ് പ്രമുഖ ഭീകര സംഘടനകളുമായി ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ അതു പരിഗണിക്കാതെ മുന്നോട്ടുപോകുന്നത് ബുദ്ധിയല്ലെന്നും അദ്ദേഹം പറയുന്നു.

മേധാവിത്തമുണ്ടായിരുന്ന മേഖലകളിൽ ഇപ്പോൾ തുടച്ചുനീക്കൽ ഭീഷണി നേരിടുകയാണ് ഭീകരസംഘടനകൾ. അതുകൊണ്ടുതന്നെ, ശേഷിക്കുന്ന പ്രവർത്തകരെ മറ്റു ദേശങ്ങളിലേക്ക് മാറ്റാനും അവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുവാനുമാണ് ഐസിസിടക്കമുള്ള സംഘടനകൾ ശ്രമിക്കുന്നത്. അഫ്ഗാനിസ്താൻ, യെമൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവർത്തന കേന്ദ്രങ്ങൾ മാറ്റിയത് ഇതിന്റെ ഭാഗമായാണെന്ന് അദ്ദേഹം പറയുന്നു.

സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ ആസാദിന്റെ സൈന്യത്തിന് റഷ്യ നൽകിവരുന്ന പിന്തുണ പാശ്ചാത്യ രാജ്യങ്ങളുമായി റഷ്യയുടെ ബന്ധത്തിൽ കനത്ത വിള്ളൽ വീഴ്‌ത്തിയിട്ടുണ്ട്. ആസാദിന്റെ സൈന്യം സിറിയയിലെ ഷെയ്ഖൂനിൽ രാസായുധപ്രയോഗം നടത്തിയതാണ് ഭിന്നിപ്പ് രൂക്ഷമാക്കിയത്. രാസായുധ പ്രയോഗത്തിന് പിന്നാലെ, അമേരിക്ക സിറിയയിൽ കനത്ത ബോംബാക്രമണം നടത്തിയിരുന്നു.