- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഐഎസ്ഐ തലവൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു; പാക്കിസ്ഥാൻ ലോകത്തിന് മുന്നിൽ ഞങ്ങളുടെ വില നശിപ്പിച്ചു'; ഭിന്നത വ്യക്തമാക്കി താലിബാൻ കമാൻഡറുടെ ശബ്ദസന്ദേശം; സർക്കാറിന്റെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി; ധൂർത്തൊഴിവാക്കാനെന്ന് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ സർക്കാർ രൂപീകരണത്തിലടക്കം ഇടപെടൽ നടത്തിയ പാക്കിസ്ഥാനുമായുള്ള ഭിന്നത വ്യക്തമാക്കുന്ന താലിബാൻ കമാൻഡറുടെ ശബ്ദ സന്ദേശം പുറത്ത്. താലിബാൻ കമാൻഡർ മറ്റ് അംഗങ്ങളോട് സംസാരിക്കുന്നതാണ് ശബ്ദസന്ദേശത്തിലുള്ളത്. പാക്കിസ്ഥാൻ രാജ്യാന്തര തലത്തിൽ തങ്ങളുടെ വില നശിപ്പിച്ചതായും സംഭാഷണത്തിൽ കമാൻഡർ ആരോപിക്കുന്നത് വ്യക്തമാണ്.
സർക്കാർ രൂപീകരണത്തിൽ ക്യാബിനറ്റ് പദവികളിൽ പാക്കിസ്ഥാനുമായുള്ള ഭിന്നത വ്യക്തമാക്കുന്നതും ഐഎസ്ഐ തലവൻെ്റ ഇടപെടൽ വെളിപ്പെടുത്തുന്നതുമാണ് ശബ്ദ സന്ദേശത്തിലുള്ളത്. വെള്ളിയാഴ്ചയാണ് താലിബാൻ കമാൻഡറുടെ ശബ്ദസന്ദേശം ഫേസ്‌ബുക്കിൽ വൈറലായത്.
ഐഎസ്ഐ മേധാവി ഹഖാനി, ക്വറ്റ് ശൂറ എന്നിവയിൽ നിന്ന് പേരുകൾ നിർദ്ദേശിച്ചതാണ് താലിബാനെ ചൊടിപ്പിച്ചത് എന്നാണ് സൂചനകൾ. പഞ്ചാബി ജനറൽ ഫയിസ് ഹമീദ് വലിയ പ്രശ്നം സൃഷ്ടിച്ചതായി താലിബാൻ കമാൻഡർ പറയുന്നത് വ്യക്തമാണ്. അഫ്ഗാനിൽ താലിബാൻ പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുമ്പായി ഐഎസ്ഐ തലവൻ ലഫ്.ജനറൽ ഫയിസ് ഹമീദ് കാബൂളിലെത്തിയത് വലിയ ചർച്ച ആയിരുന്നു.
അതിനിടെ പുതിയതായി അധികാരമേറ്റ ഇടക്കാല സർക്കാർ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങ് താലിബാൻ ഒഴിവാക്കി. ധൂർത്ത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് ഒഴിവാക്കിയതെന്നാണ് താലിബാൻ വിശദീകരണം. പണവും മറ്റ് വിഭവങ്ങളും പാഴാക്കാതിരിക്കാനാണ് പരിപാടി ഒഴിവാക്കിയതെന്ന് താലിബാൻ വക്താവ് അറിയിച്ചു.
നേരത്തെ, വേൾഡ് ട്രേഡ് സെന്റർ ആക്രമണ വാർഷികമായ സെപ്റ്റംബർ 11ന് സർക്കാർ അധികാരമേൽക്കുന്ന ചടങ്ങ് നടത്താനായിരുന്നു താലിബാന്റെ പദ്ധതി. ചൈന, റഷ്യ, പാക്കിസ്ഥാൻ, ഇറാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളെയും ക്ഷണിച്ചിരുന്നു.

അതേസമയം, അനുകൂലിക്കുന്ന രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് ചടങ്ങ് ഒഴിവാക്കിയതെന്ന് റഷ്യൻ ന്യൂസ് ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. താലിബാൻ സർക്കാർ അധികാരത്തിലേറുന്ന ചടങ്ങ് നടത്തുന്നത് തടയാൻ യുഎസും നാറ്റോയും ഖത്തറിന് മേൽ സമ്മർദ്ദം ചെലുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ചടങ്ങിൽ പങ്കെടുക്കില്ലെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. ഉദ്ഘാടന ചടങ്ങ് നടത്തേണ്ടെന്ന് താലിബാൻ നേരത്തെ നിശ്ചയിച്ചെന്ന് ഇനാമുള്ള സാമൻഗനി ട്വീറ്റ് ചെയ്തു. വിഷയത്തിൽ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് അഫ്ഗാനിൽ താലിബാൻ ഇടക്കാല സർക്കാർ നിലവിൽ വന്നത്.




