കുറച്ച് കാലമായി ഐസിസിന്റെ കസ്റ്റഡിയിലായിരുന്ന സിറിയയിലെ മൻബിജ് നഗരം യുഎസ് പിന്തുണയോടെയുള്ള സിറിയ ഡെമോക്രാറ്റിക് ഫോഴ്സുകൾ തിരിച്ച് പിടിച്ചു. നീണ്ട ഒരു മാസത്തെ പോരാട്ടത്തിന് ശേഷമായിരുന്നു ഐസിസിൽ നിന്നും സേ മൻബിജ് മോചിപ്പിച്ചത്.ഇതിന്റെ ആഹ്ലാദം പങ്ക് വയ്ക്കുന്നതിനായി തടിച്ച് കൂടിയ സ്ത്രീകൾ ബുർഖ കത്തിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തെരുവിൽ വച്ചാണ് സ്ത്രീകൾ ബുർഖ കത്തിച്ച് കൈയടിച്ച് ആഹ്ലാദിച്ചിരിക്കുന്നത്. കുട്ടികളും ആഹ്ലാദം പങ്കിടാൻ ആവേശത്തോടെ എത്തിയിരിക്കുന്നതായി കാണാം. തുർക്കി അതിർത്തിയോട് ചേർന്ന് കിടക്കുന്ന മൻബിജിന്റെ നിയന്ത്രണം കഴിഞ്ഞ രണ്ടു വർഷങ്ങളായി ഐസിസിന്റെ കൈകകൽലാണ്.

സ്ത്രീകൾ ബുർഖ കത്തിക്കുന്ന ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത് സിറിയൻ കുർദിഷ് ന്യൂസ് ഏജൻസിയായ അൻഹയാണ്. തങ്ങൾക്ക് ലഭിച്ച പുതിയ സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനായി നഗരത്തിലെ ജനങ്ങൾ തെരുവുകളിലേക്ക് കുതിച്ചെത്തുന്നത് ഇതിൽ കാണാം. ഐസിസ് ഈ നഗരം അടക്കി ഭരിച്ചപ്പോൾ എല്ലാ സ്ത്രീകളും പരമ്പരാഗത ഇസ്ലാം വസ്ത്രമായ നിഖാബ് അല്ലെങ്കിൽ ബുർഖ ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന കർക്കശ നിയമം നടപ്പിലാക്കിയിരുന്നു. അത് പാലിക്കാത്തവർക്ക് കടുത്ത ശിക്ഷയും നൽകിയിരുന്നു.സ്ത്രീകളെ സംരക്ഷിക്കാൻ വേണ്ടിയാണീ നിയമം നടപ്പിലാക്കുന്നതെന്നായിരുന്നു ഐസിസ് അവകാശപ്പെട്ടിരുന്നത്.

മറ്റുള്ളവരെ ആകർഷിക്കുന്ന രീതിയിലുള്ള ബ്രാൻഡഡ് വസ്ത്രങ്ങളും നിറമുള്ള വസ്ത്രങ്ങളും ധരിക്കാൻ ഐസിസ് തങ്ങളുടെ ഭരണപ്രദേശങ്ങളിൽ സ്ത്രീകളെ അനുവദിക്കുന്നില്ല. മൻബിജിന്റെ നിയന്ത്രണം തിരിച്ച് പിടിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമായി 22കാരനായ ബ്രിട്ടീഷുകാരൻ ഡീൻ കാൾ ഇവാൻസ് കൊല്ലപ്പെട്ടിരുന്നു. കുർദിഷ് സേനയ്ക്ക് അനുകൂലമായി പോരാടുന്നതിനിടയിലായിരുന്നു ഇവാൻസ് മരിച്ചത്.ജൂലൈ 21ന് ഫേസ്‌ബുക്കിലൂടെയാണ് ഡീനിന്റെ പിതാവ് ജോൺ ഇവാൻസ് മരണവിവരം പുറത്ത് വിട്ടത്. ഡീൻ മിലിട്ടറി യൂണിഫോമണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ ജൂലൈ 24ന് ജോൺ പുറത്ത് വിട്ടിരുന്നു. ഐസിസിനെതിരെ പോരാടുന്ന ഇന്റർനാഷണൽ ബ്രിഗേഡ്സ് ഓഫ് റോജവയിൽ അംഗമായി പോരാടുകയായിരുന്നു ഡീൻ.