ലോകമെങ്ങും നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇൻഡൊനീഷ്യയിലെ സുമാത്രയിൽ പകതീർത്തത് പള്ളിയിൽ കുർബാന ചൊല്ലിക്കൊണ്ടിരുന്ന വൈദികനുനേരെ. ബോംബ് പൊട്ടിച്ച് വിശ്വാസികളെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ആൽബർട്ട് പാണ്ഡ്യാംഗൻ എന്ന വൈദികൻ ആക്രമിക്കപ്പെട്ടത്.

ഇൻഡൊനീഷ്യൻ ദ്വീപായ സുമാത്രയിലെ പള്ളിയിൽ കുർബാനയിൽ പങ്കെടുക്കാനെന്ന വ്യാജേന എത്തിയ യുവാവ് ബോംബ് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നാടൻ ബോംബാണ് ഇയാൾ ഉപയോഗിച്ചത്. ഇതേത്തുടർന്നാണ് വൈദികനെ ആക്രമിച്ചത്. ഇടതുകൈയ്ക്ക് കുത്തേറ്റ ആൽബർട്ടിനെ വിശ്വാസികൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. അക്രമിയെ പിടികൂടി പൊലീസുനും കൈമാറി.

മെദാനിലെ സെന്റ് ജോസഫ് പള്ളിയിൽ ഞായറാഴ്ച കുർബാന നടന്നുകൊണ്ടിരിക്കെയാണ് സംഭവം. 18-വയസ്സുള്ള യുവാവാണ് ആയുധവുമായി പള്ളിയിലെത്തിയത്. ചാവേറാക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്നും അത് പരാജയപ്പെട്ടപ്പോഴാണ് വൈദികനെ ആക്രമിക്കാൻ തുനിഞ്ഞതെന്നും പൊലീസ് പറഞ്ഞു.

ഐസിസ് ഭീകരനാണ് യുവാവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളിൽനിന്ന് തിരിച്ചറിയൽ കാർഡും ഐസിസിന്റെ പതാകയും പിടിച്ചെടുത്തു. താൻ തനിച്ചല്ല പ്രവർത്തിക്കുന്നതെന്ന് പൊലീസിനോട് പറഞ്ഞെന്നും റിപ്പോർട്ടുണ്ട്. ബോംബ് പൊട്ടിയിരുന്നെങ്കിൽ നൂറിലേറെ വിശ്വാസികളെങ്കിലും കൊല്ലപ്പെടുമായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.

മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇൻഡൊനീഷ്യയിൽ ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന ഏറ്റവും ഒടുവിലത്തെ ആക്രമണമാണിത്. ജനുവരിയിൽ നടന്ന ചാവേറാക്രമണത്തിൽ ഒരു വിദേശിയടക്കം എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ജലൈയിൽ ഐസിസ് ഭീകരൻ പൊലീസ് സ്‌റ്റേഷനുമുന്നിൽ ചാവേർ സ്‌ഫോടനം നടത്തുകയുണ്ടായി.