ബുർഖയ്‌യ്ക്കും ശിരോവസ്ത്രത്തിനും ഫ്രാൻസിൽ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ അത് ആഗോള തലത്തിലാണ് ചർച്ച ചെയ്യപ്പെട്ടത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് അങ്ങനെ ചെയ്തതെങ്കിലും മതവിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമായി അത് വ്യാഖ്യാനിക്കപ്പെട്ടു. എന്നാലിപ്പോൾ, ലോകം മുഴുവൻ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ തോക്കെടുത്ത ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരും ബുർഖ നിരോധിച്ചിരിക്കുന്നു. കൗതുകകരമായ വസ്തുത, അതിന് ഐസിസ് പറയുന്ന കാരണവും സുരക്ഷാ ഭീഷണി തന്നെ!

ഭീകരരുടെ ശക്തികേന്ദ്രമായ ഇറാഖിലെ മൊസൂൾ നഗരത്തിലാണ് ബുർഖയ്ക്ക് വിലക്ക്. ബുർഖ അണിയാത്തവരെ കൊന്നും കഠിനമായി ശിക്ഷിച്ചും മതനിയമം നടപ്പാക്കിയവരാണ് ഒരുകാലത്ത് ഐസിസുകാർ. എന്നാൽ തന്ത്രപ്രധാന മേഖലകളിലും കെട്ടിടങ്ങളിലും ബുർഖ അണിയരുതെന്നാണ് ഭീകരരുടെ ഉത്തരവ്.

ബുർഖ അണിഞ്ഞ് സ്ത്രീവേഷത്തിലെത്തിയ സൈനികരുടെയും മറ്റും ആക്രമണത്തിൽ ഭീകരർ കൊല്ലപ്പെടാൻ തുടങ്ങിയതോടെയാണ് ഗത്യന്തരമില്ലാതെ ഇങ്ങനെയൊരു വിലക്ക് ഏർപ്പെടുത്താൻ ഐസിസ് നിർബന്ധിതരായത്. ഇറാൻ ഫ്രണ്ട് പേജ് എന്ന വെബ്‌സൈറ്റാണ് മൊസൂളിലെ രഹസ്യകേന്ദ്രങ്ങളെ ഉദ്ധരിച്ച് വിലക്ക് വാർത്ത പുറംലോകത്തെ അറിയിച്ചത്.

തലമുതൽ കാൽനഖം വരെ മൂടിയിരിക്കണം എന്നതായിരുന്നു ഐസിസ് ഇറാഖിലും സിറിയയിലും നടപ്പാക്കിയിരുന്ന വസ്ത്രനിയമം. മൊസൂളിലെ സുരക്ഷാ കേന്ദ്രങ്ങൾക്കും തന്ത്രപ്രധാന കെട്ടിടങ്ങളിലും ഒഴികെ ഇപ്പോഴും ഇതേ നിയമം സ്ത്രീകൾ പാലിച്ചേ മതിയാകൂ. എന്നാൽ, ഐസിസ് നിർദേശിച്ചിരിക്കുന്ന മേഖലകളിൽ ഈ വസ്ത്രം ്ണിയാൻ പാടില്ലെന്നാണ് ഉത്തരവിട്ടിട്ടുള്ളത്.

കഴിഞ്ഞ മാസം സിറിയയിലെ മൻബ്ജി നഗരത്തിൽ സ്ത്രീകൾ ബുർഖ കത്തിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഒരു പെൺകുട്ടി ബുർഖ ഊരി തീയിലിടുന്ന ചിത്രമാണ് പുറത്തുവന്നത്. ഈ പെൺകുട്ടി ഐസിസിന്റെ ശിക്ഷയ്ക്കിരയായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പിന്നാലെയുണ്ടായി.