തീക്കട്ടയിലും ഉറുമ്പരിക്കുമോ എന്ന് സംശയം തോന്നാം. എന്നാൽ, ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയ്ക്കുള്ളിലും മോഷ്ടാക്കളുണ്ട് എന്നതാണ് പുതിയ വാർത്ത. നിരപരാധികളെ കഴുത്തറുത്തും പെൺകുട്ടികളെ വിറ്റും ഐസിസ് സമ്പാദിച്ച കോടികളുമായി അഞ്ച് ഭീകര നേതാക്കൾ മുങ്ങിയത് ഐസിസിനെ ഞെട്ടിച്ചിരിക്കുകയാണ്. മുങ്ങിയ ഭീകരരെ കണ്ടെത്തി വധിക്കാൻ പ്രത്യേക നിർദ്ദേശം കൊടുത്തിരിക്കുകയാണ് സംഘടന ഇപ്പോൾ.

ഐസിസിന്റ ധനകാര്യവിഭാഗം കൈകാര്യം ചെയ്തിരുന്ന അബു അൽ ബാര അൽ ഖഹ്താനി ഉൾപ്പെടെ അഞ്ചുപേരാണ് മുങ്ങിയത്. ഇറാഖ് സൈന്യവും സഖ്യസേനയും ചേർന്ന് മൊസൂളിൽ ഐസിസിനെ തുരത്താനുള്ള പോരാട്ടത്തിൽ ഏർപ്പെടുന്നതിനിടെയാണ് മോഷണവിവരം പുറത്തുവരുന്നത്. ഇവരെ കണ്ടെത്തിയാൽ അപ്പോൾത്തന്നെ വധിക്കാൻ ഐസിസ് നേതൃത്വം ഉത്തരവിട്ടിട്ടുണ്ട്.

മൊസൂളിൽ ഐസിസിനെ തുരത്താൻ കനത്ത ആക്രമണമാണ് ഇറാഖ് സേന നടത്തുന്നത്. ശനിയാഴ്ചത്തെ പോരാട്ടത്തിൽ മൊസൂളിലെ തന്ത്രപ്രധാന ഗ്രാമമായ ഹമാം അൽ അലിൽ ഇറാഖ് സേന കൈവശപ്പെടുത്തി. ഇറാഖി പൊലീസും ആർമിയും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് ഗ്രാമം പിടിച്ചെടുത്തത്. അവിടെ ഇറാഖി പതാക ഉയർത്തുകയും ചെയ്തു.

വടക്കൻ പട്ടണമായ കിർക്കുക്കിൽ നടന്ന സ്‌ഫോടനത്തിൽ 32 ഐസിസ് ഭീകരർ കൊല്ലപ്പെട്ടതായി അൽ സുമെയ്‌റ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വൻ ആയുധശേഖരവുമായി പോവുകയായിരുന്ന മൂന്ന് ഐസിസ് വാഹനങ്ങളും സൈന്യം ബോംബിട്ട് തകർത്തു. യുദ്ധം ശക്തമായതോടെ മൊസൂളിൽ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമവും ഊർജിതമായിട്ടുണ്ട്. പതിനായിരക്കണക്കിനാളുകളെ ബന്ദികളാക്കിയ ഐസിസ് ഇവരെ മനുഷ്യ മതിലാക്കി ഉപയോഗിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

മൊസൂളിലെ നഗരകേന്ദ്രങ്ങൾ ഓരോന്നായി സൈന്യം പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. സഖ്യസേന നടത്തുന്ന വ്യോമാക്രമണങ്ങളുടെ തണലിലാണ് ഇറാഖ്, കുർദ് സേനകളുടെ മുന്നേറ്റം. ഗ്രാമങ്ങളിൽനിന്ന് ഐസിസിനെ തുരത്തിയശേഷം നഗരത്തിലേക്ക് പ്രവേശിക്കാനാണ് സൈന്യത്തിന്റെ നീക്കം. ചാവേറാക്രമണങ്ങളിലൂടെ സൈന്യത്തെ തടയാൻ ഐസിസ് ശ്രമിക്കുന്നുണ്ട്. വെള്ളിയാഴ്ച മാത്രം ഏഴ് ചാവേറാക്രമങ്ങളാണ് മൊസൂളിൽ ഉണ്ടായത്.