ടുത്ത ഇസ്ലാമിക വിരോധമാണ് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിവാദ പുരുഷനാക്കിയത്. അമേരിക്കയിലുള്ള മുസ്ലീങ്ങളെ അപ്പാടെ പുറത്താക്കണമെന്നായിരുന്നു ട്രംപിന്റെ വാദം. ഇസ്ലാമിക വിരുദ്ധ നിലപാട് ട്രംപിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തുണയ്ക്കുകയും ചെയ്തു. എന്നാൽ, ആഗോള ഭീകരരെ അമേരിക്കയ്‌ക്കെതിരെ സംഘടിപ്പിക്കാൻ ഈ തിരഞ്ഞെടുപ്പ് ഫലം കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ട്രംപിന്റെ മുസ്ലിം വിരുദ്ധത തങ്ങളുടെ ജോലി എളുപ്പമാക്കിയെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്താനിലെ നേതാവ് അബു ഒമർ ഖൊറാസ്‌നി പറയുന്നു. ട്രംപിനോടുള്ള എതിർപ്പുമൂലം പാശ്ചാത്യ ലോകത്തുനിന്ന് കൂടുതൽ യുവാക്കൾ സംഘടനയിലേക്ക് സ്വമേധയാ ആകൃഷ്ടരാവുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. ട്രംപിനെ പ്രതീകമാക്കി തീവ്രവാദത്തിലേക്ക് യുവാക്കളെ ആകർഷിക്കാനുള്ള പദ്ധതിയും വിവിധ സംഘടനകൾ ആസൂത്രണം ചെയ്യുന്നുണ്ട്.

സമ്പൂർണ ഭ്രാന്തനെന്നാണ് ഖൊറാസ്‌നി നിയുക്ത അമേരിക്കൻ പ്രസിഡന്റിനെ വിശേഷിപ്പിച്ചത്. ട്രംപിന്റെ മുസ്ലിം വിരുദ്ധത ഞങ്ങളുടെ ജോലി എളുപ്പമാക്കി. ആയിരക്കണക്കിന് യുവാക്കളെ വളണ്ടിയർമാരായി കിട്ടുന്ന സാഹചര്യമാണ് ഇതുണ്ടാക്കിയിരിക്കുന്നത്- ഖൊറാസ്‌നി പറഞ്ഞു. ട്രംപിനെതിരായ വിദ്വേഷം ഉപയോഗിച്ച് കൂടുതൽ ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കാനും വിവിധ സംഘടനകൾ പദ്ധതിയിടുന്നതായും സൂചനയുണ്ട്.

അമേരിക്കയിലേക്ക് മുസ്ലീങ്ങൾ കടക്കുന്നത് പൂർണമായും നിരോധിക്കണമെന്നാണ് ഒരു ഘട്ടത്തിൽ ട്രംപ് പ്രഖ്യാപിച്ചത്. തന്റെ പ്രസ്താവന തിരിച്ചടിയാകുമെന്ന് വന്നപ്പോൾ, തീവ്രവാദത്തെ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം നിയന്ത്രിക്കണമെന്നാക്കി ട്രംപ് പ്രസ്താവനയെ ലഘൂകരിക്കാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം തന്റെ വെബ്‌സൈറ്റിൽനിന്ന് ഇത്തരം വിവാദ പരാമർശങ്ങൾ ട്രംപ് നീക്കുകയും ചെയ്തിരുന്നു.

ട്രംപിനെ അപേക്ഷിച്ച് ബുദ്ധിമാനായ മനുഷ്യനായിരുന്നു ബരാക്ക് ഒബാമയെന്ന് ഖൊറാസ്‌നി പറഞ്ഞു. അമേരിക്കൻ തിരഞ്ഞെടുപ്പിനെ തങ്ങളുടെ നേതാക്കൾ വളരെ ശ്രദ്ധാപൂർവമാണ് നിരീക്ഷിച്ചിരുന്നതെന്നും ഖൊറാസ്‌നി പറഞ്ഞു. എന്നാൽ, ട്രംപിനെ തിരഞ്ഞെടുക്കുക വഴി അമേരിക്കക്കാർ സ്വന്തം ശവക്കുഴി തോണ്ടുമെന്ന് കരുതിയിരുന്നില്ലെന്നാണ് അഫ്ഗാൻ ഭീകര നേതാവിന്റെ വിലയിരുത്തൽ.