സ്ലാമിക് സ്റ്റേറ്റ് എന്നാർ ക്രൂരതയുടെ പര്യായമായിത്തീർന്നിട്ട് ഏതാനും വർഷങ്ങളായി. ഭൂമിയിലെ ഏറ്റവും ക്രൂരന്മാരാണ് തങ്ങളൈന്ന് തെളിയിക്കുന്ന ചെയ്തികൾ അവർ തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസം ഈ ഭീകരർ ഈജിപ്തിൽ 100 വയസുള്ള സൂഫിവര്യനെയാണ് തലവെട്ടിക്കൊന്നിരിക്കുന്നത്. കൂടാതെ അഫ്ഗാനിസ്ഥാനിലെ മോസ്‌കിൽ 32 നിരപരാധികളെ ഐസിസ് കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ പേര് പറഞ്ഞുള്ള ഈ മഹാപാതകങ്ങൾ ചേർത്ത് വായിക്കുമ്പോൾ ഇവനൊക്കെ അള്ളാഹു എന്ന പേര് ഉച്ചരിക്കാൻ തന്നെ അവകാശമുണ്ടോയെന്ന് ചോദിക്കാൻ ആർക്കെങ്കിലും തോന്നിയാൽ അത്ഭുതപ്പെടേണ്ടതില്ല.

മന്ത്രവാദം നടത്തുന്നുവെന്നാരോപിച്ചാണ് ഐസിസ് ഈജിപ്തിലെ നൂറ് വയസുള്ള സൂഫിവര്യനായ ഷെയ്ഖ് സുലൈമാൻ അബു ഹറാസിനെ തലവെട്ടിക്കൊന്നിരിക്കുന്നത്. ഇവിടുത്തെ സിനായ് പെനിൻസുലയിലാണീ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. മുഖം മറച്ച കറുത്ത വസ്ത്രമണിഞ്ഞ ജിഹാദി ഈ വന്ദ്യവയോധികന്റെ തലവെട്ടുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇയാളെ ഓറഞ്ച് കളറിലുള്ള വസ്ത്രമണിഞ്ഞ് കൈകൾ പുറകിൽ കെട്ടി നിലത്തിരുത്തിയിരിക്കുന്നത് കാണാം. കാഴ്ച കാണാൻ ഒരു പറ്റം ഭീകരർ ചുറ്റും വളഞ്ഞ് നിൽക്കുന്നുമുണ്ട്.

സിനായ് പെനിൻസുലയിലെ അഭിവന്ദ്യനായ സൂഫി വര്യനായിരുന്നു ഹറാസ്. അറിഷ് സിറ്റിയിലെ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ നിന്ന് ഭീകരർ ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. 2014 നവംബർ മുതൽ ഈ പ്രദേശത്ത് ഐസിസ് സാന്നിധ്യമുണ്ട്.കഴിഞ്ഞ വർഷം ഒക്ടോബറിൽ ജിഹാദികൾ റെഡ്സീ റിസോർട്ടിൽ നിന്നും വിനോദസഞ്ചാരികളെയും വഹിച്ച് കൊണ്ട് വന്നിരുന്ന റഷ്യൻ വിമാനത്തിന് ബോംബിട്ടിരുന്നു. ഇത് ഈജിപ്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത അടിയായിത്തീർന്നിരുന്നു. ഷാം എൽ ഷെയ്ഖിൽ നിന്നും പറന്നുയർന്ന വിമാനത്തിലെ 224 പേരും കൊല്ലപ്പെടുകയായിരുന്നു.

റഷ്യൻ നഗരമായ സെന്റ് പീറ്റേർസ് ബർഗിലേക്ക് പോകുന്ന എ 321ആയിരുന്നു ബോംബ് വച്ച് തകർത്തത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫറ്റാഹ് എൽ സിസിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 300ൽ പരം ഐസിസുകാരെ ഒരു മിലിട്ടറി ട്രിബ്യൂണലിലേക്ക് റഫർ ചെയ്തിരുന്നു. ഇതിൽ 292 പേർ തീവ്രവാദ ആക്രമണങ്ങളിൽ പങ്കെടുത്തവരും എൽ സിസിയെയും സൗദി രാജകുമാരൻ മുഹമ്മദ് ബിൻ നായെഫിനെ വധിക്കാനുള്ള ഗൂഢാലോചനയിലും ഭാഗഭാക്കായവരായിരുന്നു. നോർത്തേൺ സിനായ് പെനിൻസുലയിൽ ഐസിസ് സമീപവർഷങ്ങളിലായി നിരവധി ആക്രമണങ്ങൾ നടത്തുന്നുണ്ട്.

അതിനിടെ ഇന്നലെ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിന്റെ പശ്ചിഭാഗത്ത് ഐസിസ് ഷിയാ മസ്ജിദായ ബാക്വിർ ഉൽ ഉലൂമിൽ നടത്തിയ മനുഷ്യബോംബാക്രമണത്തിലാണ് 32 പേർ കൊല്ലപ്പെട്ടിരിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ പേരക്കുട്ടി ഇമാം ഹുസൈന്റെ ചരമദിനവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ഒത്ത് കൂടിയവർക്കിടയിലേക്ക് മനുഷ്യബോംബ് നടന്ന് കയറി സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒക്ടോബറിൽ കാബൂളിലെ മറ്റൊരു ഷിയാ പള്ളിയിൽ നടന്ന തീവ്രവാദ ബോംബാക്രമണത്തിൽ 14 പേർക്കായിരുന്നു ജീവൻ നഷ്ടപ്പെട്ടിരുന്നത്.