സിസിനെ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കുന്നതിനായി അമേരിക്കൻ കോൺഗ്രസ് പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പരിധികളില്ലാത്ത അധികാരം നൽകാനൊരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. റഷ്യയുടെയുും ചൈനയുടെയും തുണയോടെ ഐസിസിനെ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കി ട്രംപ് ഭരണം തുടങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതേ സമയം ട്രംപിനെ പേടിപ്പിക്കാൻ പാശ്ചാത്യ നാടുകളിലെല്ലാം കൊലപാതകം ഒരുക്കാൻ ആഹ്വാനം ചെയ്ത് ഐസിസും രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിത വർഷമായി പുതുവർഷം മാറുമോയെന്ന ആശങ്കയും ശക്തമാണ്.

സാധാരണ നിലയ്ക്ക് അമേരിക്കൻ പ്രസിഡന്റിന് യുദ്ധത്തിന് പച്ചക്കൊടി കാണിക്കുന്നതിന് പരിമിതികളിലേറെയുണ്ട്. കോൺഗ്രസിന് ഇതിന് മുകളിൽ നിയന്ത്രണങ്ങളുണ്ട്. എന്നാൽ 9/11ലെ ആക്രമണത്തിന് ശേഷം 2001 അഥോറൈസേഷൻ ഫോർ യൂസ് ഓഫ് മിലിട്ടറി ഫോഴ്സ് എന്ന പേരിൽ ഒരു ഡോക്യുമെന്റ് പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം ഭീകരാക്രമണം നടത്തുന്ന തീവ്രവാദ സംഘനടകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ മുൻ പ്രസിഡന്റ് ഡബ്ല്യൂ ബുഷിനും ഇപ്പോഴത്തെ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും അധികാരം ലഭിച്ചിരുന്നു. ഇതേ നിയമത്തെ ഉപയോഗിച്ചാണ് യെമൻ, ലിബിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നടത്തുന്ന സൈനിക നീക്കങ്ങളെയും അമേരിക്ക ന്യായീകരിക്കുന്നത്.

എന്നാൽ അതിനിടെ റഷ്യ, ചൈന, പാക്കിസ്ഥാൻ എന്നിവർ താലിബാൻ എന്ന ഭീകര സംഘടനയെ ഉപയോഗിച്ച് ഐസിസിനെ ചെറുക്കാൻ പുതിയൊരു തന്ത്രപരമായ നീക്കം നടത്താനൊരുങ്ങുന്നുണ്ടെന്നും സൂചനയുണ്ട്. ഇതിനെ ട്രംപും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയും ശക്തമാവുന്നുണ്ട്. ഐസിസ് അഫ്ഗാനിസ്ഥാനിൽ വേരാഴ്‌ത്തി വളരുന്നത് തടയാൻ ഇവിടെ താലിബാനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ഈ രാജ്യങ്ങൾ നീക്കം നടത്തുന്നത്. താലിബാൻ ഇവിടെ വളർന്നാൽ ഇവിടേക്ക് ഐസിസ് വളരുന്നതിന് തടയിടാൻ സാധിക്കുമെന്നാണിവർ പ്രത്യാശിക്കുന്നത്. ഇപ്പോൾ അഫ്ഗാന്റെ ചിലയിടങ്ങളിൽ ഐസിസ് നാമ്പെടുക്കുകയും ചില്ലറ ആക്രമ സംഭവങ്ങൾ നടത്തുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണീ പ്രതിരോധ തന്ത്രം പ്രയോഗിക്കാൻ ഈ മൂന്ന് രാജ്യങ്ങളും ഒരുങ്ങുന്നത്.

എന്നാൽ ഈ നീക്കത്തിനോട് ഇന്ത്യ യോജിക്കില്ലെന്നും തൽഫലമായി റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാകുമെന്ന ഉത്കണ്ഠയും ഉയർന്ന് വരുന്നുണ്ട്. അഫ്ഗാൻ നേരിടുന്ന കടുത്ത ഭീഷണി താലിബാൻ ഭീകരതയാണെന്ന നിലപാടാണ് ഇന്ത്യക്കുള്ളത്. ഇന്ന് വരെ അമേരിക്കക്കും ആ നിലപാടാണുള്ളത്. എന്നാൽ ട്രംപ് പ്രസിഡന്റാകുന്നതോടെ റഷ്യയുമായി കൂട്ട് ചേർന്ന് ഭീകരതക്കെതിരെ പോരാടുന്നതിന് ട്രംപ് ഇതിൽ വ്യത്യാസം വരുത്തുമോയെന്നാണ് ലോകം ഉറ്റ് നോക്കുന്നത്. പുട്ടിനുമായി ട്രംപിനുള്ള വ്യക്തിപരമായ അടുപ്പം ഇത്തരമൊരു നിലപാട് മാറ്റത്തിന് സാധ്യത വർധിപ്പിക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ താലിബാനെ കൈപിടിച്ചുയർത്തുന്നതിനുള്ള ചൈനയുടെയും റഷ്യയുടെയും പാക്ക്സ്ഥാന്റെയും സംയുക്ത നീക്കത്തെ ഇന്ത്യ അത്യന്തം ഗൗരവത്തോടെയാണ് കാണുന്നത്.

എന്നാൽ തങ്ങൾക്കെതിരെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും നീക്കം ശക്തമാകുന്നതിന് കനത്ത തിരിച്ചടിയേകാനും വിവിധ രാജ്യങ്ങളിൽ കടുത്ത ആക്രമണങ്ങൾ പുതുവർഷത്തിൽ നടത്തി പുതിയ അമേരിക്കൻ പ്രസിഡന്റകാൻ പോകുന്ന ട്രംപിനെ പേടിപ്പിക്കാനുമാണ് ഐസിസ് പദ്ധതി തയ്യാറാക്കി വരുന്നത്. ഇതിനായി പാശ്ചാത്യ ജിഹാദികളോട് അവർ ആഹ്വാനം ചെയ്തിട്ടുണ്ട്. വെസ്റ്റേൺ സൺസ് ഓഫ് ഇസ്ലാം എന്നാണ് ഇവരെ ഐസിസ് വിശേഷിപ്പിച്ചിരിക്കുന്നത്. ന്യൂ ഇയർ പാർട്ടികളിൽ കടുത്ത ആക്രമണങ്ങൾ നടത്തി അവിശ്വാസികളെ കൊന്നൊടുക്കാനാണ് ഐസിസിന്റെ കൊലവിളി.

ബെർലിനിൽ ക്രിസ്മസ് ചന്തയിൽ നടത്തിയ ആക്രമണത്തിൽ 12 പേരെ വധിക്കുകയും നിരവധി പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത ഐസിസ് ജിഹാദികളുടെ ധൈര്യത്തെ പുകഴ്‌ത്തി ഐസിസിന്റെ അഫിലിയേറ്റഡ് മീഡിയ ഗ്രൂപ്പായ നാഷിർ മീഡിയ ഫൗണ്ടേഷൻ ഭയം ജനിപ്പിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ പുതുവത്സര ഇവന്റുകളിലും സംഘടിപ്പിക്കാനാണ് ആഹ്വാനം. ഇതിൽ ഒരു ചിത്രത്തിൽ ഒരു ജിഹാദി സാന്റാക്ലോസിനെ പിന്തുടരുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. അവിശ്വാസികളായ പട്ടികൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു എന്ന കാപ്ഷനും ഇതിനൊപ്പമുണ്ട്. തങ്ങൾ പാശ്ചാത്യരാജ്യങ്ങളിൽ രക്തം ചിന്താൻ തയ്യാറായിരിക്കുകയാണെന്നും നിരവധി പേരെ കൊന്നൊടുക്കുമെന്നും ഭീഷണിയുണ്ട്. പാശ്ചാത്യരാജ്യങ്ങളിലെ വിവിധയിടങ്ങളിൽ പതിയിരുന്ന് ആക്രമിച്ച് അവിശ്വാസികളെ വകവരുത്താനാണ് ഐസിസ് ആഹ്വാനം നൽകുന്നത്. 2017ന് മുകളിൽ കത്തി കുത്തി നിർത്തി പുതുവർഷം ദുഃഖം നിറഞ്ഞതായിരിക്കുമെന്ന സൂചിപ്പിക്കുന്ന ഇമേജും ഐസിസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.