റ്റെന്തുണ്ടായാലും സ്വാതന്ത്ര്യമില്ലെങ്കിൽ യാതൊരു കാര്യവുമില്ലെന്നും സ്വാതന്ത്ര്യത്തിന് മനുഷ്യൻ എത്രമാത്രം പ്രാധാന്യം നൽകുന്നുവെന്നും വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നു. മിഡിൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിന്റെ നിയന്ത്രണം ഐസിസ് ഭീകരർക്ക് നഷ്ടപ്പെട്ടതിന്റെയും അതിലൂടെ തങ്ങളുടെ സ്വാതന്ത്ര്യം തിരിച്ച് കിട്ടിയതിന്റെയും ആഹ്ലാദം ആഘോഷിക്കുന്ന സ്ത്രീകളുടെ വീഡിയോ ആണിത്. ജിഹാദികളുടെ ക്രൂരമായ ഭരണത്തിൽ നിന്നും മോചനം ലഭിച്ചതോടെ ഈ ഗ്രാമത്തിലെ സ്ത്രീകൾ തങ്ങളുടെ ശിരോവസ്ത്രം അഴിച്ച് കളഞ്ഞ് തീയിട്ട് കത്തിച്ച് സിഗററ്റ് വലിച്ചാണ് അത് ആഘോഷിച്ചിരിക്കുന്നത്. ഇതിലൊരു സ്ത്രീ ഉച്ചത്തിൽ ആർപ്പ് വിളിച്ച് തന്റെ നിഖാബ് വലിച്ചൂരുന്നുണ്ട്. മറ്റുള്ള സ്ത്രീകളും കുട്ടികളും സന്തോഷിച്ച് ചിരിച്ച് അത് കണ്ട് നിൽക്കുന്നുമുണ്ട്. തുടർന്ന് മറ്റൊരു സ്ത്രീ ആ ശിരോവസ്ത്രം ലൈറ്ററുപയോഗിച്ച് കത്തിക്കുകയാണ് ചെയ്യുന്നത്.

തുടർന്ന് സ്ത്രീകൾ സിഗറ്റ് വലിക്കുന്നതും സമീപത്ത് പുരുഷന്മാർ നൃത്തം ചെയ്യുന്നതും വീഡിയോയുടെ അവസാന ഭാഗത്ത് കാണാം. ഏത് ഗ്രാമത്തിൽ നിന്നാണീ വീഡിയോ പകർത്തപ്പെട്ടിരിക്കുന്നതെന്നത് വ്യക്തമല്ല. കുർദിഷ് ന്യൂസ് ഔട്ട്ലെറ്റായ റുഡായിൽ ഇത് പിന്നീട് ട്വീറ്റ് ചെയ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച മൊസൂളിലെ എയർപോർട്ടിൽ നിന്നും ജിഹാദികളുടെ നിയന്ത്രണത്തിലുള്ള ജെറ്റുകൾ, ഡ്രോണുകൾ, ഗൺഷിപ്പുകൾ തുടങ്ങിയവ ഇറാഖി സേനകൾ തിരിച്ച് പിടിച്ച അതേ ആഴ്ചയിൽ തന്നെയാണീ വീഡിയോ പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ജിഹാദികൾ മൊസൂൾ നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശത്ത് പിടിച്ച് നിൽക്കാൻ നടത്തുന്ന ചെറുത്ത് നിൽപ്പിനെതിരെയുള്ള നിർണായകമായ മുന്നേറ്റമാണ് ഇതിലൂടെ സേന നടത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോഴും വിമാനത്താവളത്തിന്റെ നിയന്ത്രണം ഐസിസിന്റെ കൈവശം തന്നെയാണ്.

ഫെഡറൽ പൊലീസ്, ഇന്റീരിയൻ മിനിസ്ട്രിയുടെ എലൈറ്റ് റാപ്പിഡ് റെസ്പോൺസ് തുടങ്ങിയവയാണ് എയർപോർട്ട് നീക്കത്തിൽ പങ്കെടുത്തിരുന്നത്.അവർ മോർട്ടാറുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം തുടങ്ങിയത്.തുടർന്ന് ഹെലികോപ്റ്ററുകളും മറ്റ് എയർക്രാഫ്റ്റുകലും ആക്രമിച്ച് കരസേനക്ക് ഇവിടേക്ക് വരാനുള്ള വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇവിടെ ഐസിസിനെതിരായ നീക്കത്തിൽ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖി സേനയ്ക്ക് നിർണായകമായ പിന്തുണയേകി വരുന്നുണ്ട്. ഇതിനായി യുഎസ് ഇവിടെ വ്യോമാക്രമണവും കരസേനയ്ക്ക് വേണ്ട ഉപദേശങ്ങളും നൽകി വരുന്നുണ്ട്. വ്യാഴാഴ്ച സായുധ വാഹനങ്ങളിൽ ഇറാഖി സേനയ്ക്കൊപ്പം യുഎസ് സേനകളും എയർപോർട്ടിലേക്ക് നീങ്ങിയിരുന്നു. 

ഇറാഖിലെ രണ്ടാമത്തെ വലിയ നഗരവും ഐസിസിന്റെ അവസാന ശക്തികേന്ദ്രവുമായ മൊസൂൾ നഗരം പിടിച്ചെടുക്കാൻ അമേരിക്കൻ സഖ്യസേനകളും ഇറാഖി സേനകളും കിണഞ്ഞ് പരിശ്രമിക്കുകയാണിപ്പോൾ. തങ്ങൾ അധികം വൈകാതെ ലക്ഷ്യത്തിലെത്തുമെന്നാണ് റാപ്പിഡ് റെസ്പോൺസ് ഫോഴ്സിന്റെ ബ്രിഗേഡിയർ ജനറലായ അബ്ബാസ് അൽ ജുബുരി പറയുന്നത്.നാല് ഭാഗത്ത് നിന്നും മൊസൂളിനെ ആക്രമിച്ച് ജിഹാദികളെ കീഴ്പ്പെടുത്തുന്നതിനുള്ള നീക്കം നടക്കുന്നുണ്ട്. മൊസൂളിൽ 2000 ജിഹാദികൾ ഉണ്ടെന്നാണ് അമേരിക്കൻ ഒഫീഷ്യലുകൾ പറയുന്നത്. ഇറാഖിലെ ബാക്കിയുള്ള മിക്കയിടങ്ങളിൽ നിന്നും സേനകൾ ഐസിസുകാരെ തുരത്തി പ്രദേശശങ്ങൾ തിരിച്ച് പിടിച്ചിട്ടുണ്ട്.
.