സിസിൽ ആകൃഷ്ടനായി ഓസ്ട്രേലിയയിൽ നിന്നും സിറിയയിലേക്ക് പോയയാളുടെ കുഞ്ഞിനെ ഐസിസ് ഭീകരർ കൊന്ന് തള്ളി. ഈ ജിഹാദി പിതാവ് ഐസിസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് അതിനുള്ള പ്രതികാരമെന്ന നിലയിലാണ് ഭീകരർ ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്.ഇസ്ലാമിക രാഷ്ട്രം നിർമ്മിക്കാൻ ആവേശം കേറി സിറിയയിലേക്ക് പോയ പലർക്കും ഇത്തരത്തിൽ മടങ്ങി പോകാൻ ആഗ്രഹമുണ്ടെന്നും എന്നാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ഇസ്ലാമിക് സ്റ്റേറ്റുകാർ പ്രതികാരപൂർവം കൊന്നൊടുക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇവിടെ നിന്നും രക്ഷപ്പെടാൻ വേണ്ടി ഈ പിതാവ് അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് ഇയാളുടെ കുഞ്ഞിന് ഈ ദുർഗതിയുണ്ടായിരിക്കുന്നത്.

കൊല്ലപ്പെട്ട കുട്ടിയുടെ വയസോ എങ്ങിനെയാണ് കൊല നടത്തിയിരിക്കുന്നതെന്നോ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഇത്തരത്തിൽ ഏതൊരു രക്ഷിതാവും കുട്ടികളെ ഇത്തരം സംഘർഷബാധിത പ്രദേശത്തേക്ക് കൊണ്ടു പോകുന്നത് അപലപനീയമാണെന്നാണ് ഓസ്ട്രേലിയയുടെ അറ്റോർണി-ജനറലായ ജോർജ് ബ്രാൻഡിസ് പ്രതികരിച്ചിരിക്കുന്നത്. ഇറാഖ് ,സിറിയ പോലുള്ള പ്രദേശങ്ങളിലേക്ക് പോകുന്നത് അത്യന്തം അപകടകരമാണെന്ന് ഗവൺമെന്റ് സ്ഥിരമായി മുന്നറിയിപ്പേകുന്ന കാര്യമാണെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. നിലവിൽ നൂറിലധികം ഓസ്ട്രേലിയൻ ഭീകരർ വിദേശരാജ്യങ്ങളിൽ ഭീകരസംഘടനകൾക്ക് വേണ്ടി പോരാടുന്നുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിന് സിറിയയിലും ഇറാഖിലുമുണ്ടായിക്കൊണ്ടിരിക്കുന്ന തിരിച്ചടിയെ തുടർന്ന് അവിടങ്ങളിലുള്ള ഓസ്ട്രേലിയക്കാരായ ഭീകരർ തിരിച്ച് നാട്ടിലേക്ക് വരാൻ ശ്രമിക്കുന്നതിനെ കുറിച്ച് നേരത്തെ തന്നെ ടേൺബുൾ ഗവൺമെന്റ് ഉത്കണ്ഠയുയർത്തിയിരുന്നു. ഇത്തരത്തിൽ തങ്ങളുടെ പോരാളികൾ സ്വദേശങ്ങളിലേക്ക് മടങ്ങുന്നത് തടയാനായി ഐസിസ് നേതൃത്വം അവർക്ക് പണം നൽകാതിരിക്കുകയും പാസ്പോർട്ട് പിടിച്ച് വയ്ക്കുകയും ചെയ്യുന്നുണ്ടെന്നും സൂചനയുണ്ട്. ഇത്തരത്തിൽ ഐസിസ് ക്യാമ്പിൽ നിന്നും ഓസ്ട്രേലിയക്കാർ തിരിച്ച് വരുന്നത് തടയുന്നതിനായി 2015ൽ ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മിനിസ്റ്റർ പീറ്റർ ഡട്ടൻ പുതിയ നിയമങ്ങൾ ആവിഷ്‌കരിച്ചിരുന്നു. എന്നാൽ ഇതിനെ മറികടന്നും നിരവധി പേർ എത്തിയിരുന്നു.

ഇക്കൂട്ടത്തിൽ ഇരട്ടപൗരത്വമുള്ളവരുടെ ഓസ്ട്രേലിയൻ പൗരത്വം റദ്ദാക്കുന്നത് ഇതിനായി അദ്ദേഹം ഏർപ്പെടുത്തിയ കടുത്ത നടപടികളിലൊന്നായിരുന്നു. രണ്ട് വർഷം മുമ്പ് കൊല്ലപ്പെട്ട് ഓസ്ട്രേലിയൻ തീവ്രവാദി ഖാലിദ് ഷറൗഫിന് മാത്രമാണ് ഇത്തരത്തിൽ ഓസ്ട്രേലിയൻ പൗരത്വം നഷ്ടപ്പെട്ടിരിക്കുന്നത്. നീൽ പ്രകാശ്, സിഡ്നിയിൽ നിന്നുള്ള ജിഹാദി വധുവായ ഹഫ്സ മുഹമ്മദ്, ഹംസ എൽ ബാഫ്, പെർത്തിലെ വിദ്യാർത്ഥി മുഹമ്മദ് ഷെഗ്ലോബ, മെൽബണിലെ യുസഫ് മുഹമ്മദ് യുസഫ്, മുസ്തഫ മുഹമ്മദ് ഫരാഗ് എന്നിവർ വിദേശ ഭീകരസംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മറ്റ് ഓസ്ട്രേലിയക്കാരിൽ ചിലരാണ്.