ക്രൂരതകൾക്ക് പുതിയ പുതിയ പരിവേഷം നൽകുന്നതാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരുടെ രീതി. അതിനവർ കുട്ടികളെപ്പോലും വെറുതെവിടുന്നില്ല. ആറുവയസ്സുകാരനെ സഹായിയാക്കി ഭീകരർ ഇരട്ടതലവെട്ടൽ ശിക്ഷ നടപ്പാക്കുന്ന വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് ഐസിസ് ഭീകരർ ലോകത്തെ ഏറ്റവുമൊടുവിൽ ഞെട്ടിച്ചിരിക്കുന്നത്. കറുത്ത തലപ്പാവും പട്ടാള യൂണിഫോമും ധരിച്ച കുട്ടി ഇരുകൈയിലും കത്തിയും പിടിച്ച് വീഡിയോയിൽ ചെറു പ്രഭാഷണവും നടത്തുന്നുണ്ട്.

കുട്ടിയുടെ പ്രഭാഷണം അവസാനിക്കുന്ന മുറയ്ക്ക് രണ്ടു ഭീകരർ വന്ന് കുട്ടിയിൽനിന്ന് പ്രാർത്ഥിച്ചശേഷം കത്തി ഏറ്റുവാങ്ങി രണ്ട് തടവുകാരുടെ ശിരസ്സറുക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. വീഡിയോ സിറിയയിൽ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്. എന്നാൽ, എന്ത് കുറ്റത്തിന്റെ പേരിലാണ് ഇവരുടെ തലവെട്ടിയതെന്ന് വ്യക്തമല്ല. ഇരുവരുടെയും തല വെള്ളത്തിൽ മുക്കിയശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. വേറെയും തലവെട്ടലുകൾ വീഡിയോയിൽ പിന്നീട് കാണിക്കുന്നുണ്ട്. ഐസിസിന്റെ ഖാലിദ് ഇബ്ൻ എൽ വാലിദ് ആർമി നടത്തിയ കൂട്ടക്കൊലകളാണിവ.

മമുമ്പും കുട്ടികൾ ഭീകരപ്രവർത്തനത്തിലേർപ്പെടുന്നതിന്റെ വീഡിയോകൾ ഐസിസ് പുറത്തുവിട്ടിട്ടുണ്ട്. തടവുകാരെ ചെറിയ കുട്ടികളെക്കൊണ്ട് വെടിവെച്ചുകൊല്ലിക്കുന്ന വീഡിയോകളായിരുന്നു അവ. കുരുന്നുപ്രായത്തിലുള്ള കുട്ടി ഒരു തടവുകാരനെ വെടിവെച്ചുകൊല്ലുന്ന വീഡിയോ ജനുവരിയിലും ഭീകരർ പുറത്തുവിട്ടിരുന്നു. വേലിയിൽ കെട്ടി നിർത്തിയ തടവുകാരന്റെ അടുത്തെത്തിയ കുട്ടി തോക്കുവാങ്ങി വെടിവെക്കുന്ന വീഡിയോയായിരുന്നു അത്.

ബ്രിട്ടീഷുകാരനായ ഒരു കുട്ടിയും മറ്റു നാലുകുട്ടികളും ചേർന്ന് വധശിക്ഷ നടപ്പാക്കുന്ന വീഡിയോ കഴിഞ്ഞവർഷം ഐസിസ് പുറത്തുവിട്ടു. സിറിയയിലെ റഖയിലാണ് ആ കൂട്ടക്കൊല നടന്നതെന്നാണ് കരുതുന്നത്.