ലണ്ടൻ: അഫ്ഗാനിസ്താൻകാരനായ വ്യവസായി ഖലീൽ അഹമ്മദിനെ 2014-ൽ വിവാഹം ചെയ്യുമ്പോൾ അത്യാഢംബരപൂർണമായ ജീവിതമായിരുന്നു ഇസ്ലാം മെയ്താതിന്റെ സ്വപ്നം. എന്നാൽ, വിവാഹശേഷം സിറിയയിലേക്ക് പോയ മെയ്താതിന്റെ പിന്നീടുള്ള ജീവിതം ഐസിസ് ഭീകരർക്ക് നടുവിലായിരുന്നു. ഭർത്താവ് ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ, സുരക്ഷയ്ക്കായി അവർക്ക് രണ്ടുവട്ടംകൂടി വിവാഹം ചെയ്യേണ്ടിവന്നു. രണ്ടുമക്കളുടെ അമ്മയായ മെയ്താത് ഇപ്പോൾ ജ•-ദേശമായ മൊറോക്കോയിലേക്ക് പോകാനുള്ള ശ്രമത്തിലാണ്.

ബ്രിട്ടനിൽ വ്യവസായിയായിരുന്നു ഖലീൽ. മൊറോക്കോക്കാരിയായ മെയ്താത് വിവാഹത്തിനുശേഷം ബ്രിട്ടനിൽ ജീവിക്കാമെന്ന് മോഹിച്ചു. എന്നാൽ, ഭീകരസംഘടനയിലേക്ക് ആകർഷിക്കപ്പെട്ട ഖലീൽ അവളെ കൊണ്ടുപോയത് സിറിയയിലേക്കും. ഫാഷൻ ഡിസൈനറാകാൻ കൊതിച്ച മെയ്താത് വടക്കൻ സിറിയയിലെ ഐസിസ് കേന്ദ്രത്തിലെത്തപ്പെട്ടു.

ഇതിനിടെ, ഖലീൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇതോട, മെയ്താതിന്റെ ജീവിതം അനിശ്ചിതത്വത്തിലായി. സ്വന്തം സുരക്ഷയെക്കരുതി രണ്ട് ഐസിസുകാരെ വിവാഹം കഴിക്കേണ്ടിവന്നു. മൂന്നുവർഷത്തെ നരകയാതനകൾക്കുശേഷം അബ്ദുള്ള, മരിയ എന്നീ രണ്ടുമക്കൾക്കൊപ്പം റഖയിലെ ഐസിസ് കേന്ദ്രത്തിൽനിന്ന് അവൾ രക്ഷപ്പെട്ടു. ഖുർദിഷ് ശക്തികേന്ദ്രമായ ഖ്വാമിഷിയിലാണ് മെയ്താത് ഇപ്പോഴുള്ളത്.

നുണകളുടെ പരമ്പരയാണ് ഖലീൽ മെയ്താതിന് മുന്നിൽ നിരത്തിയത്. മൊറോക്കോയിലെത്തിയ മെയ്താതിനെ വിവാഹം കഴിച്ച ഖലീൽ, അവളെ ആദ്യം ദുബായിലേക്കാണ് കൊണ്ടുവന്നത്. ദുബായ് ജീവിതത്തിനിടെ, പറഞ്ഞുവിശ്വസിപ്പിച്ച് സിറിയയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ലണ്ടനിലേക്ക് പോകാൻ എളുപ്പമാർഗമെന്ന് പറഞ്ഞാണ് ഇസ്താംബുളിലേക്കും അവിടെനിന്ന് റഖയിലേക്കും പോയത്.

ആദ്യ കുട്ടിയെ ഗർഭിണിയായിരിക്കുമ്പോഴാണ് ഖലീൽ ആക്രമണത്തിൽ പങ്കെടുക്കാൻ പോയതും കൊല്ലപ്പെട്ടതും. ഭീകരരുടെ വിധവകൾ താമസിക്കുന്ന കേന്ദ്രത്തിലായി പിന്നീടുള്ള താമസം. ഗർഭിണിയായിരിക്കുമ്പോഴും തനിക്ക് സൈനിക പരിശീലനം നടത്തേണ്ടിവന്നതായി മെയ്താത് പറഞ്ഞു.

ഇവിടെനിന്ന് രക്ഷപ്പെടാനാണ് അഫ്ഗാനിസ്താൻകാരനായ അബ്ദുള്ളയെ മെയ്താത് വിവാഹം കഴിച്ചത്. എന്നാൽ, വിവാഹശേഷം എത്തിപ്പെട്ടത് റഖയിലെ ഐസിസ് കേന്ദ്രത്തിലും. രണ്ടുമാസത്തിനുശേഷം മെയ്താതിനെ അയാൾ മൊഴിചൊല്ലി. ഇന്ത്യക്കാരനായ അബു തൽഹ അൽ-ഹിന്ദിയെ പിന്നീട് വിവാഹം കഴിച്ചു. ഈ ബന്ധത്തിലാണ് രണ്ടാമത്തെ കുട്ടി ജനിച്ചത്.

ഒന്നരവർഷത്തിനുശേഷം അബു തൽഹയും കൊല്ലപ്പെട്ടതോടെയാണ് എങ്ങനെയും രക്ഷപ്പെടണമെന്ന് മെയ്താതിന് തോന്നിത്തുടങ്ങിയത്. ലണ്ടനിൽ ഫാഷൻ ഡിസൈനർ ആയില്ലെങ്കിലും, ജ•-നാടായ മൊറോക്കോയിൽ എത്തിപ്പെടണമെന്നേ അവർക്കിപ്പോൾ മോഹമുള്ളൂ.