തിരുവനന്തപുരം: കഴിഞ്ഞ വർഷം കേരളത്തിൽ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന യുവതി യുവാക്കളുടെ ചിത്രങ്ങൾ എൻ.ഐ.എ പുറത്തുവിട്ടു. കാസർകോഡ്, പാലക്കാട് ജില്ലകളിൽ നിന്നായി ആറ് ദമ്പതികളും രണ്ട് കുട്ടികളുമടക്കം 21 പേർ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഐ.എസിൽ ചേർന്ന സംഭവത്തിൽ കഴിഞ്ഞ ജൂലൈ മുതൽ എൻ.ഐ.എ അന്വേഷണം നടക്കുകയാണ്.

ജൂലൈ മുതൽ ഇവരെ കാണാനില്ലെന്ന് വ്യക്തമാക്കിയ എൻ.ഐ.എ, ഷഫീസുദ്ദീൻ തെക്കേകോലത്ത്, റഫീല, അജ്മല, ഷജീർ മംഗലശേരി, സിദ്ദിഖ് ഹുൾ അസ്ലം എന്നിവരൊഴികെയുള്ളവർക്കെതിരെ റെഡ് കോർനർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കാണാതായ ആറ് ദമ്പതികളും തമ്മിൽ ബന്ധമുണ്ടായിരുന്നതായി എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. കാണാനായ യുവതീ യുവാക്കൾ സലഫിസം പഠിക്കാനായി മലപ്പുറം അത്തിക്കുന്ന് മലയിലെ സലഫി സമൂഹത്തെ സമീപിച്ചിരുന്നതായും വിവരമുണ്ട്.

കാസർകോഡ് നിന്ന് കാണാതായ മലയാളി സംഘം ആഗോള തീവ്രവാദ, ഭീകര സംഘടനയായ ഐ.എസിൽ തന്നെയാണ് ചേർന്നിട്ടുള്ളതെന്നും ഇവർ അഫ്ദാനിസ്ഥാനിലെ നംങ്കഹാർ പ്രവിശ്യയിലാണെന്നും എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മലയാളി സംഘം തീവ്രവാദ സംഘത്തോടൊപ്പം ചേർന്നുവെന്നതിന് നിരവധി ശബ്ദ രേഖകളും സന്ദേശങ്ങളും തെളിവായി ഉണ്ടെങ്കിലും, സംഘം എവിടെയെന്നതിന് ഔദ്യോഗിക കണ്ടെത്തലുകളോ സ്ഥിരീകരണങ്ങളോ ഇതുവരെ ഉണ്ടായിരുന്നില്ല.

ഇതാദ്യമായാണ് മലയാളികൾ പോയത് ഐ.എസിലേക്കാണെന്നും ഇവർ തങ്ങിയിരിക്കുന്ന സ്ഥലം അടക്കം അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സംഘത്തോടൊപ്പമുണ്ടായിരുന്ന പാലക്കാട് നിന്നുള്ളവർ അടങ്ങുന്ന മറ്റൊരു ഐ.എസ് കേസ് എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. യാസ്മിൻ അറസ്റ്റിലായ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ യാസ്മിനുമായി ബന്ധപ്പെട്ടവരെ കൂടി ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

ബീഹാർ സ്വദേശിനിയായ യാസ്മിൻ വിവാഹ മോചിതയാണ്. പീസ് സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന യാസ്മിൻ ഐ.എസിൽ പോയ തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദ് അബ്ദുള്ള(30)യുടെ രണ്ടാം ഭാര്യയാണെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. എന്നാൽ റാഷിദ് ഐ.എസിൽ പോയ ശേഷം യാസ്മിനെ കൂടി അഫ്ഗാനിലേക്ക് കടത്താൻ ശ്രമിക്കുകയും യാസ്മിന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തുകയും ചെയ്തിരുന്നു.

കാസർകോഡ് സംഘത്തിന്റെ തിരോധാനത്തിന് ശേഷം കേരള പൊലീസ് അന്വേഷിച്ച കേസ് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. 21 അംഗ യുവതീ-യുവാക്കളടങ്ങുന്ന സംഘമാണ് ഐ.എസിലേക്ക് പോയതത്. ആറ് യുവതികളും മൂന്ന് കുട്ടികളും ഐ.എസിൽ പോയ സംഘത്തിൽ ഉണ്ടായിരുന്നു. ഈ തിരോധാന സംഭവത്തിന് ശേഷം ഇവരുടെ ബന്ധുക്കൾ കാസർകോട്ടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്താകുന്നത്.

എൻ.ഐ.എ സംഘം കേസ് ഏറ്റെടുത്തതോടെ സംഘത്തിന്റെ നമ്പരുകൾ, സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ നിരീക്ഷിച്ചിരുന്നു. കൂടാതെ ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലുള്ളവരെയും അടുത്ത് ഇടപഴകിയിരുന്നവരെയും ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ നിരീക്ഷണ വലയത്തിൽ ഉള്ളപ്പോയാണ് യാസ്മിൻ ഡൽഹി വിമാനത്താവളം വഴി ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കടക്കാൻ ശ്രമിച്ചത്.

പിടിക്കപ്പെടുമ്പോൾ യാസ്മിനൊപ്പം അഞ്ച് വയസുള്ള മകനും ഉണ്ടായിരുന്നു. യാസ്മിന്റെ അറസ്റ്റോടെ കേസിന് വലിയൊരു തുമ്പ് ലഭിക്കുകയായിരുന്നു. യാസ്മിനെ ചോദ്യം ചെയ്തതോടെ കൂടുതൽ തീവ്രവാദ ബന്ധങ്ങൾ കണ്ടെത്താനും തെളിവുകൾ സമാഹരിക്കാനും എൻ.എ.എക്ക് സാധിച്ചു.