കണ്ണൂർ: ഐസിസിൽ ചേർന്നുവെന്ന് സംശയിക്കുന്ന 21 പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽെ നിർണ്ണായക വഴിത്തിരിവെന്ന് എൻ.ഐ.എ. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ തിരച്ചിൽ നടത്തിയത്. പിടിയിലായവരെ രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്തതിൽ നിന്ന് സുപ്രധാന വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചു. എന്നാൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഐസിസിന് സഹായംനൽകി എന്നു സംശയിക്കുന്ന എട്ടുപേരെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കേരളത്തിൽനിന്നും കോയമ്പത്തൂരിൽ നിന്നുമായി അറസ്റ്റുചെയ്തത്. കേരളത്തിൽ അഞ്ചുപേരെ കണ്ണൂർ ജില്ലയിലെ പാനൂരിനടുത്ത കനകമലയിൽനിന്നും ഒരാളെ കോഴിക്കോട് കുറ്റ്യാടിയിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്.

കശുമാവിൻ തോട്ടത്തിൽ രഹസ്യകൂടിക്കാഴ്ച നടത്തുമ്പോഴാണ് കനകമലയിൽ അഞ്ചുപേരും പിടിയിലായത്. കണ്ണൂർ അണിയാരം സ്വദേശി മൻസീദ് (ഒമർ അൽ ഹിന്ദി), കോയമ്പത്തൂർ സ്വദേശി അബു ബഷീർ (റഷീദ്), തൃശ്ശൂർ സ്വദേശി സ്വാലിഹ് മുഹമ്മദ് ടി. (യൂസഫ്), മലപ്പുറം സ്വദേശി സഫ്വാൻ പി., കോഴിക്കോട് സ്വദേശി ജാസിം എൻ.കെ. എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കുറ്റ്യാടി വളയന്നൂർ സ്വദേശി റാംഷാദ് (ആമു)പിടിയിലായത്. കുറ്റ്യാടിയിൽ നിന്ന് മറ്റൊരാളെക്കൂടി കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. കേരള പൊലീസിനുപുറമേ, ഡൽഹി, തെലങ്കാന പൊലീസും അന്വേഷണത്തിൽ പങ്കാളികളായി. അബു ബഷീർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച രാത്രി കോയമ്പത്തൂർ ഉക്കടം ജി.എം.നഗറിൽനിന്ന് നവാസ് (24), മുഹമ്മദ് റഹ്മാൻ (26) എന്നിവരെ പിടികൂടിയത്. ചെന്നൈ, കോയമ്പത്തൂർ, മലപ്പുറം എന്നിവിടങ്ങളിൽ തിരച്ചിൽ നടക്കുകയാണ്. ഭീകരാക്രമണം നടത്തുന്നതിനുവേണ്ടി കേരളത്തിലെയും തമിഴ്‌നാട്ടിലെയും യുവാക്കൾ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കുന്നുവെന്ന വ്യക്തമായ വിവരം ലഭിച്ചതിനെത്തുടർന്നാണ് എൻ.ഐ.എ. തിരച്ചിലിനെത്തിയത്.

എൻ.ഐ.എ. ചെന്നൈ യൂണിറ്റ് ഐ.ജി. അനുരാജ് തങ്കിന്റെ നേതൃത്വത്തിലുള്ള ആറുപേരാണ് ഞായറാഴ്ച 12.30ഓടെ കനകമലയിലെത്തിയത്. സ്വകാര്യ കാറിലാണ് ആറുപേരും വന്നത്. ഐസിസ് ബന്ധം സംശയിക്കുന്നവർ തമ്പടിച്ചിരുന്നതിന് അല്പമകലെ ഇവർ കാർ നിർത്തി. ഇതിന് തൊട്ടടുത്തുള്ള മൊബൈൽ ടവറിനടുത്തുള്ള കുറ്റിക്കാട്ടിലാണ് ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരുമുണ്ടായിരുന്നത്. അഞ്ചുപേരും രഹസ്യമായി ഒത്തുചേരുന്ന സ്ഥലംവരെ എൻ.ഐ.എ. കൃത്യമായി മനസ്സിലാക്കിയിരുന്നു. ഐ.ജി.യടക്കം ആറുപേരും കശുമാവിൻതോട്ടത്തിലേക്ക് ഇരച്ചുകയറി. പന്തികേട് തോന്നിയതിനാലാവണം ഒത്തുചേർന്നവർ ചിതറിയോടി. ഇവരെയെല്ലാവരും അന്വേഷണസംഘം പിടികൂടി മൊബൈൽ ടവറിനോടുചേർന്നുള്ള സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലാക്കി.

കനകമലയിൽ തീവ്രവാദ പരിശീലനവും?

മേക്കുന്നിലെ കനകമലയിലും തീവ്രവാദ പരിശീലനം നടന്നുവെന്ന സംശയവും സജീവമാണ്. പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ ഒട്ടേറെപ്പേർ എത്തുന്ന കനകമലയെ നാട്ടുകാരും പരിസരവാസികളും ഇതുവരെ സംശയത്തോടെ കണ്ടിരുന്നില്ല. വിവരമറിഞ്ഞ് മലയിലേക്കുള്ള ദുർഘടപാതയിലൂടെ എത്തിയവരെക്കൊണ്ട് വഴികളെല്ലാം നിറഞ്ഞു. മലയുടെ മുകളിൽ മൊബൈൽ ടവർ പരിസരത്ത് പൊലീസ് നാട്ടുകാരെ തടഞ്ഞത് തർക്കത്തിനിടയാക്കി. റോഡിനിരുവശവും കശുമാവും കുറ്റിക്കാടുകളുമാണ്. ഇടുങ്ങിയ വഴികളിലൂടെ മലയുടെ മറുഭാഗങ്ങളിൽ നിന്ന് മലയിലെത്താം. ഞായറാഴ്ച എല്ലാവഴികളും നിറഞ്ഞു

മലയിലേക്കുള്ള റോഡ് അവസാനിക്കുന്നത് ഗുരുനിത്യചൈതന്യയതിയുടെ ഇഷ്ടകേന്ദ്രമായിരുന്ന നാരായണഗുരുകുലത്തിലാണ്. ഇവിടെയുള്ള നിത്യസ്‌നേഹ മന്ദിരത്തിനു ചുറ്റും കുറ്റിക്കാടുകളാണ്. വല്ലപ്പോഴും മാത്രമേ ഗുരുകുലത്തിൽ ആളുണ്ടാവുകയുള്ളൂ. ബാക്കിസ്ഥലം മുഴുവൻ വിജനമാണ്. ഇവിടെനിന്നാണ് അഞ്ചുപേരെ എൻ.ഐ.എ. സംഘം കീഴടക്കിയത്. നേരത്തേ പാനൂരിൽ സിഐ ആയിരുന്ന എ.പി.ഷൗക്കത്തലി ഇപ്പോൾ എൻ.ഐ.എ. സംഘത്തിലുണ്ട്. പിടിയിലായവരെയും കൊണ്ട് നാലുമണിയോടെ മൊബൈൽ ടവർ പരിസരത്തുനിന്ന് രണ്ട് വാഹനങ്ങളിലായി പുറത്തേക്ക്. നൂറുകണക്കിനാളുകൾ വാഹനത്തിനടുത്ത് എത്തി തടഞ്ഞു. 'മുഖം മൂടി മാറ്റണം' ഞങ്ങൾക്ക് ആളുകളെ കാണണം, വണ്ടി വിടില്ലെന്ന്ട അവർ പറഞ്ഞു. എൻ.ഐ.എ. ഐ.ജി. അനുരാഗ് തങ്ക്, വിക്രം എന്നീ ഉദ്യോഗസ്ഥർ പകച്ചു പോയി. പിന്നെ നാട്ടുകാരുടെ വക വാഹനത്തിലിടിയായിരുന്നു. പൊലീസ് ലാത്തിവീശി വാഹനത്തിന് വഴിയൊരുക്കിയാണ് അന്വേഷണ സംഘത്തെ മലയിറക്കിയത്.

:കഴിഞ്ഞവർഷം വരെ കനകമലയിലേക്ക് കുറെ സഞ്ചാരികളെത്തിയിരുന്നു. തകർന്ന റോഡ്, കാടുമൂടിയ വഴി, ആളൊഴഞ്ഞ ഇടം ഇതൊക്കെ സഞ്ചാരികളുടെ വരവ് കുറച്ചു. ഇതാണ് രഹസ്യതാവളം തേടി കുറച്ചുപേർ ഇവിടെയെത്താൻ കാരണം. ഏതാനും മാസങ്ങളായി ഇവിടത്തേക്കുള്ള റോഡിൽ വാഹനങ്ങളും ആൾ സഞ്ചാരവും കുറവാണെന്ന് നാട്ടുകാർ പറയുന്നു. ഈ സാഹചര്യം മുതലെടുത്താവാം ഇവിടെ അപരിചിതർ സംഘടിക്കുന്നതെന്ന് പ്രദേശവാസികളും പറയുന്നു. മലമുകളിൽ കുറ്റിക്കാടുകൾ തഴച്ചുവളരുന്നത് ഒളിത്താവളമാക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ