കണ്ണൂർ: ആത്മീയ തീവ്രവാദം കുത്തിവെക്കാൻ പ്രത്യേകം കഴിവുള്ള ആളാണ് ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ വയനാട്ടിലെ മുഹമ്മദ് ഹനീഫ. ഖുർ-ആനിലെ മാനവികതയെ തീവ്രവാദവുമായി ബന്ധപ്പെടുത്തി യുവാക്കളെ ഹരം കൊള്ളിക്കാൻ ഹനീഫയുടെ കഴിവ് അപാരമായിരുന്നു. തൃക്കരിപ്പൂർ പടന്നയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് പോയ 17 പേരും ഹനീഫയുടെ തീവ്രസലഫിസത്തിൽ ആകൃഷ്ടരായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

വിശുദ്ധയുദ്ധവും ദൈവരാജ്യവും പ്രഖ്യാപിച്ചാണ് ഹനീഫ ആത്മീയതീവ്രവാദം കുത്തിവെക്കുന്നത്. പടന്നയിൽ നിന്നും ഐസീസിലേക്കു പോയ അഷ്ഫാക്കിന്റെ പിതാവ് കെ.അബ്ദുൾ മജീദ് നല്കിയ പരാതിയെത്തുടർന്നാണ് വയനാട് കമ്പളക്കാട് ഒന്നാം മൈലിലെ 26 കാരനായ ഹനീഫക്കക്കെതിരെ കേസെടുത്തത്. നേരത്തെ തന്റെ മകന് പടന്നയിൽ വച്ച് ഹനീഫ നൽകിയ മതപഠനക്ലാസാണ് അവനെ ഐസീസിലേക്ക് ചേരാൻ പ്രേരിപ്പിച്ചതെന്ന് മുംബൈയിൽ വ്യാപാരിയായ മജീദ് മുംബൈ പൊലീസിന് പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് നൽകിയ വിവരമനുസരിച്ചാണ് കേരളാ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പെരിങ്ങത്തൂർ പുല്ലൂക്കരയിൽ ഇപ്പോൾ മതപഠന ക്ലാസ് നടത്തി വരികയാണ് ഫനീഫ. നേരത്തെ പടന്നയിൽ ക്ലാസെടുക്കാൻ എത്താറുണ്ട്. പടന്നയിലെ സലഫി മസ്ജിദിൽ 2 വർഷം മുമ്പ് ഇയാൾ ക്ലാസെടുത്തിരുന്നു. അതോടെയാണ് അബ്ദുൾ റാഷിദ,് ഡോ.ഇജാസ്, മർഹാൻ, എന്നിവരുൾപ്പെടെയുള്ളവർ തീവ്രവാദ നിലപാടുണ്ടായത്. തീവ്ര സലഫിസമാണ് ഇയാളുടെ ക്ലാസുകളിൽ ഉണ്ടാകാറുള്ളതെന്നുമാണ് സൂചന. പടന്നയിലെ ക്ലാസിനുശേഷം ഐസീസിൽ പോയവർ സംശയനിവാരണത്തിനായി ഹനീഫയെ ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് പുല്ലൂക്കരയിലെ സലഫി മസ്ജിദിൽ ഇയാൾ ഇമാമായി ചേർന്നത്. പുല്ലൂക്കരയിലും ഇയാൾ തീവ്രപ്രചരണത്തിനുള്ള ക്ലാസ് നടത്തിയിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്.

ഫനീഫ മതപഠന ക്ലാസ് നടത്തിയ സ്ഥലങ്ങളിൽ കുട്ടികൾ ബുദ്ധിവികാസം വരുന്ന സമയത്തു തന്നെ തീവ്രവാദ ആശയങ്ങൾ കുത്തിവച്ചിട്ടുണ്ടോ എന്നും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് യുവാക്കളെ ആകർഷിക്കാൻ ഹനീഫയുടെ പങ്ക് വലുതാണെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ കേരളത്തിൽ നിന്നും തീവ്രവാദ പ്രവർത്തനത്തിനായി ആളുകളെ കടത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച ഡോ. സാക്കിർ നായിക്കും റിസ്വാൻഖാനുമായും ഇയാൾ ബന്ധപ്പെട്ടിരുന്നതായും സൂചനയുണ്ട്. ഹനീഫക്കെതിരെ പരാതി മുംബൈ പൊലീസിന് നൽകിയതിനാൽ അവരുടെ സാന്നിധ്യത്തിലും ചോദ്യം ചെയ്യേണ്ടിവരും. ഒന്നുകിൽ മുംബൈ പൊലീസ് കണ്ണൂരിലെത്തും. അല്ലെങ്കിൽ ഹനീഫയെ മുംബൈയിൽ കൊണ്ടു പോകും. അതേസമയം കേരളത്തിൽ നിന്നും ഐസീസിയിലേക്ക് പോയവരുടെ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഹനീഫയെ കസ്റ്റഡിയിൽ വാങ്ങിയേക്കും.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ