ശ്രീനഗർ: ജെഎൻയുവിലെ പ്രശ്‌നങ്ങൾക്ക് പിന്നിൽ ഐസിസ് ബന്ധമുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. പ്രശ്‌നത്തിൽ ജെഎൻയു പ്രസിഡന്റ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹം ചുമത്തയിതിന് കാരണമായി പറയുന്നതും ഇതാണ്. ഉമർ ഖാലിദും കൂട്ടരും ഐസിസ് അനുഭാവികളാണെന്നും പറയുന്നവരുണ്ട്. ഈ വിമർശനത്തിനിടെയാണ് ജെഎൻയുവിലെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടവും സജീവമായത്. ദേശീയ വാദികൾ ജെഎൻയുവിന് വേണ്ടി ഒന്നിച്ചപ്പോൾ കനയ്യ കുമാറിന്റെ കാര്യത്തിൽ ചില വിട്ടുവീഴ്ചകൾക്കും കേന്ദ്ര സർക്കാർ തയ്യറായി. അതിനിടെയാണ് ഐസിസ് പതാക വിവാദം എത്തുന്നത്.

വെള്ളിയാഴ്ച ശ്രീനഗറിൽ ചില പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചായിരുന്നു അത്. ഇവയെല്ലാം സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. പൊലീസുമായി പലവട്ടം ഏറ്റുമുട്ടി. ഇതിനിടെയാണ് ഐസിസ് പതാക പ്രത്യക്ഷപ്പെട്ടത്. ജെഎൻയുവിന് നന്ദിയെന്ന് എഴുതിയാണ് ഒരാൾ ഇത് പ്രദർശിപ്പിച്ചത്. ജെഎൻയു സമരത്തിന് ഐസിസ് ബന്ധം ആരോപിക്കുന്നവർക്ക് കൂടുതൽ വാദങ്ങൾ ഇത് അവസരം ഒരുക്കുകയാണ്. ജെഎൻയുവിൽ വിഘടനവാദമില്ലെന്നും അഭിപ്രായ പ്രകടനമാണ് നടക്കുന്നതെന്ന വാദത്തെ പ്രതിരോധിക്കാൻ ഐസിസ് പതാക പ്രത്യക്ഷപ്പെടൽ സാഹചര്യം ഒരുക്കും. അഫസൽ ഗുരുവിനെ അനുകൂലിക്കുന്നവർ എന്ന ബാനറിലായിരുന്നു ശ്രീ നഗറിലെ പ്രകടനങ്ങൾ.

പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരുവിനെ അനുകൂലിച്ചായിരുന്നു യഥാർത്ഥത്തിൽ ശ്രീനഗറിൽ പ്രകടനം നടന്നത്. പാക്, ഐസിസ് പതാകകൾ വീശി നടന്ന പ്രകടനം അക്രമാസക്തമായി. 'നന്ദി ജെ.എൻ.യു' എന്ന ബാനർ ഉയർത്തി ചരിത്രമുറങ്ങുന്ന ജാമിയാപള്ളിക്കടുത്തായിരുന്നു പ്രകടനം. ജുമാ നമസ്‌കാരത്തിനു ശേഷം നടന്ന പ്രകടനത്തിൽ നിന്ന് പൊലീസിനു നേരെ കല്ലേറുണ്ടായി. തുടർന്ന് പ്രകടനക്കാരെ പിരിച്ചു വിടാൻ പൊലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ഈ സംഭവമാണ് പുതിയ യർച്ചകൾക്ക് വഴി വയ്ക്കുന്നത്. ജെഎൻയുവും ഐസിസുമായുള്ള ബന്ധത്തിന് ഈ പ്രകടനവും തെളിവാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ കണ്ടെത്തൽ. വിഷയത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി.

അതിനിടെ ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ വിവാദ ചടങ്ങിന്റെ വീഡിയൊ ഡൽഹി സർക്കാർ പരിശോധനയ്ക്ക് അയച്ചു. ഫോറൻസിക് ലബോറട്ടറിയിലാണ് വീഡിയൊ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ചടങ്ങിൽ കനയ്യ കുമാർ സംസാരിക്കുന്ന വീഡിയൊയാണ് പരിശോധനയ്ക്കായി അയച്ചത്. ഫെബ്രുവരി 9നാണ് ജവഹർലാൽ നെഹ്രു യൂനിവേഴ്‌സിറ്റിയിൽ അഫ്‌സൽ അനുസ്മരണ ചടങ്ങ് നടന്നത്. ഇതിനിടെ ഇന്ത്യ വിരുദ്ധ മുദ്രാവക്യങ്ങൾ വിളിച്ചെന്നാരോപിച്ച് രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഡൽഹി സർക്കാർ സംഭവത്തെ കുറിച്ചുള്ള വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കനയ്യകുമാർ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതിന് വീഡിയോയിൽ തെളിവില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അഫസൽ ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതിന് കനയ്യ കുമാറിനെതിരെയും ഡൽഹി യൂനിവേഴ്‌സിറ്റി മുൻ അദ്ധ്യാപകൻ എസ്എആർ ഗീലാനിക്കെതിരെയും കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു. ഈ കേസുകളിലെല്ലാം ശ്രീ നഗറിലെ ഐസിസ് പതാക വിഷയവും ഉയർത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. വിഘടനവാദം ലക്ഷ്യമിട്ടുള്ള ശക്തികൾ ജെഎൻയുവിൽ ശക്തമാണെന്ന ആരോപണം തുടരും.

അതിനിടെ ഒരു കാശ്മീരി മുസ്ലിം ആയിരിക്കുക എന്നത് തന്നെ കുറ്റമായി മാറിയിരിക്കുന്നതായി ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയും പ്രതികരിത്തു. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കണമെന്ന ബിജെപി അനുകൂലിയും സംവിധായകനുമായ അശോക് പണ്ഡിറ്റിന്റെ ആവശ്യത്തോട് ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു ഒമർ. അറസ്റ്റ് ചെയ്യപ്പെടാനോ ചോദ്യം ചെയ്യലിനായി വാറണ്ട് തരാനോ നിങ്ങൾ ഒരു കാശ്മീരി മുസ്ലിം ആയാൽ മതിയെന്ന അവസ്ഥ രാജ്യത്തുണ്ടാകുന്നുണ്ടെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.

ഷെഹ്‌ല റാഷിദിന്റെ പിന്തുണയോടെ ഡി.എസ്.യു നേതാവ് ഉമർ ഖാലിദ് കാശ്മീരിലേയ്ക്ക് രക്ഷപ്പെട്ടിരിക്കാനാണ് സാദ്ധ്യതയെന്നും ജെ.എൻ.യുവിൽ ഹുറിയത്ത് കോൺഫറൻസിന് വേണ്ടി പ്രവർത്തിക്കുകയാണ് ഷെഹ്‌ലയെന്നും അശോക് പണ്ഡിറ്റ് ട്വിറ്റിറിൽ പറഞ്ഞിരുന്നു. ഞാൻ ഒരു കാശ്മീരി മുസ്ലിം ആയതുകൊണ്ട് ബാബാ രാംദേവിന്റെ അനുയായി അല്ലാത്തതുകൊണ്ടും ചോദ്യം ചെയ്യലിന് തയ്യാറെടുക്കുകയായിരിക്കും നല്ലതെന്ന് മറുപടി ട്വീറ്റിൽ ഒമർ പരിഹസിച്ചു.