തിരുവനന്തപുരം: കേരളത്തിൽ ഐസിസ് ഭീതി പടരുന്ന സാഹചര്യത്തിൽ ദുരൂഹത നിലനിർത്തി ഒരാളെ കൂടി കാണാതായി. പാലക്കാട് കഞ്ചിക്കോട് സ്വദേശി ഷിബിയെയാണ് കാണാതായത്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കുറച്ച് ദിവസമായി കാണാതിരുന്ന ഷിബി കഴിഞ്ഞ ദിവസം സഹോദരന് മെസേജ് അയച്ചതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ നിന്നും നേരത്തെ കാണാതായ ഈസയും, യഹിയയുമായി ഷിബിക്ക് പരിചയമുണ്ടെന്നാണ് അറിയുന്നത്. യഹിയക്കൊപ്പം കോളെജിൽ പഠിച്ചിരുന്നതാണ് ഷിബിയെന്നാണ് വിവരം.

കാസർഗോഡ് നിന്നും കാണാതായവരെ കുറിച്ചന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ എസ്‌പി നിയമിച്ചു. ഡിവൈഎസ്‌പി സുനിൽബേബിയുടെ നേതൃത്വത്തിലുള്ള 20 അംഗ ടീമിനെയാണ് നിയമിച്ചത്. ഇതോടെ ദുരൂഹസാഹചര്യത്തിൽ കാസർകോട് നിന്നും പാലക്കാട് നിന്നും കാണാതായവരുടെ എണ്ണം 22 ആയി. കാസർകോട് നിന്നും 17 പേരെയും പാലക്കാട് നിന്നും അഞ്ചുപേരെയുമാണ് ഇതുവരെ കാണാതായിരിക്കുന്നത്.അതേസമയം കാണാതായവരിൽ ഒരാളെ മുംബൈയിൽ നിന്നും പിടികൂടിയിട്ടുണ്ട്.

കാസർകോട് തെക്കേ തൃക്കരിപ്പൂർ ബാക്കിരിമുക്കിലെ എളംപച്ചി സ്വദേശി ഫിറോസ് ഖാനെയാണ് മുംബൈയിൽ നിന്നും പിടികൂടിയത്. കേന്ദ്ര ഇന്റലിജൻസ് സംഘമാണ് ഇയാളെ ഞായറാഴ്ച പിടികൂടിയത്.ഒരാഴ്ച മുൻപ് ഇയാൾ വീട്ടിലേക്ക് വിളിച്ചിരുന്നു. കൂടെ ഉണ്ടായിരുന്ന ബാക്കിയുള്ളവർ സിറിയയിൽ ആണെന്നാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നത്. അപ്രത്യക്ഷരായ 21 പേരിൽ കാസർകോട് ജില്ലക്കാരായ 11 പേർക്കാണ് ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം. ഇവരിൽ അഞ്ചുപേർക്ക് ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നാണു കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രാഥമിക നിഗമനം.

ബന്ധുക്കൾക്ക് ഇവർ അവസാനമായി അയച്ച മൊബൈൽ, ഇന്റർനെറ്റ് സന്ദേശങ്ങളിലാണ് ഇതു തെളിയിക്കുന്ന പരാമർശങ്ങളുള്ളത്. അപ്രത്യക്ഷരായവരിൽ ചിലർ സിറിയയിലെ ഐസിസ് ക്യാമ്പിലാണെന്നാണ് ഫിറോസ് ഖാന്റെ സന്ദേശം. അതേസമയം, പാലക്കാട്ടുനിന്നു കാണാതായ ദമ്പതികളായ നാലുപേരുടെ ഐഎസ് ബന്ധം തെളിയിക്കുന്ന പരാമർശങ്ങളൊന്നും ലഭിച്ചിട്ടില്ല. കോഴിക്കോട് ജില്ലയിലെ വടകരയിൽനിന്നു മൂന്നുപേർകൂടി സംഘത്തിൽ ഉണ്ടെന്നു സംശയമുണ്ടെങ്കിലും ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല. കാസർകോട്ടുനിന്നു കാണാതായ 17 പേരിൽ ഏറ്റവും അവസാനമായി ബന്ധുക്കൾക്കു സന്ദേശം അയച്ചതു ഫിറോസ് ഖാൻ ആയിരുന്നു. കഴിഞ്ഞ മാസം 22നു കോഴിക്കോട്ടേക്കെന്നു പറഞ്ഞാണു ഫിറോസ് വീട്ടിൽനിന്നു പുറപ്പെട്ടത്.

കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലെ ഫോണിലേക്കു വിളിച്ച് തൃക്കരിപ്പൂരിൽനിന്നു ചിലർ സിറിയയിൽ എത്തിയിട്ടുണ്ടെന്നും ഐഎസ് ക്യാംപിലാണ് ഇവരെന്നും പറഞ്ഞിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും താൻ മുംബൈയിൽ ഉണ്ടെന്നും ഇക്കാര്യം ആരെയും അറിയിക്കരുതെന്നും ഫിറോസ് പറഞ്ഞതായാണു പൊലീസ് നൽകുന്ന വിവരം. ഫിറോസ് വിളിച്ച ഫോൺ നമ്പരിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്നാണു പിടികൂടിയത്.

അതിനിടെ പാലക്കാട് നിന്ന് അപ്രത്യക്ഷനായ യഹിയ അവസാനമായി ഉപയോഗിച്ച ഫോണും സിംകാർഡും അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടി. നാടുവിട്ടശേഷം യഹിയ വീട്ടിലേക്ക് അയച്ച വാട്‌സാപ്പ് നന്പർ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ മെയ് മാസം 16നാണ് യഹിയയും ഭാര്യ മറിയവും പാലക്കാട് യാക്കരയിലെ വീട്ടിൽ നിന്ന് ശ്രീലങ്കയിലക്ക് എന്ന് പറഞ്ഞ് പോകുന്നത്. അതുവരെ ഉപയോഗിച്ച ഫോണും എയർടെൽ സിംകാർഡും മറന്നുവച്ച ഇവർ സഹോദരൻ ഇസ രണ്ടു ദിവസം കഴിഞ്ഞ് ശ്രീലങ്കയിലേക്ക് പുറപ്പെടുമെന്നും അപ്പോൾ ഫോൺ എടുത്ത് ചെല്ലണമെന്നും അറിയിച്ചു. പക്ഷേ ഇസയും ഫോൺ എടുത്തില്ല.

ഈ ഫോണും സിംകാർഡുമാണ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുള്ളത്. ഫോണിൽ നിന്നും ഇവരുടെ തിരോധാനം സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ജൂലൈ 5നാണ് അവസാനമായി ബെസ്റ്റിൻ എന്ന യഹിയയുടെ ഒരു വാട്‌സാപ് സന്ദേശം എത്തിയത്. 'ഇവിടെ ഞങ്ങൾ എല്ലാവരും ഉണ്ട്, സേഫ് ആണ്. പുതിയ വീട് റെഡി ആകുന്ന തിരക്കിൽ ആണ്. ശ്രീലങ്കയിൽ അല്ല, വേറൊരു സ്ഥലത്താണ്. നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല എന്നു തുടങ്ങി ആരു ചോദിച്ചാലും ശ്രീലങ്കയിൽ ബിസിനസ് ചെയ്യാൻ പോയെന്ന് തന്നെ പറയണമെന്നും. വിളിക്കാൻ പറ്റുമ്പോൾ വിളിക്കാം എന്നുമായിരുന്നു സന്ദേശം.

അതേസമയം കേരളത്തിൽ നിന്നും ദൂരൂഹ സാഹചര്യത്തിൽ കാണാതായവരിൽ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ച കാസർഗോഡ് ജില്ലക്കാരായ 11 പേർക്കെതിരെ യുഎപിഎ (അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്റ്റ്) ചുമത്തും. കേസ് എൻഐഎയ്ക്ക് കൈമാറുന്നത് മുന്നോടിയായാണ് യുഎപിഎ ചുമത്തുന്നത്. ഇവരിൽ അഞ്ചുപേർക്ക് ഐഎസുമായി നേരിട്ടു ബന്ധമുള്ളതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.

കാസർഗോഡ് തൃക്കരിപ്പൂരിൽ നിന്നു കുടുംബങ്ങളെ കാണാതായ കേസിന്റെ അന്വേഷണം എൻഐഎക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇവരുടെ സോഷ്യൽ മീഡിയ, ഇ-മെയിൽ സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ ഐഎസ് ബന്ധമുള്ളതായി സംശയം ഉയർന്നിരുന്നു. നാൽപ്പതിലേറെ മലയാളികൾ ഐഎസിന്റെ ഭാഗമായി സിറിയയിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമായി ഉണെ്ടന്നാണ് എൻഐഎയ്ക്കു ലഭിച്ചിട്ടുള്ള വിവരം. കേരളത്തിലെ ആറു ജില്ലകളിൽനിന്നായി പ്രഫഷണലുകളടക്കം 44 പേരെ പശ്ചിമേഷ്യൻ ഭീകര സംഘടനയായ ഐഎസ് റിക്രൂട്ട് ചെയ്ത് സിറിയയിൽ എത്തിച്ചതായാണ് എൻഐഐ സംശയിക്കുന്നത്.