ബാഗ്ദാദ്: ഇരുനൂറിലധികം സ്ത്രീകളെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന് പിടിയിലായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ഒക്ടോബറിൽ ഇറാഖിലെ കിർകുക്കിൽ നടത്തിയ ആക്രമണത്തിൽ പിടികൂടിയ അമർ ഹുസൈൻ എന്ന 21 കാരനായ ഭീകരന്റേതാണ് വെളിപ്പെടുത്തൽ. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടാണ് ഇക്കാര്യം പറഞ്ഞത്. അതിൽ ചിലതിൽ കുറ്റബോധമുണ്ടെന്നും ഇയാൾ പറഞ്ഞു.

സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ഐസസിന്റെ പ്രാദേശിക കമാൻഡർമാർ അനുവാദം നൽകിയിരുന്നുവെന്ന് ഹുസൈൻ പറഞ്ഞു. യുവാക്കളായ ഭീകരന്മാർക്ക് ഇത് ആവശ്യമാണ്. ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും ഇയാൾ വാർത്താ ഏജൻസിയോട് പറഞ്ഞു.  വീടുകളിൽ കയറി സ്ത്രീകളെ മാനഭംഗപ്പെടുത്തിയിരുന്നു. യസീദി സ്ത്രീകളും മറ്റു ന്യൂനപക്ഷ സ്ത്രീകളുമായിരുന്നു ഇരകൾ-അയാൾ പറയുന്നു.

2013 ൽ ഐസിസിൽ ചേർന്നതു മുതൽ ഏതാണ്ട് അഞ്ഞൂറോളം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹുസൈൻ വെളിപ്പെടുത്തൽ. വെടിവച്ചോ തലയറുത്തോ ആണ് കൊല്ലുക. കൊലപാതകം ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ പിന്നീട് എളുപ്പമായി. പലപ്പോഴും ഏഴു മുതൽ പത്തു വരെ ആളുകളെ കൊല്ലും. ചിലപ്പോൾ 40 പേരെ വരെ കൊന്നിട്ടുണ്ടെന്നും ജയിലിൽ കഴിയുന്ന ഹുസൈൻ പറഞ്ഞു.

കിർകുക്കിലെ ആക്രമണത്തിൽ പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 99 പേരാണ് കൊല്ലപ്പെട്ടത്. തിരിച്ചടിയിൽ 63 ഐഎസ് ഭീകരരും കൊല്ലപ്പെട്ടിരുന്നു. അമർ ഹുസൈൻ നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കൊല്ലുകയും ചെയ്തിട്ടുണ്ടെന്നും എത്രപേരെ എന്നതു വ്യക്തമല്ലെന്നും കുർദിഷ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.