കണ്ണൂർ : ഐസിസിലും അൽഖ്വയ്ദയിലും പ്രവർത്തിക്കുന്ന മലയാളികൾ നൂറോളം പേർ എന്ന് സൂചന. ഇതിൽ മുപ്പതുപേരുടെ വിവരം കേന്ദ്ര രഹസ്യാന്ന്വേഷണ ഏജൻസികളുടെ പക്കലുണ്ട്. എന്നാൽ ഗൾഫിൽ ജോലി തേടി എത്തിയവരിൽ എത്ര പേർ ഇതുവരെ സിറിയയിൽ എത്തിയിട്ടുണ്ടെന്ന വ്യക്തമായ വിവരം നൽകാൻ ഏജൻസികൾക്കാകുന്നില്ല.

ദുബായ്, അബുദാബി, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ ജോലിക്കായ് പോയ മലയാളികളിൽ ചിലർ ഐസിസിൽ ആകൃഷ്ടരായതായും നേരത്തെ തന്നെ സിറിയയിൽ എത്തിച്ചേർന്ന് പോരാട്ടത്തിൽ പങ്കാളികളായതായും അനൗദ്യോഗിക വിവരമുണ്ട്. ഗൾഫിൽ പോയി കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ അവരുടെ ബന്ധുക്കൾ പൊലീസിനെയോ മറ്റധികാരികളെയോ അറിയിച്ചിരുന്നില്ല. അഭിമാനക്ഷതം മൂലവും മറ്റുള്ളവർ തങ്ങളെ അവിശ്വസിക്കാനും കാരണമാകുന്നതാണ് ഇത്തരക്കാരെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ കാരണം. നല്ല കുടുംബ പശ്ചാതലത്തിൽ പിറന്നവരും സമ്പൽസമൃദ്ധിയിൽ വളർന്നവരുമാണ് തീവ്രവാദ പ്രസ്ഥാനത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്.

ബംഗളുരുവിൽവച്ചും ദുബായ് ഉൾപ്പടെയുള്ള ഗൾഫ് നാടുകളിൽ വച്ചുമാണ് യുവാക്കൾ ഐസിസിലേക്ക് ആകർഷിക്കപ്പെടുന്നത്. നേരത്തെ റാസൽഖൈമയിലെ ന്യു ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളായ പത്തോളം പേർ ഐസിസുമായി ബന്ധപ്പെട്ടിരുന്നു. കോഴിക്കോട്ടെ റിയാദുൾ റഹ്മാന്റെ നേതൃത്ത്വത്തിലായിരുന്നു ഇത്. ശരിയായ മതബോധനം ഇവർക്കാർക്കും ലഭിച്ചിരുന്നില്ല. വീട്ടുകാരിൽ നിന്നും പലപ്പോഴും അകന്നു നിന്ന ഈ സംഘത്തിന്റെ ബന്ധം മനസ്സിലാക്കിയ യു.എ.ഇ സർക്കാർ ശക്തമായി ഇടപെട്ടതോടെ ഐസിസിലേക്ക് ചേർന്നവർ രണ്ടായി ചുരുങ്ങി. ഐസിസിൽ ചേരാൻ രാജ്യം വിട്ടവരെ കുറിച്ചുള്ള അന്വേഷണം രഹസ്യാന്വേഷണ വിഭാഗം സജീവമാക്കിയിട്ടുണ്ട് .

ഏതൊക്കെ എയർപോർട്ട് വഴിയാണ് അവർ രാജ്യം വിട്ടതെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട് ഇന്ത്യയുമായി നല്ല ബന്ധമുള്ള ഇറാനിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുവരെ ടർക്കി അതിന്റെ അതിർത്ഥി ഭദ്രമാക്കിയിരുന്നില്ല. എന്നാൽ സിറിയയിൽ യുദ്ധം ശക്തമായ സാഹചര്യത്തിൽ ടർക്കി അതിന്റെ രാജ്യാന്തര അതിർത്ഥിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കയാണ്. അതോടെ ഐസിസിൽ ചേരുന്നവർ സിറിയയിലേക്ക് പ്രവേശിക്കുന്നത് അഫ്ഗാൻ-ഇറാൻ വഴി ആയിരിക്കയാണ്. അഫ്ഗാനിസ്ഥാനിൽ നിന്നും കള്ളക്കടത്തുകാരുടെ സഹായത്തോടെയാണ് ഐസിസിൽ തേരുന്നവരുടെ യാത്ര.

കള്ളക്കടത്തുകാർക്കാ പണം നൽകിയാൽ അതിർത്ഥി കടത്തിക്കൊടുക്കാൻ അവർ സദാ സന്നദ്ധരാണ്. ഈ അവസരം മുതലെടുത്താണ് ഇന്ത്യ, ബംഗഌദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലുള്ള യുവാക്കൾ സിറിയയിലേക്ക് കടക്കുന്നത്. ഇത്രയും സാഹസപ്പെട്ട് സ്വർഗ്ഗരാജ്യത്തെത്തിയാലും കടമ്പകൾ ഏറെയാണ്. ഐസിസിന്റെ പോരാളിയാകാനാണ് യുവാക്കൾ ഇത്രയും സാഹസപ്പെട്ട് എത്തുന്നത്. എന്നാൽ അവിടെ ഐസിസിന്റെ ഒട്ടേറെ പരിശോധനകൾക്ക് വിധേയരാകണം. കഴിഞ്ഞ വർഷം ഐസിസ് സങ്കേതത്തിൽ നിന്നും മറാഠി യുവാവിന്റെ അനുഭവം ഇങ്ങനെ.

ദൈവരാജ്യം സ്ഥാപിക്കാനുള്ള വിശുദ്ധ യുദ്ധത്തിൽ പങ്കെടുക്കാനുള്ള അഭിനിവേശത്തിലാണ് ഇയാൾ ടർക്കി വഴി സിറിയയിൽ എത്തിയത്. മുൻകൂട്ടി ലഭിച്ച നിർദ്ദേശമനുസരിച്ച് ഐസിസ് പ്രാദേശിക കമാന്റർ അറബിയിൽ ശാരീക പരിശോധന നടത്താൻ ഉത്തരവിട്ടു. അതു പ്രകാരം ശാരീരിക ക്ഷമത പരിശോധിക്കാനുള്ള സമിതി മുൻപാകെ എത്തി. അവർ പോരാളി ആകാനുള്ള യുവാവിന്റെ ആഗ്രഹത്തിന് പച്ചക്കോടി കാട്ടിയില്ല. ഐസിസ് പോരാളികൾ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകാനായിരുന്നു നിർദ്ദേശം. ഭീഷണി ഭയന്ന് എല്ലാം ഇയാൾ അനുസരിച്ചു.

കൂടെയുള്ള ബംഗഌദേശ് യുവാവും പോരാട്ട മോഹത്തിലാണ് സിറിയയിലെത്തിയത്. അയാൾക്ക് ലഭിച്ചത് ശുചിമുറി വൃത്തിയാക്കലായിരുന്നു. ഈ രണ്ടു യുവാക്കളും അതോടെ തിരിച്ച് സ്വരാജ്യത്തിലെത്താനുള്ള ശ്രമം തുടങ്ങി. രണ്ടുപേരും സിറിയൻ അതിർത്ഥി കടക്കാൻ ശ്രമിക്കവെ ഐസിസ് അക്രമത്തിന് വിധേയരായി. ബംഗഌദേശ് യുവാവ് വെടിയേറ്റു മരിച്ചു. കഷ്ടിച്ചു രക്ഷപ്പെട്ട മറാഠി യുവാവ് മുംബൈയിലെത്തി നടന്ന കാര്യങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇയാൾ മംബൈയിൽ ഇപ്പോൾ കുടുംബ ജീവിതം നയിച്ചു പോന്നു.