കാസർഗോഡ്: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദവുമായി ബന്ധപ്പെട്ട് ചേർത്തു വിളിക്കേണ്ട പേരായി മാറിയിരിക്കയാണ് തൃക്കരിപ്പൂരിനടുത്ത പടന്ന എന്ന നാട്. പടന്നയിലും തൃക്കരിപ്പൂരിലും നിന്ന് പതിനൊന്നു പേരാണ് ഐസിസുമായി ബന്ധപ്പെട്ട് രാജ്യം വിട്ടത് എന്നാണ് സൂചന. ഈ മേഖലയിൽ ഇതും ഇതിലപ്പുറവും സംഭവിക്കുമെന്ന് നാട്ടുകാർ സ്വകാര്യ സംഭാഷണത്തിൽ ഉറപ്പിക്കുന്നു.

അതിൽ കൂടുതൽ എന്തെങ്കിലും ചോദിച്ചാൽ ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് അവർ മാറും. പിന്നെ ഞാനൊന്നുമറിയില്ല എന്ന നിലപാടിലാണ് ഇവിടത്തെ സാധാരണ ജനങ്ങൾ. എല്ലാവരും എന്തൊക്കയോ ഭയപ്പെടുന്നുവെന്നു വ്യക്തം. മുംബൈ ബന്ധമുള്ള വടക്കേ മലബാറിലെ പ്രധാന കേന്ദ്രമാണ് പടന്ന. മുംബൈയിൽ നല്ലതും ചീത്തയുമായതും അസാന്മാർഗിക ബന്ധമുള്ളതുമായ കച്ചവടം നടത്തുന്നവർ പടന്നയിലുണ്ട്. അതുകൊണ്ടുതന്നെ അതിന്റെയെല്ലാം അലയടികൾ പടന്നയിലും നടക്കും. ചന്ദേര പൊലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ കാലങ്ങളിൽ എത്തിയിരുന്ന എസ്.ഐ. മാരേയും പൊലീസുകാരേയും പ്രലോഭനങ്ങളിൽ വീഴ്‌ത്താറും പതിവാണ്. പൊലീസ് നടപടി ഭയക്കാതെ ഈ മേഖലയിൽ തീവ്രവാദമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സജീവമാകാൻ ഇതെല്ലാം കാരണങ്ങളായി.

അധോലോക പ്രവർത്തനത്തിന് വളക്കൂറുള്ള മണ്ണായി മാറിയിരിക്കയാണ് പടന്നയും പരിസരവും. ഒരു വിഭാഗം ജനത അതിസമ്പന്നതയിൽ കഴിയുന്നു. എങ്ങനെ പണമെത്തുന്നുവെന്നത് ആർക്കുമറിയില്ല. അത്യന്താധുനിക വാഹനങ്ങൾ, ആർഭാടവസതികൾ തുടങ്ങിയവയെല്ലാം അവർക്ക് സ്വന്തം. ഇവർക്കൊക്കെ ശക്തമായ മുംബൈ ബന്ധവുമുണ്ട്. എങ്ങനെ ഇവിടെ പണമെത്തുന്നുവെന്നത് അന്വേഷിക്കാൻ ആരുമില്ല.

പടന്ന ടൗണിൽ നിന്നും ഏറെ അകന്ന് ഒറ്റപ്പെട്ട നിലയിലാണ് ചന്ദേര പൊലീസ് സ്‌റ്റേഷന്റെ കിടപ്പ്. അതുകൊണ്ടുതന്നെ പടന്നയിൽ എന്തു നടന്നാലും ആര് വന്നാലും നാട്ടുകാരെല്ലാമറിഞ്ഞാലും പൊലീസ് അറിയാറില്ല. അറിഞ്ഞാലും അറിഞ്ഞ ഭാവം നടിക്കാറില്ല. എല്ലാത്തരം അസാന്മാർഗിക പ്രവർത്തനങ്ങൾക്കും അതു താങ്ങായി. രണ്ടു വർഷം മുമ്പ് തന്റെ മകനെ തീവ്രവാദപ്രവർത്തനങ്ങളിലേക്ക് വശീകരിക്കുന്നുണ്ടെന്ന് പറഞ്ഞ് ഒരു മാതാവ് പഞ്ചായത്ത് അധികാരികളെ സമീപിച്ചതായി ഇവിടെയുള്ളവർ പറയുന്നു. എന്നാൽ ഇതു പുറത്തറിഞ്ഞാൽ നിങ്ങളടക്കം കുടുങ്ങുമെന്ന് പറഞ്ഞ് അവരെ പറഞ്ഞു വിടുകയായിരുന്നുവെന്ന് ഇവിടെ സംസാരമുണ്ട്. പടന്നയിലെ തീവ്രവാദ ബന്ധം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ലെന്ന് വ്യക്തമാക്കുന്നതാണ് അവിടത്തെ സാഹചര്യം.

ഐസിസിൽ ചേർന്നുവെന്നു കരുതുന്ന ഡോ. ഇജാസിന്റെ വീട്ടിൽ പാലക്കാട്ട് സ്വദേശിയായ ഈസ വർഷങ്ങൾക്കു മുമ്പ് തന്നെ വരാറുണ്ടായിരുന്നു. മൂന്നോ നാലോ പേരുമായി വരുന്ന ഈസക്ക് മതപുരോഹിതന്റെ പരിഗണനയാണ് വീട്ടിൽ ലഭിക്കാറ്. ദിവസങ്ങൾ ഇവിടെ അദ്ദേഹം ചെലവഴിക്കാറുണ്ട്. ഈസയാണ് തീവ്രവാദ പ്രസ്ഥാനങ്ങളുമായി പടന്നയിലെ 11 പേരേയും ബന്ധപ്പെടുത്തിയത്.

ഡോ. ഇജാസാകട്ടെ, സ്വന്തം വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാറില്ല. കാരണം മുംബൈയിൽ ഹോട്ടൽ നടത്തുന്ന പിതാവ് അസാന്മാർഗിക രീതിയിലാണ് പണം സമ്പാദിക്കുന്നതെന്നാണ് അയാളുടെ വിശ്വാസം. അത്തരം പണത്തിൽ നിന്നും ഭക്ഷണവും മറ്റും അനുഭവിക്കുന്നത് അനിസ്ലാമികമെന്നാണ് അയാളുടെ അഭിപ്രായം. ഇതുകൊണ്ടു തന്നെയാണ് ഇയാൾ കൂടുതൽ മതകാര്യങ്ങളിലേക്കു തിരിഞ്ഞതും പിന്നീട് തീവ്രവാദം തെരഞ്ഞെടുത്തതും. ഡോ. ഇജാസിന്റെ വീട്ടിൽനിന്നും ഭാര്യയും സഹോദരനുമടക്കം അഞ്ചു പേരാണ് ഐസിസിലേക്ക് പോയത്. എന്നാൽ ഇയാൾ പോയതിന്റെ വലിയൊരു മനോവിഷമമൊന്നും ബന്ധുക്കളിൽ പ്രകടമല്ല. അബ്ദുൾ റാഷിദിന്റെ കാര്യത്തിലും ഇതു തന്നെ സ്ഥിതി.

സമ്പന്നരായ എട്ടു പേരാണ് പടന്നയിൽ നിന്നും രാജ്യം വിട്ടത്. ഇടത്തരക്കാർ മൂന്നുപേരും. രാജ്യദ്രോഹ പ്രവർത്തനങ്ങൾ ഈ മേഖലയിൽ ഏറെക്കാലമായി അരങ്ങേറുന്നുണ്ട്. കള്ളനോട്ട്, കള്ളക്കടത്ത്, പാസ്‌പ്പോർട്ട് തട്ടിപ്പ്, കഞ്ചാവ് കടത്ത്, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒളിത്താവളവും പടന്നയിലുണ്ടെന്ന് പറയുന്നു. രണ്ടും മൂന്നും പാസ്‌പ്പോർട്ട് ഉള്ളവരും ഇവിടെയുണ്ട്. കാര്യങ്ങളെല്ലാം പൊലീസിന് അറിയാമെങ്കിലും നടപടികളൊന്നുമെടുക്കാതെ കാഴ്ചക്കാരാവുന്നതാണ് നാട്ടുകാരുടെ അനുഭവം.

വർഷങ്ങൾക്കു മുമ്പ് കുടകിൽ നിന്നും ഒരു പെൺകുട്ടിയെ ഈ പ്രദേശത്ത് തട്ടിക്കൊണ്ടു വന്നിരുന്നു. കർണ്ണാടക പൊലീസ് ഇവരെത്തേടിയെത്തിയെങ്കിലും പ്രതികൾക്കനുകൂലമായി നിലപാടെടുത്തവരാണ് ചന്ദേര പൊലീസ്. ഈ പെൺകുട്ടിയെ പ്രതികൾ എങ്ങോട്ട് കടത്തിക്കൊണ്ടു പോയെന്ന് ഇപ്പോഴും അജ്ഞാതമാണ്. പടന്നയിലെ ഇത്തരം സാഹചര്യങ്ങൾക്കെതിരെയൊന്നും പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് രാഷ്ട്രീയ സംഘടനകൾ.