കോഴിക്കോട്/കൊച്ചി: കേരളത്തിൽ നിന്നും കാണാതായ മലയാളി സംഘം എത്തപ്പെട്ടത് ആഗോള ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റി(ഐസിസ്)ന്റെ ക്യാമ്പിലേക്കു തന്നെ. പാലക്കാട് സ്വദേശികളായ യഹ്‌യ, ഈസ ഇവരുടെ ഭാര്യമാർ, കാസർക്കോട് തൃക്കരിപ്പൂർ, പടന്ന എന്നിവിടങ്ങളിൽ നിന്നുമായി കാണാതായ രണ്ട് കുട്ടികളടക്കമുള്ള സംഘമാണ് ഐസിസ് ക്യാമ്പിൽ എത്തിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലായി ഈ സംഘത്തിൽപ്പെട്ട പലരും വീട്ടുകാർക്കും ബന്ധുക്കൾക്കും അയച്ച സന്ദേശങ്ങളും മുംബൈയിൽ നിന്നും യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത രണ്ടു പേരിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഐസിസിലേക്ക് എത്തിയെന്നുള്ള നിഗമനത്തിൽ അന്വേഷണ സംഘം എത്തിയിട്ടുള്ളത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനും ദേശീയ സുരക്ഷാ ഏജൻസിക്കും ഇതുസംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്ന മുറക്ക് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് അറിയുന്നത്.മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷൻ, കേരളത്തിൽ എം.എം അക്‌ബറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോഴിക്കോട്ടെ പീസ് ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങളും അന്വേഷ ഏജൻസിയുടെ സംശയത്തിലാണുള്ളത്.

കാണാതായ സംഘത്തിൽപ്പെട്ട മിക്ക ആളുകൾക്കും ഈ രണ്ട് സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്നതാണ് ഇവ ഗൗരവമായി അന്വേഷണത്തിന്റെ പരിതിയിൽ കൊണ്ടു വന്നിട്ടുള്ളത്. സാക്കിർ നായിക്കിന്റെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് ഇന്നലെ അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. മുംബൈയിൽ നിന്നും അറസ്റ്റിലായ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷൻ ഗസ്റ്റ് റിലേഷൻ ഓഫീസർ അർഷിദ് ഖറേഷി(45), സുഹൃത്ത് റിസ്‌വാൻ ഖാൻ (43) എന്നിവരെ ഇന്നലെ കോടതിയിൽ ഹാജരാക്കിയ സാഹചര്യത്തിൽ പൊലീസ് ഐസിസ് ബന്ധം സ്ഥിരീകരിക്കുന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.

പാലക്കാട് യാക്കര സ്വദേശി ബെൻസ്റ്റൺ എന്ന യഹിയയുടെ ഭാര്യ മെറിൻ മറിയത്തെ നിർബന്ധിച്ച് മതം മാറ്റിയെന്നും ഐസിസിലേക്ക് റിക്രൂട്ട് ചെയ്തു എന്നുമുള്ള സഹോദരൻ എബിൻ പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യു.എ.പി.എ ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതിയാണ് ഭർത്താവ് യഹിയ. ഇവർ മൂവരും ചേർന്ന് ഐസിസിലേക്ക് റിക്രൂട്ട് ചെയ്തതായും സഹോദരൻ എബിനെയും മതം മാറ്റി റിക്രൂട്ട് ചെയ്യാൻ പ്രേരിപ്പിച്ചിരുന്നതായും പൊലീസിന്റെ റിപ്പോർട്ടിലുണ്ട്. ഈ സംഭവവും അന്വേഷണ ഏജൻസികൾ പങ്കു വെയ്ക്കുന്ന പുതിയ നിഗമനങ്ങളും സ്ഥിരീകരിക്കുന്നത് സംഘം ഐസിസ് ക്യാമ്പിൽ എത്തിയെന്നു തന്നെയാണ്.

കാസർകോഡ് നിന്നും കാണാതായ അഷ്ഫാഖ് മജീദിനെ അർഷിദ് ഖുറേഷിയോടൊപ്പം മുംബൈയിൽ നിന്നും എബിൻ കണ്ടിരുന്നു. എബിൻ മുംബൈയിലുണ്ടായിരുന്ന കാലയളവിൽ യഹിയ, സഹോദരൻ, ഈസ, അർഷിദേ ഖുറേഷി എന്നിവർ ചേർന്ന് മതം മാറ്റാൻ ശ്രമിച്ചിരുന്നു. ഇതോടെ ഇവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാൽ മുംബൈയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത സഹോദരി മെറിൻ നാലുമാസത്തെ മുംബൈ ജീവിതത്തിനൊടുവിൽ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ജിഹാദി ചിന്തകളും സംസാരങ്ങളും എബിനുമായി പങ്കുവച്ചിരുന്നു. മുസ്ലിം സഹോദരങ്ങൾക്ക് വല്ലതും സംഭവിച്ചാൽ തോക്കെടുക്കാനും യുദ്ധം ചെയ്യാനും വരെ തയ്യാറാകുമെന്നും എബിനോടു പറഞ്ഞിരുന്നു.

ഇതാണ് എബിനെ പൊലീസിൽ പരാതി നൽകാൻ കൂടുതൽ പ്രേരിപ്പിച്ചത്. എന്നാൽ എബിന്റെ പരാതിയും മൊഴിയും ശരിവെക്കുന്നതായിരുന്നു പിന്നീടുള്ള അന്വേഷണം. എബിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സാക്കീർ നായിക്കുമായി അടുത്ത ബന്ധമുള്ള ഖുറേഷി, റിസ്‌വാൻ ഖാൻ എന്നിവരുടെ അറസ്റ്റിലേക്ക് എത്തിച്ചത്. എന്നാൽ ഖുറേഷിയുമായും സാക്കിർ നായിക്കിന്റെ സ്ഥാപനവുമായും അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ് കാണാതായവരിൽ പലരും. മുംബൈയിലെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷനുമായി മലയാളികളെ ബന്ധപ്പെടുത്തിയിരുന്നത് കോഴിക്കോട്ടെ പീസ് ഫൗണ്ടേഷൻ വഴിയായിരുന്നു.

കേരളത്തിലെ മുജാഹിദ് സംഘടനയുടെ നേതാവ് എം.എം അക്‌ബർ നേതൃത്വം കൊടുക്കുന്ന കോഴിക്കോട്ടെ പീസ് സ്‌കൂൾ പബ്ലിക്ക് റിലേഷൻ ഓഫീസർ ആയിരുന്ന കാസർകോട് സ്വദേശി റഷീദ് അബ്ദുള്ള കാണാതായ സംഘത്തിലുണ്ട്. എന്നാൽറഷീദ് അയച്ച ചില നിർണായക വിവരങ്ങൾ അന്വേഷണ ഏജൻസിക്കു ലഭിച്ചിട്ടുണ്. കാണാതായ സംഘങ്ങളിൽപ്പെട്ട പലരുടെ സന്ദേശങ്ങളും ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചിരുന്നു.

എന്നാൽ റഷീദ് സന്ദേശങ്ങൾ അയച്ചിരുന്നത് പീസ് സ്‌കൂളിലെ ജീവനക്കാരനായ ഒരു യുവാവിനായിരുന്നു. സുഹൃത്തും സഹപ്രവർത്തകനുമായ ഇയാളെ ജിഹാദിന് ക്ഷണിച്ചു കൊണ്ടുള്ള സന്ദേശങ്ങളായിരുന്നു അയച്ചിരുന്നത്. ഇപ്പോൾ റഷീദ് അടക്കമുള്ള സംഘം എത്തിയിരിക്കുന്നത് അഫ്ഗാനിസ്ഥാനിലാണെന്നും ഇവർക്ക് ഐസിസ് ക്യാമ്പിലാണുള്ളതെന്നും സന്ദേശത്തിലുണ്ട്. ഖലീഫ ബാഗ്ദാദിയുടെ അതീനതയിലുള്ള അഫ്ഗാൻ ബോർഡറായ വിലായത്ത് കോറസാനിലാണ് സംഘം ഇപ്പോൾ ക്യാമ്പ് ചെയ്യുന്നത്. ഖലീഫക്കു കീഴിലെ അമീർ ഹാഫിസ് സയ്ദ് ഖാന്റെ നേതൃത്വത്തിലുള്ള ഐസിസ് ക്യാമ്പിലാണ് മലയാളിസംഘം എത്തിയിരിക്കുന്നത്.

ഇറാഖിനും സിറിയക്കും അപ്പുറം അഫ്ഖാനിസ്ഥാന്റെ വിവിധ പ്രവിശ്യകളിലായി വ്യത്യസ്ത പേരുകളിൽ ഐഎസ് ക്യാമ്പുകൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ. കാണാതായ മലയാളികളുടെ സന്ദേശങ്ങളെല്ലാം എത്തിയിരിക്കുന്നതും അഫ്ഗാൻ ബോർഡറിൽ നിന്നാണ്. ഇവരുടെ സന്ദേശങ്ങൾക്കെല്ലാം സമാന സ്വഭാവമുണ്ടെന്നുള്ളതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കാസർഗോഡ് പടന്നയിലെ ഡോ.ഇജാസിന്റെ ഭാര്യ റിഫൈല അയച്ച സന്ദേശവും ഐസിസ് ക്യാമ്പിലാണെന്ന സ്ഥിരീകരണമാണുള്ളത്. പ്രത്യേക ക്യാമ്പിലാണെന്നും മകൻ മദ്രസയിൽ പോയിട്ടുണ്ടെന്നും റിഫൈലയുടെ സന്ദേശത്തിലുണ്ട്. കറന്റും മറ്റു സൗകര്യങ്ങളും ഇല്ലെങ്കിലും ചിക്കനും മട്ടനും അടക്കമുള്ള സുഭിക്ഷമായ ഭക്ഷണവും ഇവിടെ ലഭ്യമാണെന്നും അയച്ചിട്ടുണ്ട്.

മറ്റാരെല്ലാം ക്യാമ്പിലുണ്ടെന്നോ എവിടെയാണെന്നോ റിഫൈല വ്യക്തമാക്കിയിരുന്നില്ല. എന്നാൽ റഷീദിന്റെ സന്ദേശത്തിൽ പാലക്കാട് യാക്കരയിലെ സഹോദരങ്ങളായ ഹിയയുടെയും ഈസയുടെയും വിവരങ്ങളും അയച്ചിരുന്നു. ഐസിസ് ക്യാമ്പിലെത്തിയ ഈസക്കും യഹിയക്കും പ്രത്യേക അസൈന്മെന്റ് നൽകിയിട്ടുണ്ടെന്നും ഇത് പൂർത്തിയാക്കിയതായും റഷീദിന്റെ സന്ദേശത്തിലുണ്ട്. ഇത് കൂടുതൽ അന്വേഷണ വിധേയമാക്കുകയാണ് അന്വേഷണ സംഘം. റഷീദ് സന്ദേശമയച്ച യുവാവും നിരീക്ഷണത്തിലാണിപ്പോൾ. എം.എം അക്‌ബറിന്റെ പീസ് സ്‌കൂളിൽ വച്ച് പല തവണ കാണാതായ സംഘം ക്ലാസ് നടത്തിയിട്ടുണ്ടെന്നും ഇവരിൽ പലരും ഖുറേഷിയുമായും സാക്കിർ നായിക്കുമായും അടുത്ത ബന്ധം പുലർത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

മതം മാറ്റുന്നതിനായി നിരവധി പേരെ കേരളത്തിലും മുംബൈയിലുമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളിൽ എത്തിച്ചിരുന്നതായും വിവരമുണ്ട്. അറിയപ്പെടുന്ന മത പ്രഭാഷകരായ സാക്കിർനായിക്ക്, എം.എം അക്‌ബർ എന്നിവരും ഇവർ നേതൃത്വം നൽകുന്ന സ്ഥാപനങ്ങൾക്കും ഐഎസ് റിക്രൂട്ട്‌മെന്റിനുള്ള പങ്ക് അന്വേഷിച്ചു വരികയാണ്. ഇവരുടെ പങ്ക് തെളിയുന്നതോടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്കായിരിക്കും നീങ്ങുക. കാണാതായ റഷീദുമായും മറ്റു ചിലരുമായും അടുത്ത സുഹൃത്ത് ബന്ധമായിരുന്നു മുജാഹിദ് നേതാവ് എം.എം അക്‌ബറിന് ഉണ്ടായിരുന്നത്. ഇവരുമായൊത്തുള്ള എം.എം അക്‌ബറിന്റെ ഫോട്ടോകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാക്കിർ നായിക്കിന്റെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷന്റെ കേരളത്തിലെ വാഹകനും പ്രചാരകനുമാണ് അക്‌ബർ. ഇദ്ദേഹവുമായി ബന്ധമുള്ള സലഫി പ്രവർത്തകരാണ് ഇവരുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ഖുറേഷിയെയും റിസ്‌വാൻ ഖാനെയും അന്വേഷണ സംഘം 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിച്ചിട്ടുണ്ട്. നിർബന്ധിത മതംമാറ്റം, ഐഎസ് റിക്രൂട്ട്‌മെന്റ്, ഇതിനു ആരൊക്കെ നേതൃത്വം നൽകി എന്നുള്ള നിർണായക വിവരങ്ങളാണ് ഇരുവരിൽ നിന്നും ലഭിക്കാനുള്ളത്. കാസർകോഡ്, പാലാരിവട്ടം, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത തിരോധാന സംഭവങ്ങളിൽ പ്രത്യേകം ചോദ്യം ചെയ്യൽ ഉണ്ടാകും. കേരളാ പൊലീസിനു പുറമെ എൻ.ഐ.എയും കേസ് അന്വേഷിക്കുന്നുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും മറ്റു സുരക്ഷാ ഏജൻസികളുടെയും ഏകോപനത്തോടെയാണ് ഇപ്പോൽ അന്വേഷണം നടക്കുന്നത്.