കൊച്ചി : ഐസിസുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികൾ അടക്കമുള്ള യുവതീയുവാക്കളെ വിദേശത്തേക്കു കടത്തിയെന്ന കേസിൽ അറസ്റ്റിലായ മുംബൈ സ്വദേശികളായ അർഷി ഖുറേഷി, റിസ്‌വാൻ ഖാൻ എന്നിവരെ കേസിൽ കുടുക്കാനുള്ള തെളിവുകളൊന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. അതിനിടെ മതമാറ്റ ആരോപണത്തിന്റെ പേരിൽ കേസെടുക്കാൻ കഴിയില്ലെന്നും പൊലീസ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ പൊലീസ് കൂടുതൽ ദിവസത്തേക്കു കസ്റ്റഡിയിൽ ചോദിക്കാൻ സാധ്യതയില്ല. ഈ മാസം എട്ടുവരെയാണു പ്രതികളെ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

പൊലീസിന്റെ ചോദ്യം ചെയ്യലിനോടു പ്രതികൾ സഹകരിക്കാത്തതും ഇവരുടെ വിദേശബന്ധങ്ങൾ അന്വേഷിച്ചു തെളിവു കണ്ടെത്താൻ കേരളാ പൊലീസിനുള്ള പരിമിതികളുമാണ് പ്രശ്‌നമാകുന്നത്. അതിനാൽ പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങിയിട്ടും ഫലമില്ല. കേസ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)ക്കു കൈമാറാൻ നീക്കമുണ്ടായെങ്കിലും ഏറ്റെടുക്കാൻ അവരും തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം കിട്ടാൻ പോലും സാധ്യതയുണ്ട്. രാജ്യാന്തര ഭീകരസംഘടനയിൽ പ്രവർത്തിക്കാൻ വേണ്ടിയാണ് മലയാളി യുവാക്കളെ മതം മാറ്റിയ ശേഷം വിദേശത്തേക്കു കടത്തിയതെന്നാണ് ഇവർക്കെതിരായ പരാതി.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ(യുഎപിഎ) പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയ പ്രതികളെ 20 ദിവസത്തേക്കാണു പൊലീസ് കസ്റ്റഡിയിൽ ചോദിച്ചത്. എന്നാൽ ക്രിമിനൽ നടപടി ചട്ടം (സിആർപിസി) പ്രകാരം പ്രതികളുടെ ആദ്യ റിമാൻഡ് കാലാവധിയിൽ 14 ദിവസത്തേക്കാണ് അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ ലഭിക്കുന്നത്. യുഎപിഎ കുറ്റപ്രകാരം പ്രതികളെ റിമാൻഡ് ചെയ്യുന്നത് 30 ദിവസത്തേക്കാണ്. ഈ സാഹചര്യത്തിൽ പ്രതികളെ പതിനാലിൽ കൂടുതൽ ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങാൻ നിയമതടസ്സമില്ലെന്നാണു പൊലീസ് കരുതിയത്.

യുഎപിഎ നിയമത്തിൽ റിമാൻഡ് കാലാവധി 30 ദിവസമെന്നു നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊലീസ് കസ്റ്റഡി സംബന്ധിച്ചു വ്യക്തമായ നിർദേശമില്ല. ഈ സാഹചര്യത്തിൽ റിമാൻഡ് പ്രതിയുടെ പൊലീസ് കസ്റ്റഡി പരാമാവധി 14 ദിവസമെന്ന ചട്ടമാണു യുഎപിഎ കേസുകളിലും ബാധകമെന്നാണു കേസിൽ പ്രതിഭാഗത്തിന്റെ വാദം. എന്നാൽ കസ്റ്റഡിയിൽ കിട്ടിയ സമയത്തും കാര്യമായ വിവരങ്ങളൊന്നും ഇവരിൽ നിന്നും പൊലീസിന് ലഭിച്ചില്ല. ഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവും ലഭിച്ചില്ല. മലയാളികളെ മതം മാറ്റിയെന്നത് സമ്മതിക്കുന്നുണ്ട്. എന്നാൽ അത് അവരുടെ ഇഷ്ടപ്രകാരവും. ഈ സാഹചര്യത്തിൽ നിർബന്ധിത മതം മാറ്റം നിലനിൽക്കുകയുമില്ല.

മലയാളികളെ മതംമാറാൻ സഹായിച്ചതായി ചോദ്യംചെയ്യലിൽ സമ്മതിച്ചു. എന്നാൽ നിർബന്ധിത മതംമാറ്റം നടത്തിയെന്ന ആരോപണം നിഷേധിച്ചു. കാണാതായ പാലാരിവട്ടം സ്വദേശി മെറിന്റെ (മറിയം) സഹോദരൻ നൽകിയ പരാതിയിൽ മെറിനു പുറമേ തന്നെയും അർഷി മതം മാറാൻ നിർബന്ധിച്ചതായി ആരോപിക്കുന്നുണ്ട്. എന്നാൽ മെറിനെ മതം മാറ്റിയില്ല. അതുകൊണ്ട് തന്നെ നിർബന്ധിത മതം മാറ്റമെന്ന വാദം നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ. എഴുന്നൂറിൽ അധികം മലയാളി യുവാക്കൾ മതംമാറിയതായാണു പൊലീസിന്റെ നിഗമനം. ഇവരെല്ലാം മുംബൈയിൽ എത്തിയശേഷമാണു വിദേശത്തേക്കു പോയിട്ടുള്ളത്.

മുംബൈയിലെ മതപണ്ഡിതനായ സാക്കിർ നായിക്കിന്റെ ഇസ്!ലാമിക് റിസർച് ഫൗണ്ടേഷന്റെ 'ഗെസ്റ്റ് റിലേഷൻസ് ഓഫിസർ' ആയ അർഷി ഖുറേഷി സംഘടനയ്ക്കു ഭീകരസംഘടനകളുമായി ബന്ധമില്ലെന്നും പറഞ്ഞു. ഇയാൾക്കൊപ്പം പിടിയിലായ റിസ്വാൻ ഖാന്റെ പൂർവികർ മട്ടാഞ്ചേരിയിൽനിന്നു കോയമ്പത്തൂരിലേക്കു കുടിയേറിയവരാണ്. പിന്നീടു കുടുംബം മുംബൈയിലേക്കു മാറി.