മലപ്പുറം: ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണത്തിനായി ബഹ്റൈനിൽ രൂപംകൊണ്ട ഗ്രൂപ്പിൽ എട്ട് മലയാളികൾ ചേരാൻ തീരുമാനിച്ചത് താലിബാൻ ഹംസയുടെ നിർദ്ദേശ പ്രകാരം. ഒരാഴ്ചമുമ്പ് കണ്ണൂർ വളപട്ടണത്തുനിന്ന് പിടിയിലായ യു.കെ. ഹംസയുടെ(താലിബാൻ ഹംസ) മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരുടെ പ്രവർത്തനം സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണയിൽ പ്രത്യേകയോഗം ചേർന്നാണ് ഇവർ സിറിയയിലേക്ക് പോകാനുള്ള തീരുമാനമെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഹംസയുടെ നിർദേശമനുസരിച്ചായിരുന്നു യോഗം.

ബഹ്റൈൻ, പെരിന്തൽമണ്ണ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ഇവർ യോഗം ചേർന്നതുസംബന്ധിച്ച വിവരങ്ങളടങ്ങിയ റിപ്പോർട്ട് കണ്ണൂർ ഡിവൈ.എസ്‌പി. പി.പി. സദാനന്ദൻ ഡി.ജി.പി.ക്ക് കൈമാറിയിരുന്നു. ഹംസയുടെ മൊഴിയും റിപ്പോർട്ടിലുണ്ട്. ബഹ്റൈനിലെ അൽ അൻസാർ സെന്ററിൽ ഐ.എസ്. അനുകൂലികളായ മലയാളികളാണ് പ്രത്യേകസംഘമായി യോഗം ചേർന്നത്. ഇതിനെയാണ് 'ബഹ്റൈൻ ഗ്രൂപ്പ്' എന്ന് പൊലീസ് പേരിട്ടിരിക്കുന്നത്. ഇവർ ഐ.എസ്. ആശയങ്ങൾ ഉൾക്കൊള്ളാനുള്ള പരിശീലനം നടത്തിയെന്നും പൊലീസ് പറയുന്നു. അതേസമയം, അൻസാർ സെന്റർ ഇക്കാര്യം നിഷേധിച്ചു. തീവ്രവാദപ്രചാരണത്തിനെതിരേ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അൻസാർ സെന്റർ എന്നാണ് വിശദീകരണം.

സ്ഥാപനത്തിന്റെ അറിവില്ലാതെയുള്ള രഹസ്യ കൂടിച്ചേരലാണ് നടന്നതെന്നാണ് ഈ വിശദീകരണത്തിന് പൊലീസ് നൽകുന്ന മറുപടി. ഏതായാലും ഈ ക്ലാസുകളിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വാണിയമ്പലം സ്വദേശി മനയിൽ അഷ്റഫ് മൗലവി, പെരുമ്പാവൂരിലെ സഫീർ, കൊണ്ടോട്ടി സ്വദേശി മൻസൂർ, താമരശ്ശേരി സ്വദേശി ഷൈബുനിഹാർ, വടകര സ്വദേശി മൻസൂർ, കണ്ണൂർ ചാലാട് സ്വദേശി ഷഹനാദ്, കൊയിലാണ്ടി ഫാജിദ്, വാണിയമ്പലം സ്വദേശി മുഹദ്ദിസ് എന്നിവരുടെ പേരിലാണ് കേസെടുത്തത്. യു.എ.പി.എ. പ്രകാരമാണ് വണ്ടൂരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അന്വേഷണ സംഘം തലവൻ എംപി. മോഹനചന്ദ്രൻ പറഞ്ഞു.

ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്റെ നിർദേശപ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. സിറിയയിലേക്ക് പോകുന്നതുസംബന്ധിച്ച് ചില ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിൽ വ്യക്തത വരുത്താൻ ബഹ്റൈൻ ഗ്രൂപ്പ് കേരളത്തിലെത്തി തലശ്ശേരിയിലെ ബിരിയാണി ഹംസ എന്നുവിളിക്കുന്ന യു.കെ. ഹംസയുടെ ഉപദേശം തേടി. ഇതിനുശേഷമാണ് പെരിന്തൽമണ്ണയിലും പെരുമ്പാവൂരിലും സംഘാംഗങ്ങളുടെ വീടുകളിൽ ഒത്തുകൂടിയത്. പിന്നീട് സിറിയയിലേക്ക് പോയെന്നാണ് പൊലീസ് കണ്ടെത്തൽ. മുഹദ്ദിസടക്കം നാലുപേർ സിറിയയിൽ കൊല്ലപ്പെട്ടതായാണ് വിവരം. ബാക്കി നാലുപേരിൽ ഫാജിസിന് സിറിയയിലേക്ക് കടക്കാനായില്ല.

ഐ.എസ്. ബന്ധമുള്ള അഞ്ചുപേരാണ് ഇപ്പോൾ കണ്ണൂരിൽ കസ്റ്റഡിയിലുള്ളത്. ഇവരെ റോ, ഐ.ബി., മുംബൈ, ആന്ധ്ര പൊലീസ് എന്നിവയുടെ ഭീകരവിരുദ്ധവിഭാഗം തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ ചോദ്യംചെയ്യുകയാണ്. കർണാടക എ.ടി.എസ്. ടീം അന്വേഷണത്തിന്റെ ഭാഗമായി അടുത്തദിവസം കണ്ണൂരിലെത്തും. ഇതിനിടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. താലിബാൻ ഹംസയുടെ അറസ്റ്റാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. കേരളത്തിലെ ഏറ്റവും മുതിർന്ന ഐഎസ് തീവ്രവാദിയാണ് താലിബാൻ ഹംസ.

കണ്ണൂരിൽ കഴിഞ്ഞാഴ്ച അറസ്റ്റിലായ സംഘത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം വണ്ടൂരിൽ എട്ട് പേർക്കെതിരെ കൂടി ഐ.എസ് കേസ് രജിസ്റ്റർ ചെയ്തത്. താലിബാൻ ഹംസ എന്ന ബിരിയാണി ഹംസയിൽ നിന്ന് ലഭിച്ച മൊഴിയാണ് ഏറെ നിർണായകമായത്. ബഹ്‌റൈനിൽ നിന്നും സംഘം ഐ.എസിൽ പോയ വിവരം ഹംസക്ക് അറിയാമായിരുന്നെന്നും ഇവർ കൊല്ലപ്പെട്ട വിവരവും ഹംസ അറിഞ്ഞിരുന്നതായും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ബഹ്‌റൈനിലെ അൽ അൻസാർ ഇസ്ലാഹി സെന്റർ കേന്ദ്രീകരിച്ച് നിരന്തരം ക്ലാസ് നടത്തിയിരുന്നതും ശേഷം മലയാളി യുവാക്കൾ സിറിയയിലേക്ക് പോയതും തനിക്ക് അറിവുണ്ടായിരുന്നുവെന്ന കുറ്റസമ്മത മൊഴി അന്വേഷണ സംഘത്തിന് ഹംസ നൽകിയിരുന്നു. സിറിയയിലും ബഹ്‌റൈനിലുമായി 56 പേർ കണ്ണൂർ സംഘവുമായി ബന്ധപ്പെട്ടവർ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇവർ ഐ.എസ് ആശയമനുസരിച്ച് ജീവിക്കുന്നവരാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതിൽ വിവിധ ജില്ലയിൽപ്പെട്ടവരുണ്ട്. വരും ദിവസങ്ങളിൽ വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്. ഇവരുമായി ബന്ധപ്പെട്ട എട്ട് പേർക്കെതിരെയാണ് ഇന്നലെ വണ്ടൂരിൽ കേസ് രജിസ്റ്റർ ചെയ്തത്.

ബഹ്‌റൈൻ കേന്ദ്രീകരിച്ച് ഐ.എസിൽ പോയി കൊല്ലപ്പെട്ട മലയാളികളുടെ വിവരം ജൂലൈ ഒന്നിന് മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. ഇവരെ റിക്രൂട്ട് ചെയ്ത സലഫി പണ്ഡിതരെ കുറിച്ചും മറുനാടൻ വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഈ രണ്ട് സലഫി പണ്ഡിതർക്കെതിരെ അടക്കമാണ് ഇപ്പോൾ യു.എ.പി.എ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഷ്റഫ് മൗലവി, സഫീർ പെരുമ്പാവൂർ എന്നിവരാണ് സലഫി പണ്ഡിതർ. ഇവർ കെ.എൻ.എം മുജാഹിദ് സഘടനയിൽ നിന്ന് വിഘടിച്ച വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷനിലും, പിന്നീട് ഇതിൽ നിന്നും വിഘടിച്ച സക്കരിയ സ്വലാഹി വിഭാഗം എന്നിവയിൽ പ്രവർത്തിച്ചവരാണ്. 21 അംഗ മലയാളി സംഘം ഐ.എസിലേക്ക് പോയ സംഭവത്തിന് ശേഷം രണ്ട് സലഫി പണ്ഡിതരും എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു.

കണ്ണൂരിൽ ഐ.എസ് കേസിൽ അറസ്റ്റിലായ യു.കെ ഹംസ എന്ന താലിബാൻ ഹംസ മലയാളി യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത് ബഹ്റൈനിലെ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സലഫി സെന്റർ കേന്ദ്രീകരിച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബഹ്റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ എന്നറിയപ്പെടുന്ന അൽ അൻസാർ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചതായും ഇവിടെ നിന്നും ഐ.എസിലേക്ക് പോയ യുവാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും ഹംസ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു. മുമ്പും ഐ.എസ് കേസുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ അൽ അൻസാർ സെന്ററിനെതിരെ ആരോപണങ്ങളുയർന്നിരുന്നു. കേരളത്തിലെ ഔദ്യോഗിക മുജാഹിദ് വിഭാഗ (കെ.എൻ.എം)ത്തിൽ നിന്ന് വിഘടിച്ച് പ്രവർത്തിക്കുന്ന വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ നേതൃത്വത്തിലാണ് ബഹ്റൈനിലെ ഇസ്ലാഹി സെന്റർ പ്രവർത്തിക്കുന്നത്.

എന്നാൽ വിസ്ഡം വിഭാഗത്തിന്റെ ആശയത്തിന് വിരുദ്ധമായി ഹിജ്റ (പലായനം) നിർബന്ധമാണെന്ന് ഇവിടെ വെച്ച് ചില സലഫി പണ്ഡിതർ യുവാക്കൾക്ക് ക്ലാസെടുക്കുകയും ചെയ്തിരുന്നു. ഇതിനെ ചൊല്ലി ഇസ്ലാഹി സെന്ററിൽ രൂക്ഷമായ വാഗ്വാദങ്ങളും പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. അഷ്ഫ് മൗലവി, സഫീർ പെരുമ്പാവൂർ എന്നിവർ സെന്ററിൽ സ്ഥിരമായി എത്തുകയും ജിഹാദി ആശയങ്ങൾ കുത്തിവെയ്ക്കുകയും ചെയ്തിരുന്നു. തീവ്രവാദം കുത്തിവെക്കാനായി രണ്ട് പേർ കൂടാതെ ഇസ്ലാഹി സെന്റർ കേന്ദ്രീകരിച്ച് വേറെയും പണ്ഡിതർ എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.