തിരുവനന്തപുരം: കേരളത്തിൽ അടുത്തിടെ നടന്ന മതപരിവർത്തനങ്ങൾക്ക് പിന്നിലെ ശക്തികലെ കുറിച്ച് കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷണം തുടങ്ങി. മതംമാറ്റത്തിലെ വിദേശ ഇടപെടലിനെ കുറിച്ചാണ് റോയും ഐബിയും ദേശീയ അന്വേഷണ ഏജൻസിയും പരിശോധിക്കുന്നത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം തുടങ്ങി. പണം നൽകി മതപരിവർത്തനം നടത്തിയിട്ടുണ്ടെങ്കിൽ അത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് വിജിലൻസിന്റെ നിരീക്ഷണം. രാജ്യത്തിനുപുറത്തുനിന്ന് കേരളത്തിലെ ചില മതപഠനകേന്ദ്രങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായവും നിരീക്ഷണത്തിലാണ്.

മതപരിവർത്തനം നടത്തുന്ന കേരളത്തിലെ രണ്ടുകേന്ദ്രങ്ങളിലൂടെ 2011നും 2015നും ഇടയിൽ 5,793 പേർ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 76 ശതമാനവും 35 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകളാണ്. മതപരിവർത്തനം നടത്തിയവരിൽ 4,719 പേർ ഹിന്ദുക്കളും 1,074 പേർ ക്രിസ്ത്യാനികളുമാണ്. 2011ൽ 1074പേരും 2012ൽ 1117പേരും 2013ൽ 1137പേരും 2014ൽ 1256പേരും 2015ൽ 1209 പേരും കേരളത്തിൽ മറ്റു മതങ്ങളിൽനിന്ന് ഇസ്ലാം മതത്തിലേക്ക് മാറി. ഈ മതംമാറ്റങ്ങളെല്ലാം സ്വമേധയ നടന്നവയാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കരുതുന്നില്ല. ഈ സാഹചര്യത്തിലാണ് പരിശോധനകൾ.

പണം നൽകി മതപരിവർത്തനം നടക്കുന്നതായി ലഭിച്ചിട്ടുള്ള പരാതികളെക്കുറിച്ച് വിശദമായി അന്വേഷിക്കും. പരാതികളിൽ കഴമ്പുണ്ടെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കും. കേരളത്തിൽനിന്ന് ദുരൂഹസാഹചര്യത്തിൽ അടുത്തിടെ അപ്രത്യക്ഷരായ 21 പേരിൽ അഞ്ചുപേർ മതംമാറിയവരാണ്. പണവും പ്രലോഭനവും ഈ മതംമാറ്റങ്ങൾക്ക് പിന്നിലുണ്ടെന്ന് സംശയിക്കപ്പെടുന്നു. ഇവർ ഐസിസ് ക്യാമ്പിലെത്തിയന്നതിനും സ്ഥിരീകരണം ഉണ്ട്. അതുകൊണ്ട് തന്നെ മതമാറ്റത്തിൽ വിദേശ ഇടപെടലുണ്ടെന്നാണ് സംശയം. ഇതാണ് ദേശീയ അന്വേഷണ ഏഝൻസിയും മറ്റും പരിശോധിക്കുന്നത്.

അപ്രത്യക്ഷരായവരിൽ അടുത്തിടെ മതം മാറിയവർ അവരുടെ ബന്ധുക്കളെയും പരിചയക്കാരെയും മതം മാറാൻ നിർബന്ധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടുണ്ടോയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. അടുത്തിടെ കാണാതായ തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി നിമിഷ ഇസ്ലാം മതത്തിലേക്ക് മാറിയത് മൂന്നുവർഷം മുമ്പ് തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തിൽ വച്ചാണ്. ഇത്തരം കേന്ദ്രങ്ങളിൽ നടക്കുന്ന മതപരിവർത്തനങ്ങളുടെ വിവരങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിക്കുന്നുണ്ട്.

മക്കൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായി എന്നുകാണിച്ച് മതംമാറിയ പല പെൺകുട്ടികളുടെ രക്ഷിതാക്കളും കഴിഞ്ഞ വർഷങ്ങളിൽ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ കൃത്യമായ അന്വേഷണം ഉണ്ടായില്ല. കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നായിരുന്നു നിലപാട്. എന്നാൽ ഐസിസിലേക്ക് മലയാളികൾ എത്തിയ വാർത്ത വന്നതോടെ വീണ്ടും അന്വേഷണം സജീവമാവുകയായിരുന്നു.