ലണ്ടൻ: ലോകത്തിന്റെ വിനാശകാരിയായ ശക്തിയായി ഐസിസ് എന്ന തീവ്രവാദ പ്രസ്ഥാനം അനുദിനം വളരുകയാണ്. ഇസ്ലാമിന്റെ പേരിൽ അരുംകൊല നടത്തുകും ലൈംഗിക വ്യാപാരം നടത്തുകയും ചെയ്യുന്ന അതിക്രൂരതയാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ ഭീതിപ്പെടുത്തുന്ന സംഭവമായി മാറിയിരിക്കുന്നത്. എന്നാൽ, ഇസ്ലാമിക് ഫോബിയ ശക്തമായുള്ള ലോകത്തിൽ ഇസ്ലാമിക രാജ്യങ്ങളുടെ ഉയർത്ത തടയാൻ വേണ്ടി അമേരിക്കയും ഇസ്രയേലും ചേർന്നാണ് ഐസിസിന് വളം വച്ചതെന്ന ആരോപണങ്ങൾ ഏറെക്കാലമായി നിലനിൽക്കുന്നതാണ്. പലപ്പോഴും ഭീകരത ഇസ്ലാമിന്റെ പേരിലാകുമ്പോൾ ചില കേന്ദ്രങ്ങൾ ഈ സംശയം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ ഐസിസിന്റെ സൈന്യത്തേക്കുറിച്ചോ, നേതൃനിരയെക്കുറിച്ചോ പുറംലോകത്തിനു കൃത്യമായ ധാരണ ഇല്ല. ഐസിസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ അബുബക്കർ ബാഗ്ദാദിലെക്കുറിച്ചും ആർക്കും അറിയില്ല. അതുകൊണ്ട് തന്നെയാണ് പലപ്പോഴും ഇസ്രയേൽ-അമേരിക്കൻ ഗൂഢാലോചനയെന്ന വാദം മുസ്ലീങ്ങൾ തന്നെ ഉന്നയിക്കുന്നത്. ഈ സംശയം ശക്തമാക്കുന്ന വിധത്തിലുള്ള മറ്റൊരു വിവരം കൂടി പുറത്തുവന്നു.

ഐസിസ് തലവൻ ബാഗ്ദാദി ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് ഗൂഢാലോചനാ തിയറക്ക് ശക്തിപകരുന്നത്. ബാഗ്ദാദി ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഉദ്യോഗസ്ഥനായ സൈമൺ ഇലിയറ്റാണെന്ന വാദവുമായി ചിലർ രംഗത്തെത്തുകയും ഈ വാദം സമർത്ഥിക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. യാതൊരു ആധികാരികതയുമില്ലാത്തതാണ് ഈ വീഡിയോ എങ്കിലും ബാഗ്ദാദിയും സൈമൺ ഇലിയറ്റും തമ്മിലുള്ള രൂപസാദൃശ്യം ആരെയും അമ്പരപ്പിക്കുന്നതാണ്. ഇസ്രയേലാണ് ഐസിസിന് പിന്നിലെന്ന വാദം പലതവണ ഉയർന്നതാണ്. ഈ വാദ സമർഥിക്കാനായി ഇവർ ഇറക്കിയ വീഡിയോ ഓൺലൈൻ ലോകത്തു വൈറലാണ്.

ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ പക്കൽ രാസായുധങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അറിയാമായിരുന്നു എന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ നടത്തിയ വെളിപ്പെടുത്തൽ കൂടിയാകുമ്പോൾ ഈ ഗൂഢാലോചനാ തിയറിക്ക് കൂടുതൽ ശക്തിപകരുന്നു. ഇറാഖ് അധിനിവേശം ബ്രിട്ടനിൽ വ്യാപക വിമർശനം വരുത്തിവച്ച പശ്ചാത്തലത്തിൽ അധിനിവേശത്തിലെ ബ്രിട്ടന്റെ പങ്ക് അന്വേഷിക്കാൻ രൂപം കൊടുത്ത സർ ജോൺ ചിൽക്കോട്ട് നേതൃത്വം നൽകിയ അഞ്ചംഗ കമ്മിഷനാണ് സദ്ദാമിനെ താഴെയിറക്കാനുള്ള അമേരിക്കൻ നീക്കത്തിന് പിന്തുണ നൽകിയ ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് റിപ്പോർട്ട് നൽകിയത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ രൂപം നൽകിയ കമ്മിഷൻ ഏഴുവർഷം നീണ്ട അന്വേഷണത്തിനുശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ഇറാഖിലെ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈൻ ഉയർത്തിയെന്ന് പറയുന്ന ഭീഷണിയെ അനാവശ്യമായി പെരുപ്പിച്ച് കാട്ടിയാണ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഇറാഖിലേക്ക് സൈന്യത്തെ അയച്ചതെന്നാണ് കമ്മിഷൻ റിപ്പോർട്ട് നൽകിയിരിക്കുന്നത്. വേണ്ടത്രെ തയ്യാറെടുപ്പുകൾ കൂടാതെയാണ് ബ്ലെയർ ഇറാഖിലേക്ക് സൈന്യത്തെ അയച്ചതെന്നും ഇറാഖ് അധിനിവേശത്തിന്റെ പരിണിത ഫലങ്ങൾ നേരിടാനുള്ള യാതൊരു തയ്യാറെടുപ്പും സർക്കാർ നടത്തിയിരുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ഇറാഖ് അധിനിവേശമായിരുന്നില്ല സദ്ദാം ഹുസൈൻ ഉയർത്തിയ ഭീഷണി നേരിടാനുള്ള അവസാന മാർഗം. സൈനിക നടപടിയിലേക്ക് നയിക്കാൻ മാത്രമുള്ള ഭീഷണിയുമായിരുന്നില്ല സദ്ദാം. ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ടുകൾ ന്യായീകരിക്കാനാവുന്നതല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം അനാവശ്യ കാരണത്തിന്റെ പേരിലായിരുന്നുവെന്ന് അധിനിവേശ കാലത്തുകൊല്ലപ്പെട്ട ബ്രിട്ടീഷുകാരുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. ഇതിന് ഉത്തരവാദികളായവർക്കെതിരെ കോടതിയിൽ പോകുമെന്നും ഇവരുടെ വക്താക്കൾ വ്യക്തമാക്കി.

അതേസമയം, തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടിനെക്കുറിച്ച് വൈകാരികമായാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ പ്രതികരിച്ചത്. ഇറാഖ് അധിനിവേശവുമായി ബന്ധപ്പെട്ടുണ്ടായ തെറ്റുകൾക്ക് ക്ഷമ ചോദിച്ച മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, ഇറാഖിലേക്ക് സൈന്യത്തെ അയച്ച നടപടി തെറ്റായിരുന്നുവെന്ന് സമ്മതിച്ചില്ല. ഇറാഖ് അധിനിവേശകാലത്ത് ജീവൻ വെടിയേണ്ടിവന്ന ബ്രിട്ടീഷുകാരുടെയും ഇറാഖികളുടെയും മറ്റു രാജ്യക്കാരുടെയും കുടുംബാംഗങ്ങളോട് ഞാൻ മാപ്പു ചോദിക്കുന്നു. വേണ്ടത്ര മുൻകരുതലെടുക്കാനാകെ പോയതുമൂലം ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സദ്ദാമിന്റെ ക്രൂരകൃത്യങ്ങളിൽനിന്ന് മോചനം ആഗ്രഹിച്ചവർക്കും സൈനിക നടപടിയിൽ ജീവൻ നഷ്ടമായി. എല്ലാവരോടും മാപ്പ് - ബ്ലെയർ പറഞ്ഞു.

ബ്രിട്ടൻ ഇപ്പോൾ നടത്തിയ വെളിപ്പെടുത്തൽ കൂടി പരിഗണിച്ചാണ് ഐസിസ് ഇസ്രായിൽ സൃഷ്ടിയാണെന്ന വാദം സൈബർ ലോകത്തും ശക്തമാകുന്നത്. സെപ്റ്റംബർ 11 ആക്രമണം പോലും അമേരിക്കൻ ഗൂഢാലോചനയുടെ ഭാഗമാണ് എന്നു പൂർണ്ണമായും വിശ്വസിക്കുന്നവർ ഇപ്പോഴും അനേകമുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയ കോൺസ്പിറസി തിയറിയാണ് ഐസിസ് എന്ന ഇസ്ലാമിക സ്റ്റേറ്റ് ഭീകരസംഘടനയുടെ സൃഷ്ടിയെ ചൊല്ലി ഇപ്പോൾ ഉടലെടുത്തിരിക്കുന്നതും. ഇസ്ലാമിന്റെ പേരിൽ നിഷ്ഠൂരമായ കൊലയും കൊള്ളയും നടത്തി ഇസ്ലാമിനെ ജനം വെറുപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കാനായി ഇസ്രയേൽ ബുദ്ധിയിൽ പിറന്ന സംഘടനയ്ക്കാണ് ഐസിസ് എന്ന തിയറിക്കാണ് വീണ്ടും കരുത്തു പകർന്നിരിക്കുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ ഒരു റിപ്പോർട്ടനുസരിച്ച് ഇസ്രയേലി ഡിഫെൻസ് ഫോഴ്സ്(ഐ.ഡി.എഫ്) 2013 മെയ് മുതൽ ഇസ്ലാമിക് സ്റ്റേറ്റിലെ അംഗങ്ങളുമായി സ്ഥിരമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ നേരത്തെ പുറത്തുവന്നിരുന്നു. പ്രമുഖ അമേരിക്കൻ മാഗസിനായ ടൈംസും ഐസിസിന്റെ സൃഷ്ടിക്ക് പിന്നിൽ അമേരിക്കൻ താൽപ്പര്യങ്ങളുണ്ടെന്ന വാർത്ത റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇസ്ലാമിക രാജ്യമായ ഇറാൻ ഇങ്ങനെ വിശ്വസിക്കുന്നു എന്നാണ് ടൈംസിന്റെ റിപ്പോർട്ട്.

ഇസ്രയേലി ഡിഫെൻസ് ഫോഴ്സ് ഐസിസുമായി ബന്ധം പുലർത്തുന്ന വിഷയം പുറത്തുവന്നതോടെ ഇതിൽ വിശദീകരണവുമായി ഇസ്രയേലും അന്ന് രംഗത്തുണ്ടായിരുന്നു. അതേസമയം സിവിലിയന്മാർക്ക് ആരോഗ്യ പരിചരണം ലക്ഷ്യമാക്കിയുള്ള ബന്ധം മാത്രമാണിതെന്നാണ് ഐഡിഎഫ് പറയുന്നത്. എന്നാൽ ഇവർക്ക് ഐസിസുമായി നേരിട്ട് ബന്ധമുണ്ടെന്ന് യുഎൻ നിരീക്ഷകർ തിരിച്ചറിഞ്ഞതോടെ ഐഡിഎഫിന്റെ ഈ വാദം പൊള്ളയാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. അതായത് ഐസിസ് സംഘടനയുമായും ഭീകകരുമായും ഐഡിഎഫിന് നേരിട്ട് ബന്ധമുണ്ടെന്നാണ് യുഎൻ നിരീക്ഷകർ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഐസിസ് ഭീകർക്ക് വൈദ്യസഹായവും ഇവർ നൽകുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

ഐഡിഎഫിൽ നിന്നും ചിലർ ഐസിസിലേക്ക് പോയിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സിറിയൻ വിഷയത്തിൽ ഇസ്ര്ായേലിനും ഐസിസിനുമുള്ള ബന്ധം യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നിലും എത്തിയിട്ടുണ്ട്.സിറിയയിലെ ആക്രമണങ്ങളിൽ ഇസ്രയേലിനുള്ള പങ്ക് ഈ റിപ്പോർട്ട് വെളിപ്പെടുന്നുണ്ട്.ഇത് സിറിയയിലെ ആക്രമണത്തിന് ഇസ്രയേൽ ഐസിസിന് നൽകുന്ന ചില സഹായങ്ങളെക്കുറിച്ചും സൂചനകൾ നൽകാൻ പര്യാപ്തമാണ്. രണ്ടുമാസം മുമ്പ് ഇസ്രയേൽ സിറിയൻ സേനയെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തിൽ സിറിയൻ സേനക്ക് ഉപദേശം നൽകുന്ന ഒരു ഇറാനിയൻ അഡൈ്വസർ കൊല്ലപ്പെട്ടത് രണ്ടാഴ്ച മുമ്പാണ്. യുഎസ് ഐസിസിന് ഫണ്ട് നൽകുന്നതിനുള്ള ചില സൂചനകളും പ്രബലമാണെന്ന് കാണാം. ഐസിസ് സിറിയൻ പ്രസിഡണ്ട് ആസാദിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി കൂടിയാണ് യുഎസ് ഐസിസിനെ സഹായിക്കുന്നതെന്ന വ്യക്തമായ സൂചനയും ലഭ്യമായിട്ടുണ്ട്.

ഐസിസിനെതിരെ ആക്രമണം നടത്തിയപ്പോൾ ഇസ്രയേലി ഹൈക്കമാൻഡ് ഇതിനെ പിന്തുണയ്ക്കുന്നതിൽ അസംതൃപ്തി രേഖപ്പെടുത്തുകയും ഇതൊരു തെറ്റായ നീക്കമാണെന്ന് പറയുകയും ചെയ്തിരുന്നു.ഈ മേഖലയിൽ ഇറാനും സിറിയയും ഇസ്രയേലിൽ നിന്നും വളരെക്കാലമായി ഭീഷണി നേരിടുന്നുണ്ട്. സദാം സ്ഥാഭ്രഷ്ടനാകും മുമ്പ് ഇറാഖും ഇസ്രയേലിൽ നിന്നുള്ള ഭീഷണി നേരിട്ടിരുന്നു.ശത്രുവിന്റെ ശത്രു മിത്രം എന്നുള്ള നിലപാടാണ് ഈ മേഖലയിൽ ഇസ്രയേൽ ഐസിസിനോട് കാണിക്കുന്നതെന്ന് ആക്ഷേപങ്ങളും ശക്തമാണ്. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്നതിലൂടെ സിറിയയെ തകർക്കുന്നതിലുപരിയായി മേഖലയിൽ ഇറാനുള്ള സ്വാധീനം കുറയ്ക്കുകയെന്നതും യഹൂദരാഷ്ട്രം ലക്ഷ്യമിടുന്നുണ്ടെന്ന് കരുതാം.

അമേരിക്ക ഐസിസിന് പിന്തുണയേകുന്നുണ്ടെന്ന് സമർത്ഥിക്കുന്ന വാദഗതികളും അടുത്ത കാലത്തായി ഉയർന്നുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ഇറാനിലെ ഇംഗ്ലീഷ് പത്രമായ യുവർ ന്യൂസ് വയർ ഇക്കാര്യം വിശദീകരിച്ചുകൊണ്ട് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇറാന്റെ വാദങ്ങളെ നിരത്തിക്കൊണ്ട് മുൻപേജിൽ തന്നെയായിരുന്നു ഈ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. ഇറാഖിൽ ഐസിസ് നടത്തുന്ന ആക്രമണങ്ങൾ മേഖലയിലെ സമാധാനം താറുമാറാക്കാനും അസ്ഥിരത ഉണ്ടാക്കാനും ഇസ്രയേലിനെ സുരക്ഷിതമാക്കാനുമാണ് യുഎസ്, ഐസിസിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു പ്രസ്തുത റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

ഇറാൻ നടത്തുന്ന ഇസ്ലാമിക് റിപ്പബ്ലിക്ക് ന്യൂസ് ഏജൻസിയുടെ(ഐആർഎൻഎ) ഒരു സ്‌കൂപ്പിന്റെ തർജമമായിരുന്നു അത്.നാഷണൽ സെക്യൂരിറ്റി ഏജൻസി(എൻഎസ്എ) യുടെ അടുത്തയാളായ എഡ്വാർഡ് സ്നോഡെന്റെ ഈ വിഷയത്തിലുള്ള ഒരു ഇന്റർവ്യൂവും പ്രസ്തുത റിപ്പോർട്ടിനൊപ്പമുണ്ടായിരുന്നു. ലോകത്തിലെ എല്ലാ ഭീകരപ്രവർത്തനവും ഏകോപിപ്പിക്കാൻ ശേഷിയുള്ള ഒരു ഭീകരസംഘടനയ്ക്ക് യുഎസും ബ്രിട്ടനും ഇസ്രയേലും ഇവിടെ രൂപം കൊടുക്കുകയായിരുന്നുവെന്നാണ് സ്നോഡൻ ഈ ആർട്ടിക്കിളിൽ വിവരിച്ചിരുന്നത്.

ഈ പദ്ധതിക്ക് ഐആർഎൻഎ ബീഹിവ് അഥവാ ഹോണസ്റ്റ് നെസ്റ്റ് എന്നാണ് കോഡ്നെയിം നൽകിയിരിക്കുന്നത്. ഐസിസ് എന്ന പൊതു ശത്രുവിനെ ഈ മേഖലയിൽ സൃഷ്ടിച്ച് മുസ്ലിം രാഷ്ട്രങ്ങളുടെ ശ്രദ്ധ ഇതിലേക്ക് വഴിതിരിച്ച് വിട്ട് ഇസ്രയേലിനെതിരെയുള്ള ഭീഷണി ഒഴിവാക്കുകയായിരുന്നു ഇതിന്റെ അടിസ്ഥാന ലക്ഷ്യമെന്നും ഈ റിപ്പോർട്ടിലൂടെ സ്നോഡെൻ വാദിക്കുന്നു.

ഇസ്ലാമിക് സ്റ്റേററും അമേരിക്കയും തമ്മിലുള്ള ബന്ധം സ്ഥാപിക്കാൻ മുൻ അൽഖ്വയ്ദ കമാൻഡർ നബിൽ നയീമും രംഗത്തെത്തിയിരുന്നു.ഐസിസ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ് എന്നത് അൺ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നും അൺ ഇസ്ലാമിക് സ്റ്റേറ്റെന്നാൽ യുഎസ് ആണെന്നുമുള്ള ഒരു വാദഗതിയാണ് നബിൽ മുന്നോട്ട് വയ്ക്കുന്നത്. അതായത് ഇസ്ലാമിക് സ്റ്റേറ്റ് യുഎസിന്റെ പിന്തുണയിൽ പിറന്ന ഒരു സംഘടനയാണെന്നാണ് ഇയാൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അമേരിക്കയും മേഖലയിലുള്ള അതിന്റെ കൂട്ടാളികളും ചേർന്നാണിതിന് രൂപം കൊടുത്തതെന്നും മുൻ അൽഖ്വയ്ദ തലവൻ പറയുന്നു.ഇസ്ലാമിനെ ഇസ്ലാമിന്റെ പേരുപറഞ്ഞ് കളങ്കപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും നബിൽ പറയുന്നു. ഇതിലൂടെ മധ്യപൂർവേഷ്യയെ അസ്ഥിരപ്പെടുത്തുകയും ഇസ്ലാമിക ലോകത്ത് അമേരിക്കയുടെ ഇടപെടൽ അനന്തമായി നിലനിർത്തുകയും ഇവരുടെ ഗൂഢോദ്ദേശ്യമാണെന്ന് അൽഖ്വയ്ദ മുൻ തലവൻ വാദിക്കുന്നു.

ഇസ്ലാമിനെതിരായുള്ള ഫോർത്ത് ജനറേഷൻ യുദ്ധതന്ത്രമാണിതെന്നും ഇയാൾ സമർത്ഥിക്കുന്നു. നിയോകൺസർവേറ്റീവ് സയണിസ്റ്റുകളും നവലോക ക്രമ സാത്താനിസ്റ്റുകളുമാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഇതിന്റെ ഇരകൾ മധ്യപൂർവേഷ്യയിലെ ആളുകളാണ്. ഇവർക്ക് പിന്തുണയേകുന്നതിലൂടെ അമേരിക്ക 9/11 ലെ ആക്രമണത്തിൽ ചോരചിന്തിയ സ്വന്തം പൗരന്മാരെ വരെ വഞ്ചിക്കുകയാണെന്നും നബിൽ തുറന്നടിക്കുന്നു. ഇതിനായി ജോർദാനിലെ ക്യാംപുകൾ സൃഷ്ടിച്ചതും അൺ ഇസ്ലാമിക് സ്റ്റേറ്റായ അമേരിക്കയാണ്. ഇതിനുള്ള ആയുധവും പരിശീലനവും പ്രദാനം ചെയ്തത് യുസ് നാവികരാണ്. ഐസിസിന് ഫണ്ട് നൽകുന്നതും യുഎസ് ആണെന്നും ഭീകരപോരാട്ടത്തിൽ പരുക്കു പറ്റിയ ഇതിലെ ആയിരക്കണക്കിന് ഭീകരരെ ചികിത്സിച്ചത് ഇസ്രയേലിലെ ടെൽ അവീവിലുള്ള ഹോസ്പിറ്റലുകളിലാണെന്നും നബിൽ പറയുന്നു.

ഇങ്ങനെ പലവിധത്തിൽ മുമ്പ് ഉയർന്നുവന്ന വാദങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ഐസിസുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉടലെടുത്തിയിരിക്കുന്നത്. ഐസിസ് ആക്രമണം ഒരിക്കലും ഇസ്രയേലിന് നേരെ ഉണ്ടായില്ലെന്ന തിയറിയും ഗൂഢാലോചനാ തിയറിക്കാർ ഉയർത്തുന്നുണ്ട്. ഇതേസമയം ഇസ്ലാമിക കേന്ദ്രങ്ങളിൽ നിന്നു തന്നെയാണ് ബാഗ്ദാദിയും സൈമൺ ഇലിയറ്റും തമ്മിലുള്ള സാദൃശ്യം വ്യക്തമാക്കു വീഡിയോകൾ പ്രചരിക്കുന്നത്. എന്തായാലും സൈബർ ലോകത്ത് പ്രചരിക്കുന്ന വീഡിയോയെ മാത്രം അടിസ്ഥാനമാക്കി ഒന്നും വിലയ്‌ക്കെടുക്കാൻ ഒരു ലോക ഭരണകൂടവും തയ്യാറല്ല.