കൊച്ചി: ഐസിസ് ഭീകരന്റെ കളഞ്ഞുപോയ ടാബ് പൊലീസ് കണ്ടെടുത്തു. ടാബിൽ നിർണ്ണായക വിവരങ്ങളുണ്ടെന്നും ഇത് ഉടൻ എൻഐഎക്ക് കൈമാറുമെന്നുമാണ് അറിയുന്നത്.

ഐസിസിന്റെ കേരളഘടകം മേധാവി കണ്ണൂർ ചൊക്ലി അണിയാറത്ത് മദീന മഹലിൽ മൻസീദിന്റെ ടാബാണ് നെടുമ്പാശ്ശേരി പൊലീസ് കണ്ടെടുത്തിട്ടുള്ളത്. എൻഐഎയുടെ കസ്റ്റഡിയിലുള്ള മൻസീദ് നേരത്തെ ഇതുസംബന്ധിച്ച് നെടുമ്പാശേരി പൊലീസിൽ നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ മോഷ്ടാവിനെ കസ്റ്റഡിയിലെടുക്കുകയും ടാബ് വീണ്ടെടുക്കുകയുമായിരുന്നെന്നാണ് ലഭ്യമായ വിവരം.

നെടുമ്പാശേരി എയർപോർട്ടിൽ എത്തിയ തന്റെ ടാബ് നഷ്ടപ്പെട്ടെന്നായിരുന്നു മൻസീദിന്റെ പരാതി. ഇതു സംബന്ധിച്ച് കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും അറിയിച്ച പൊലീസ് ടാബ് കണ്ടെത്തിയതും പ്രതിയെ അറസ്റ്റുചെയ്യുകയും ചെയ്ത കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇതു സംബന്ധിച്ച് വിവരങ്ങൾ പുറത്തുപോകരുതെന്ന് എൻഐഎ വൃത്തങ്ങൾ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ സംഭവം അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നാണ് പൊലീസ് ഉന്നതരുടെയും നിലപാട്.

ഐസിസിന്റെ ഉന്നത നേതൃത്വവുമായുള്ള മൻസീദിന്റെ ഇടപെടലുകൾ വ്യക്തമാക്കുന്ന ശബ്ദ -വീഡിയോസന്ദേശങ്ങൾ ടാബിൽ സ്‌റ്റോർ ചെയ്തിട്ടണ്ടായിരിക്കാമെന്നും ഇതുവഴി ഇയാളുടെ രാജ്യാന്തര തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൂടുതൽ തെളിവുകൾ ലഭിക്കുമെന്നുമാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.