ദൈനംദിനം പുറത്തു വന്നു കൊണ്ടിരിക്കുന്ന തീവ്രവാദ കേസുകളും ,പൊലീസ് അന്വേഷണ റിപ്പോർട്ടുകളും അനന്തരം നിറം കൂട്ടി പടച്ചു വിടുന്ന ന്യൂസ് റീലുകളും, വാർത്താ കഥകളും ഓരോ മലയാളിയുടെയും മനസ്സിൽ അവൻ പോലുമറിയാതെ മുറിവേൽപ്പിക്കപ്പെടുമ്പോൾ ഇവിടത്തെ സാമൂഹ്യ ശാസ്ത്രജ്ഞർ എന്ത് ചെയ്യുകയാണ്?

കേരളത്തിലെ ബസ് സ്റ്റാൻഡുകളിൽ , റെയിൽവേ സ്റ്റേഷനുകളിൽ, നാൽകവലകളിൽ ,കല്യാണ വീടുകളിൽ, രാഷ്ട്രീയ പരിപാടികളിൽ , എന്തിനേറെ മരണ വീടുകളിൽ പോലും, തുടങ്ങി മലയാളികളുടെ പൊതു ഇടങ്ങളിലൊന്നാകെ ചെറുതെങ്കിലും അകാരണമായ ഒരു ഭീതി നിഴലിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും,പേരിലെങ്കിലും നിലനിൽക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തെയും ചൂണ്ടിക്കാട്ടി ആഗോള മാതൃകയെന്ന് സ്വയം നടിച്ചു ആനന്ദ പുളകിതരാകുമ്പോഴും, ഓരോ അയൽക്കാരനെയും , ഓരോ അന്യ മതക്കാരനെയും ,മതത്തിനുള്ളിലെ ഇതര സംഘടന / ജാതി ക്കാരനെയും ഓരോ എതിർ രാഷ്ട്രീയക്കാരനെയും സംശയ ദൃഷ്ടിയോടെ വീക്ഷിച്ചു അതിനുള്ള കാരണങ്ങൾ സ്വന്തം ഭാവനയിൽ സൃഷ്ടിച്ചു, അല്ലെങ്കിൽ കണ്ടു പുളിച്ച, കേട്ട് തഴമ്പിച്ച വാർത്താ കഥകളിൽ നിന്ന് ജീവൻ നൽകി സ്വയം കൃതാർത്താനാകുന്നു. കുടുംബങ്ങളിൽ, സ്വ മനസ്സുകളുടെ കൂടിച്ചേരലുകളിൽ, അന്തി ചർച്ചകളിൽ, വായനകളിൽ, കാഴ്ചകളിൽ, തന്റെ മുൻവിധികളെ സമർത്ഥിക്കുന്ന വാർത്തകളിലേക്ക് മാത്രമായി ചുരുങ്ങുന്നു, വിമർശിക്കപ്പെടുന്നതെല്ലാം തന്റെ പതനത്തിനാണെന്നു സ്വയം വിശ്വസിക്കുന്നു, ആ വിശ്വാസം വളർന്നു വളർന്നു അനിയന്ത്രിതമായ വികാരമായി പരിണമിക്കുന്നു, മലയാളിയുടെ സാമൂഹ്യ ചിന്തകളിൽ കാതലായ മാറ്റം വന്നിരിക്കുന്നു, പുറത്തു പ്രതിഫലിക്കുന്ന പൊള്ളയായ സാംസകാരിക പൈതൃകത്തിന്റെ മരീചികക്ക് അപ്പുറത് കത്തിജ്വലിക്കുന്ന തീവ്ര ചിന്തകൾക്ക് , അസഹിഷ്ണുതയുടെ കുഞ്ഞു ബീജങ്ങൾക്ക് ഓരോ മലയാളിയും അവൻ പോലുമറിയാതെ വെള്ളവും വളവും നൽകി തടിച്ചു കൊഴുക്കാൻ ഇടം നൽകുന്നു.

ദിനേന കേരളത്തിന്റെ വീടകത്തളങ്ങളിലേക്കും, സാമൂഹ്യ ചുറ്റുപാടുകളിലേക്കും, ദൃശ്യ, അച്ചടി, നവ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഒരു തരത്തിലുള്ള മുൻകരുതലുകളുമില്ലാതെ പെയ്തിറങ്ങുന്ന തീവ്രവാദ കേസുകളുടെ വാർത്താ അനുഭവങ്ങളാണ് ഈ എഴുത്തിനാധാരം , യാഥാർഥ്യങ്ങളെ കണ്ടെത്തി പ്രധിരോധിക്കേണ്ടതിനു പകരം ഭാവന സൃഷ്ടിയിലുള്ളതിനെ ഊതി വീർപ്പിച്ചു പെരുമ്പറ കൊട്ടി ഗ്രാഫിക്‌സ് ഇമേജുകൾ വച്ച് ആഘോഷിക്കപ്പെടുമ്പോൾ അതിനെ ശേഷമുള്ള കാലഘട്ടത്തിനെ, അത് സമൂഹത്തിൽ ചെലുത്തിയേക്കാവുന്ന ചെറുതല്ലാത്ത വിപരീത സ്വാധീനത്തെ നാം സൗകര്യപൂർവ്വം മനസ്സിലാക്കാതെയോ അല്ലെങ്കിൽ വിസ്മരിക്കുകയോ ചെയ്യുന്നു. വർത്തമാന കാല വാർത്തകൾ പോലും ഒരു ഭൂപ്രദേശത്തെ ഒന്നാകെ 'തീവ്രവാദത്തിന്റെ നഴ്‌സറികൾ' എന്നൊക്കെ ലേബൽ ചെയ്ത പുറത്തിറക്കുമ്പോൾ അത് ഭാവിയിൽ ഒരു പ്രദേശത്തിന്, അവിടെ ജീവിക്കുന്ന സമൂഹത്തിനു അവർ ഇടപെടേണ്ടിവരുന്ന സാമൂഹിക മേഖലകളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിചെല്ലാം ഒരു സാക്ഷര സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. ഓരോ തീവ്രവാദ കേസുകളും മലീമസപ്പെടുത്തുന്നത് കേരളത്തിന്റെ പൊതു ഇടങ്ങളെ തന്നെയാണ്.

ഇവിടെയാണ് സാമൂഹ്യ ശാസ്ത്ര പഠനങ്ങളുടെ പ്രസക്തി , ഇവിടെയാണ് സാമൂഹ്യ ശാസ്ത്രജ്ഞർ ഇടപെടേണ്ടത് . ഒരു സമൂഹം പിന്തുടർന്ന് പോന്നിരുന്ന ഫ്യൂഡൽ ജാതീയ വ്യസ്ഥിതിയിൽ നിന്ന് രൂപാന്തരപ്പെട്ടു ജനാധിപത്യ മതേതരത്വ , സഹിഷ്ണുത നിരതരായി ജീവിച്ചു ജനം വീണ്ടും തീവ്രമായ ആശയ ചിന്താധാരയിലേക്ക് വഴിമാറി സഞ്ചരിക്കുന്നുണ്ടെങ്കിൽ അതിനു തക്കതായ സാമൂഹ്യ കാരണങ്ങൾ കണ്ടത്തേണ്ടതുണ്ട് . അതിലേക്ക് വെളിച്ചമേകുന്ന പഠനങ്ങൾ സഘടിപ്പിക്കാതെ ഊതിവീർപ്പിച്ച കെട്ടുകഥകൾക്കൊപ്പം ഗ്യാലറിയിലിരുന്നു കളികാണുന്നത് സാമൂഹ്യ ശാസ്ത്രജ്ഞർക്ക് ഭൂഷണമല്ല.

അനന്തമായ വാർത്താ വിനിമയ സംവിധാനങ്ങൾ ലോകത്തെ ഒന്നാകെയും വിശേഷിച്ചു കേരളം സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ച 21ആം നൂറ്റാണ്ടിന്റെ തുടക്കത്തിലേ തലമുറയെ കൃത്യമായും സാമൂഹ്യ ശാസ്ത്ര പഠനങ്ങൾക്ക് വിധേയരാക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു പഠനത്തിന്റെ അടിസഥാനത്തിൽ വേണം തീവ്രവാദ കേസുകളെ പ്രത്യേകമെടുത്തു പരിശോധിക്കാൻ. കേവലമായ പൊലീസ് ഭാഷ്യങ്ങൾക്കോ, നിറം പിടിപ്പിച്ച വാർത്താ കഥകൾക്കോ അപ്പുറത്തുള്ള സാമൂഹ്യ ശാസ്ത്ര പഠനങ്ങൾക്ക് തീർച്ചയായും വലിയ പ്രാധാന്യമുണ്ട്. തീവ്രവാദ കേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ ആഴത്തിലുള്ള കേസ് സ്റ്റഡികൾ നടത്തപ്പെടണം, ഓരോ വ്യക്തിയുടെയും ജനനം മുതൽ ഇത് വരെയുള്ള ജീവിതത്തിന്റെ ഓരോ പടവുകളെയും സൂക്ഷമമായി ഒപ്പിയെടുക്കണം. അവരുടെ കുട്ടിക്കാലവും, കൗമാരവും, യൗവ്വനവും , ഔദ്യോഗികവും, അനൗദ്യോഗികകവും ആയ വിദ്യാഭ്യാസവും, പഠനങ്ങളും, കൂടിച്ചേരലുകളും, ഇടപെടലുകളും, കുടുംബവും , ബന്ധങ്ങളും, ജോലിയും, വായനയും, ചിന്തയും, കാഴ്ചപ്പാടുകളും, തുടണ്ടി സർവ്വ വ്യവഹാര മേഖലകളെയും കുറിച്ച് ആഴത്തിലുള്ള ഗവേഷണം തന്നെ സംഘടിപ്പിക്കണം, അതിലൂടെ മാത്രമേ ഒരു വ്യക്തിയും അയാൾ അധിവസിക്കുന്ന ആവാസ വ്യവസ്ഥയും തമ്മിലുള്ള സംഘട്ടനങ്ങളെ പുറത്തു കൊണ്ടുവരരാണ് സാധിക്കുകയുള്ളു, അതല്ലാതെ രോഗമറിയാതെ മരുന്ന് നിർദ്ദേശിക്കുന്നത് വെള്ളത്തിൽ വരച്ച വരപോലെയാണ്. ഇപ്പോൾ പിന്തുടരുന്ന പ്രക്രിയയും അതെ. തീവ്രവാദ കേസുകളെ നിയമത്തിന്റെ ഊരാക്കുടുക്കുകൊണ്ട് നിയന്ത്രിച്ചു നിർത്താം എന്നത് പൂർണ്ണമായും ശരിയായിക്കൊള്ളണമെന്നില്ല. മറിച്ചു ഒരു തലമുറ, ഒരു സമൂഹം, ഒരു വ്യക്തി തീവ്രവാദ ആശയങ്ങളിലേക്ക് പോകുന്നത് തടയുന്നതാണ് അഭികാമ്യം. അതുകൊണ്ട് തന്നെ കേരളീയ സാഹചര്യത്തിൽ മൈക്രോസ്‌കോപിക് യുവാക്കളിൽ സംഭവിച്ചെന്ന് കരുതുന്ന ജീർണതയെ, സാമൂഹിക അർബുദത്തെ കരിച്ചു കളയാനാണെങ്കിൽ, നാളെ ഒരു സമൂഹത്തിനെ ഒന്നാകെ പടർന്നു പിടിച്ചേക്കാവുന്ന പകർച്ച വ്യാധിയെ നിവാരണം ചെയ്യണമെന്നുണ്ടെങ്കിൽ സാമൂഹ്യ ശാസ്ത്ര പഠനങ്ങൾ അത്യന്താപേക്ഷിതമത്രെ

അതുകൊണ്ടുതന്നെ കേരളത്തിന്റെ വർത്തമാന കാല സാമൂഹിക സാചര്യത്തിൽ സാമൂഹ്യ ശാസ്ത്രജ്ഞരുടെ ഇടം പ്രാധാന്യമർഹിക്കുന്നതാണ്. കലാലയങ്ങളിലും, രാഷ്ട്രീയ മത സംഘടനകളിലും, പൗരാവകാശ കൂട്ടായ്മകളിലും, വ്യക്തികളിലും തുടങ്ങി, ഒരു മനുഷ്യൻ സാമൂഹ്യമായി ഇടപെടുന്ന സർവ്വ മേഖലകളിലും സാമൂഹിക ധർമത്തിന്റെ ചാരുതയോടെ, ദിശ തെറ്റിപ്പോകുന്ന ചിന്തകളെ, അതിനു കാരണമാകുന്ന ചുറ്റുപാടുകളെ ചൂണ്ടിക്കാണിക്കേണ്ട ഉത്തരവാദിത്വം ഓരോ സാമൂഹ്യ ശാസ്ത്രജ്ഞനുമുണ്ട്, ഓരോ സാമൂഹ്യ ശാസ്ത്ര ഗവേഷകനുമുണ്ട്. അതിനു അടിത്തറ പാകേണ്ടതിനുള്ള ഉത്തരവാദിത്വം ഓരോ നാട്ടിലെയും സർക്കാരിനും ജനാധിപത്യ, മതേതരത്വ ബോധമുള്ള സമൂഹത്തിന്റെയും ബാധ്യത ആണ്.

പ്രിയപ്പെട്ട സാമൂഹ്യശാസ്ത്രജ്ഞരെ, കേരളത്തിൽ കനലെരിയുമ്പോൾ നിങ്ങളെന്തു ചെയ്യുകായായിരുന്നെന്നു വരും തലമുറ നിങ്ങളോടു ചോദിക്കാതിരിക്കട്ടെ...

(ലേഖകൻ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈയിലെ ഗവേഷകനാണ്.)