കാസർകോട്: പടന്നയിൽനിന്ന് കാണാതായി ഐസിസിനൊപ്പം ചേർന്നെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തുന്ന മുഹമ്മദ് സാജിദ് വീണ്ടും ഫേസ്‌ബുക്കിൽ. ഐസിസ് പതാക പ്രഫൈൽ ചിത്രമാക്കി സത്യവിശ്വാസികളോട് ജിഹാദിന് ആഹ്വാനംകുറിച്ചാണ് സാജിദിന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് വീണ്ടും സജീവമായത്.

2015 ജൂലൈ 23ന് ഫേസ്‌ബുക്കിൽനിന്ന് പിന്മാറിയ സാജിദ് തിങ്കളാഴ്ച രാവിലെ 8.07നാണ് വീണ്ടും സജീവമായത്. കുറെപേരെ ഒരുമിച്ച് കാണാതാവുകയും യാത്രരേഖകൾ പ്രകാരം ഇവർ സിറിയയിലെ ഐ.സിസ് കേന്ദ്രങ്ങളിൽ പോയതാകാമെന്ന സംശയം അന്വേഷണ ഏജൻസികൾ പുറത്തുവിടുകയും ചെയ്തിരുന്നു. തൃക്കരിപ്പൂർ, പടന്ന മേഖലയിലെ കാണാതായവരിൽനിന്ന് ആദ്യമായാണ് ഒരാൾ വീണ്ടും ഫെയ്‌സ് ബുക്കിൽ സജീവമാകുന്നത്.

'സത്യവിശ്വാസികളേ, നിങ്ങൾക്കെന്തുപറ്റി? അല്ലാഹുവിന്റെ മാർഗത്തിൽ (ധർമസമരത്തിന്) നിങ്ങൾ ഇറങ്ങിപ്പുറപ്പെട്ടുകൊള്ളുക' എന്ന് സാജിദ് ഫെയ്‌സ് ബുക്കിലെഴുതി. സാജിദ് അടക്കമുള്ളവരുടെ തിരോധാനത്തിൽ എൻ ഐ എയും കേരളാ പൊലീസും അന്വേഷണം സജീവമാകുമ്പോഴാണ് സാജിദിന്റെ വെല്ലുവിളി. കവർചിത്രത്തിലെ ഐസിസ് പതാകയിൽ 'ഞങ്ങളുടെ ലക്ഷ്യം ഖുർആനിലെ നിയമചട്ടങ്ങൾ ഭൂമിയിൽ സ്ഥാപിക്കുക എന്നതാണ്. അങ്ങനെ അല്ലാഹുവിന്റെ വാക്കുകൾ മറ്റെല്ലാത്തിനും ഉയരത്തിൽ എത്തിക്കാൻ അല്ലാഹുവിന്റെ സഹായത്തോടെ ഞങ്ങൾ പരിശ്രമിക്കും. ലക്ഷ്യത്തിലത്തൊൻ ഞങ്ങൾക്കുള്ളതെല്ലാം കൊണ്ട് പരിശ്രമിക്കും. ആരൊക്കെ അതിന് തടസ്സം നിന്നാലും ഞങ്ങളിലെ അവസാന ആൾ വീഴുന്നതുവരെ ശരീരവും സമ്പത്തും കൊണ്ട് പോരാടും' എന്ന് കുറിച്ചിട്ടുണ്ട്.

പ്രഫൈൽ ഫോട്ടോയുടെ സ്ഥാനത്ത് 'മുശ്രിക്കുകൾ അവരുടെ ശിർക്കിനെ പല നാമങ്ങൾ നൽകി യഥാർഥ ശിർക്കിനെ മറച്ചുവെക്കാൻ ശ്രമിക്കുന്നു. ശൈഖ് മുഹമ്മദ് ഇബ്‌നു അബ്ദുൽ വഹാബിന്റെ കാലത്ത് സയ്യിദ്മാരോട് ദുഅവർ 'ശിർക്കിനെ തവസുൽ' എന്ന് വിളിക്കുമായിരുന്നു. ഇന്ന് നമ്മുടെ കാലത്ത് അവർ അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നിട്ട് അവരുടെ ദൈവങ്ങളെ പ്രസിഡന്റ്, രാജാവ്, മെംബർ ഓഫ് പാർലമെന്റ് etc എന്നൊക്കെ വിളിക്കുന്നു. അവർ അവരുടെ ശിർക്കിനെ ഡെമോക്രസി, സെക്കുലറിസം, ഇന്റർനാഷനൽലോ, ഫ്രീഡം ഓഫ് സ്പീച്ച് എന്നും വിളിക്കുന്നു' എന്നും രേഖപ്പെടുത്തിയിരിക്കുന്നു.

@abuayisha2016  എന്ന ടെലഗ്രാം ഐ.ഡിയാണ് വിലാസമായി നൽകിയിരിക്കുന്നത്. കണ്ണൂർ കനകമലയിൽനിന്ന് പിടികൂടിയ സമീറലിയിൽനിന്ന് കണ്ടത്തെിയ ടെലഗ്രാം ഐ.ഡിയും ഇതുതന്നെയാണ്. മുഹമ്മദ് സാജിദിന്റെ ഫേസ്‌ബുക്ക് സജീവമായത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ആ വഴിക്ക് അന്വേഷണം നടക്കുമെന്നും തിരോധാനം അന്വേഷിക്കുന്ന എൻ.ഐ.എ ഡിവൈ.എസ്‌പി വിക്രമൻ പറഞ്ഞു.