ഡമാസ്‌കസ്: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നൂറോളം വരുന്ന തീവ്രവാദികളെ വധിച്ച ആത്മ വിശ്വാസത്തിൽ ഐഎസ്സിനെതിരായ ബോംബാക്രമണം ശക്തമാക്കാൻ റഷ്യൻ നീക്കം. അന്തിമ പോരാട്ടമാണ് റഷ്യ ലക്ഷ്യമിടുനു്‌നത്. ഇറാനും എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്. സിറിയയുടെ കരസേനയും റഷ്യൻ നിർദ്ദേശങ്ങൾക്കായി കാത്തു നിൽക്കുകയാണ്. അങ്ങനെ ഐസിസിനെതിരായ ഉന്മുലന യുദ്ധം കടുപ്പിക്കാനാണ് തീരുമാനം. അതിനിടെ ഏത് നിമിഷവും ചൈനയും റഷ്യയ്‌ക്കൊപ്പം ചേരുമെന്നാണ് സൂചന. ഇതിന് തടയിടാൻ അമേരിക്കയും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ഏതായാലും റഷ്യയുടെ യുദ്ധ നീക്കത്തെ എങ്ങനെ ചെറുക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് അമേരിക്കയും നാറ്റോയുമെല്ലാം. തുർക്കിയെ കൂട്ടുപിടിച്ച് റഷ്യൻ നീക്കതെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ നീക്കവും പാളി.

യൂറോപ്യൻ യൂണിയൻ തുർക്കിക്ക് 2.2 ബില്യൺ പൗണ്ട് ധനസഹായമായി നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ 78 മില്യൺ തുർക്കികൾക്ക് വിസയില്ലാതെ യൂറോപ്പിലേക്ക് കടക്കാൻ അനുമതി നൽകാനും തത്ത്വത്തിൽ തീരുമാനമായിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള തുർക്കിയുടെ അപേക്ഷ വീണ്ടും പരിഗണിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കടുത്ത അഭയാർത്ഥി പ്രവാഹത്താൽ വീർപ്പ് മുട്ടുന്ന തുർക്കിയെ സഹായിക്കുന്നതിനുള്ള ന്യായമായ ധനസഹായമായാണ് 2.2 ബില്യൺ പൗണ്ട് തുർക്കിക്ക് അനുവദിച്ചിരിക്കുന്നതെന്നാണ് ജർമൻ ചാൻസലറായ ആൻജെല മെർകൽ വ്യക്തമാക്കുന്നത്. എന്നാൽ തുർക്കിയെ ഒപ്പം നിർത്തി റഷ്യൻ നീക്കങ്ങളെ പ്രതിരോധിക്കാനായിരുന്നു നീക്കം. അതിന്റെ ഭാഗമായി തുർക്കിയുടെ വ്യോമാതിർത്തി റഷ്യ ലംഘിക്കുന്നതായും ആരോപിച്ചു. ഇതിലൂടെ റഷ്യയെ തടയാനായിരുന്നു നീക്കം. എന്നാൽ അതൊന്നും മൈൻഡ് ചെയ്യാതെയാണ് റഷ്യയുടെ മുന്നേറ്റം.

അതിനിടെ സിറിയയിൽ സൈന്യത്തെ സഹായിക്കാൻ ഇറാന്റെയും ഇറാന്റെ പിന്തുണയുള്ള സേനകളുടേതുമടക്കം 2000ത്തോളം സൈനികർ എത്തി. ഐസിസിനെതിരെ റഷ്യ വ്യോമാക്രമണം രൂക്ഷമാക്കിയ അലെപ്പോയിൽ ഇറാനും ആക്രമണത്തിൽ പങ്ക് ചേരും. 2000ത്തോളം സൈനികർ സിറിയയിലെത്തിയതായി യു.എസ് മിലിട്ടറി സെൻട്രൽ കമാന്റ് വക്താവ് പാറ്ര് റൈഡറാണ് വ്യക്തമാക്കിയത്. ഇറാൻ പിന്തുണയുള്ള ഖുദ്‌സ് സേന ആക്രമണത്തിൽ പങ്കെടുക്കുന്നുണ്ട്. റഷ്യൻ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സൈന്യം ഐസിസിനും മറ്റ് വിമതർക്കും നേരെ നടത്തുന്ന കരയാക്രമണത്തിൽ ഇറാൻ പങ്ക് വഹിക്കും. അതേ സമയം വിമത സേനകൾക്കെതിരെ സിറിയൻ സൈന്യം നടത്തുന്ന ആക്രമണം പലയിടങ്ങളിലും നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാൻ ഐസിസിനെ സഹായിക്കുന്നുണ്ടെന്നാണ് അമേരിക്കയുടെ ആരോപണവുമായി അമേരിക്കയും രംഗത്തു വന്നു.

മുമ്പ് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് റഷ്യയുടെ ആക്രമണം. പ്രത്യേകിച്ചും സുഖോയ് എസ്.യു 34 വിമാനങ്ങൾ. റഷ്യയുടെ മിസൈൽ വൈദഗ്ദ്യം അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളെ ആശ്ചര്യപ്പെടുത്തുന്നതാണ്. 900 മൈൽ അകലെ കാസ്പിയൻ കടലിൽ നിന്ന് തൊടുത്തുവിട്ട ക്രൂയിസ് മിസൈൽ അമേരിക്കൻ സാങ്കേതിക വിദ്യയെ കടത്തിവെട്ടുന്നതായാണ് വിദഗ്ദരുടെ അഭിപ്രായം. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം പഴയ സോവിയറ്റ് മേഖലയ്ക്ക് പുറത്ത് റഷ്യ നടത്തുന്ന ആദ്യ ആക്രമണമാണ് സിറിയയിലേത്. ചുറ്റുമുള്ള ഏത് രാജ്യത്തിന് മേലും ആധിപത്യം സ്ഥാപിക്കാനുള്ള കരുത്ത് റഷ്യയ്ക്കുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതിലൂടെ ലോകശക്തിയായി മാറിയെന്ന് റഷ്യ വിളിച്ചു പറയുകയാണ്. തീവ്രവാദത്തിനെതിരെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകി ലോക രാജ്യങ്ങളുടെ നേതൃപദവി ഏറ്റെടുക്കാനാണ് നീക്കം. അതുകൊണ്ടാണ് സിറിയയിലെ റഷ്യയുടെ നീക്കങ്ങൾ അമേരിക്ക വിവാദമാക്കി അട്ടിമറിക്കാൻ ശ്രമിക്കുന്നതും.

ഏതായാലും സിറിയയിൽ ഐസിസിന്റേയും വിമതരുടേയും കേന്ദ്രങ്ങളിൽ ബോംബാക്രമണം തുടരുകയാണ്. വിമതരുടെ ശക്തികേന്ദ്രമായ ഹിംസ്, അലെപ്പോ പ്രവിശ്യകളിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 80ലേറെ സിവിലിയന്മാർ കൊല്ലപ്പെട്ടു. അലെപ്പോയിലെ ഹയാൻ നഗരത്തിൽ ആക്രമണത്തിനിടെ രണ്ടു കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങളും കൊല്ലപ്പെട്ടു. മൂന്ന് നുസ്ര ഫ്രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇവരുടെ വാഹനങ്ങൾ വ്യോമാക്രമണത്തിൽ തകർന്നു. അതിനിടെ, സിറിയയിൽനിന്നും തുർക്കിയുടെ വ്യോമാതിർത്തിയിലത്തെിയ വിമാനം വെടിവച്ചതായി സൈനിക അധികൃതർ അറിയിച്ചു. രണ്ടുതവണ വ്യോമാതിർത്തി ലംഘിച്ചതിന് തുർക്കി റഷ്യക്ക് താക്കീത് നൽകിയിരുന്നു. ഇതൊന്നും വകവയ്ക്കാതെ ഐസിസിനെ തകർക്കാൻ തന്നെയാണ് തീരുമാനം.

മെഡിറ്ററേനിയൻ മേഖലയിലുള്ള ഐസിസ് കേന്ദ്രങ്ങളിലേക്ക് റഷ്യൻ യുദ്ധക്കപ്പലുകൾ ബോംബുകൾ വർഷിച്ചു തുടങ്ങിയെന്ന് വഌഡിമർ പുടിൻ പറഞ്ഞു. തന്റെ രാജ്യം ഏറ്റെടുത്ത വ്യോമയാന ദൗത്യത്തിൽ ഊറ്റം കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു. റഷ്യൻ വ്യോമാക്രമണം കൊണ്ട് തീവ്രവാദികളെ ഉന്മൂലനം ചെയ്യാൻ സാധിച്ചുവെന്നും പാശ്ചാത്യ രാജ്യങ്ങളുടെ നീക്കം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ഭീകരരും ആയുധങ്ങളും നശിപ്പിക്കപ്പെട്ടുവെന്നാണ് പുടിന്റെ അവകാശവാദം. അതേസമയം റഷ്യൻ ആക്രമണം നടന്ന 85% സ്ഥലങ്ങളിലും ഐസിസിന്റെ സാന്നിധ്യം പോലും ഉണ്ടായിരുന്നില്ലെന്ന് ദ ബ്രിട്ടീഷ് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് ആരോപിച്ചു. തുടർച്ചയായുള്ള റഷ്യൻ ആക്രമണം പാശ്ചാത്യ രാജ്യങ്ങളെ ചൊടിപ്പിച്ചിട്ടുണ്ടെന്നതിന്റെ സൂചനയാണ് ഈ സംഘടനയുടെ ആരോപണം.

സിറിയയിൽ ഐസിസ് ഇപ്പോൾ നിശബ്ദമാണ്. അവർക്ക് റഷ്യൻ സേനയ്‌ക്കെതിരെ മാത്രമല്ല, അസദിന്റെ സൈന്യത്തിന് നേർക്ക് പോലും ആക്രമണങ്ങൾ നടത്താൻ കഴിയുന്നില്ല. കാരണം റഷ്യയുടെ യുദ്ധ തന്ത്രം തന്നെ. സെപ്റ്റംബർ 30 ന് തുടങ്ങിയ ആക്രമണങ്ങളിൽ ഇതുവരെ 456 ഐസിസ് കേന്ദ്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ടെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ ഐസിസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം പോലും പുറത്ത് വന്നിട്ടില്ല. സിറിയയിലെ ബാഷർ അൽ അസദ് ഭരണത്തെ പിന്തുണയ്ക്കുന്നതിനാണ് ഐസിസ് കേന്ദ്രങ്ങളെ റഷ്യ ആക്രമിക്കുന്നത്. ഇതാണ് അമേരിക്കയ്ക്കും കൂട്ടർക്കും പിടിക്കാത്തത്. യുഎസ് പരിശീലനം നൽകുന്ന വമതർക്കെതിരെയാണ് റഷ്യ ആക്രമണം നടത്തുന്നതെന്നാണ് ആരോപണം. റഷ്യയുടെ ആക്രമണത്തിൽ 274 സാധാരണ പൗരൻന്മാർ കൊല്ലെപ്പെട്ടതായും 707 പേർക്ക് പരിക്കേറ്റതായും അമേരിക്കൻ അനുകൂല സന്നദ്ധ സംഘടനകൾ വെളിപ്പെടുത്തുന്നു.

സിറിയയിലെ ആക്രമണങ്ങളിലൂടെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷവും തങ്ങൾ വൻ സൈനികശക്തിയായി തന്നെ തുടരുന്നതായി പാശ്ചാത്യ ചേരിയെ ബോദ്ധ്യപ്പെടുത്തുകയെന്ന ഉദ്ദശമാണ് റഷ്യ നടത്തുന്നത്. വലിയ തോതിൽ യുദ്ധ സാമഗ്രികൾ വിദൂര പ്രദേശത്ത് എത്തിക്കാനുള്ള റഷ്യൻ സൈന്യത്തിന്റെ സാമർത്ഥ്യം ശ്രദ്ധേയമാണെന്ന് യൂറോപ്പിലെ അമേരിക്കൻ കരസേനയും അഭിപ്രായപ്പെട്ടു കഴിഞ്ഞു. പല ദിവസങ്ങളിലും സിറിയയിൽ നൂറോളം വ്യോമാക്രമണങ്ങളാണ് നടത്തിയത്. സിറിയയിൽ റഷ്യയുടെ പ്രധാന വ്യോമത്താവളം വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ ലടാക്കിയയിലാണ്. 2000ത്തോളം ട്രൂപ്പുകളെയാണ് റഷ്യ സിറിയയിലേയ്ക്ക് അയച്ചിരിക്കുന്നത്. 1970കളിൽ സോവിയറ്റ് യൂണിയൻ ഈജിപ്റ്റിൽ നടത്തിയ സൈനികവിന്യാസത്തിന് ശേഷം ഏറ്റവും വലുതാണ് ഇത്.