ഡമാസ്‌കസ്: സിറിയയിൽനിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ തുരത്തുകയെന്ന ലക്ഷ്യത്തോട് അടുക്കുകയാണെന്ന് റഷ്യ. ഐസിസിന്റെ തന്ത്രപ്രധാനമായ താവളങ്ങൾ പലതും തകർത്തുവെന്ന് റഷ്യ അവകാശപ്പെട്ടു. ഭീകരരുടെ ആയുധ കേന്ദ്രങ്ങളിലും ഫാക്ടറികളും ആയുധശേഖരങ്ങളിലും റഷ്യൻ സേന ബോംബാക്രമണം ശക്തമാക്കിയതോടെ, ഭീകരർ പലായനം തുടങ്ങിയെന്നാണ് റിപ്പോർട്ട്.

ഇന്നലെ മാത്രം 33 ഐസിസ് കേന്ദ്രങ്ങളിലാണ് റഷ്യ ബോംബാക്രമണം നടത്തിയത്. ഒരു മിസൈൽ ലോഞ്ചറും നശിപ്പിച്ചു. പിടിച്ചെടുത്ത റേഡിയോ സന്ദേശങ്ങളിൽനിന്ന് റഷ്യൻ ആക്രമണത്തിൽ ഭീകരർ എത്രത്തോളം തകർന്നുവെന്നതിന്റെ സൂചനകളും ലഭ്യമാണ്. റഷ്യ ആക്രമണം നടത്തുന്ന മേഖലകളിലേക്ക് പോകാനും പ്രത്യാക്രമണം നടത്താനും ഭീകരർ മടികാണിച്ചുതുടങ്ങി. പുതിയ കേന്ദ്രങ്ങളിലേക്ക് പിൻവലിയാനുള്ള ശ്രമമാണ് ഇപ്പോൾ ഐസിസ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഐസിസ് രഹസ്യമായി സൂക്ഷിച്ചിരുന്ന മിസൈലും മിസൈൽ ലോഞ്ചറുമാണ് റഷ്യ ഇന്നലെ തകർത്തത്. റഷ്യൻ സു-34 യുദ്ധവിമാനം നടത്തിയ ബോംബാക്രമണത്തിൽ മിസൈലും അത് ഒളിപ്പിച്ചിരുന്ന കെട്ടിടവും പൂർണമായും തകർന്നു.സിറിയൻ നഗരമായ ഡമാസ്‌കസിന് സമീപത്താണ് മിസൈൽ സൂക്ഷിച്ചിരുന്നത്. റഷ്യയുടെയും പാശ്ചാത്യ ശക്തികളുടെയും യുദ്ധവിമാനങ്ങൾക്കെതിരെയും യാത്രാവിമാനങ്ങൾക്ക് നേരെയും തൊടുക്കാൻ പാകത്തിലായിരുന്നു മിസൈൽ.

ഇഡ്‌ലിബ്, ഹമ, ഡമാസ്‌കസ്, അലെപ്പോ തുടങ്ങിയ കേന്ദ്രങ്ങളിലെ ഐസിസ് താവളങ്ങൾ നശിപ്പിച്ചുവെന്ന് റഷ്യ അവകാശപ്പെട്ടു. ഈ നിലയിൽ ആക്രമണം തുടർന്നാൽ, സിറിയയെ ദിവസങ്ങൾക്കകം ഐസിസ് വിമുക്തമാക്കാനാകുമെന്നാണ് പ്രസിഡൻ്‌റ വഌദിമിർ പുട്ടിൻ കരുതുന്നത്. റഷ്യ നടത്തുന്ന ആക്രമണങ്ങളോട് കടുത്ത അസഹിഷ്ണുത പുലർത്തുന്ന അമേരിക്കയ്ക്കും നാറ്റോയ്ക്കും വലിയ തിരിച്ചടിയാണ് റഷ്യയുടെഈ മുന്നേറ്റം.

ഐസിസിന് തന്ത്രപ്രധാന കേന്ദ്രങ്ങൾ പലതും നഷ്ടപ്പെട്ടുവെന്നതിന് തെളിവാണ് ആക്രമണകേന്ദ്രങ്ങളിൽനിന്ന് ഭീകരരുടെ പിന്മാറ്റം സൂചിപ്പിക്കുന്നതെന്ന് റഷ്യ പറയുന്നു. സിറിയയിൽ ഐസിസിന്റെ തലസ്ഥാന നഗരമായ റഖയിലേക്ക് ഭീകരർ ഏറെക്കുറെ പിൻവലിഞ്ഞു കഴിഞ്ഞു. ഭീകരരുടെ ആയുധശേഖരമാണ് റഷ്യ തുടക്കത്തിൽ ലക്ഷ്യമിട്ടത്. തകർച്ചയുടെ വക്കിലെത്തി നിൽക്കുകയാണ് ഐസിസെന്ന് സൂചന. ഇതോടെ പ്രതിരോധത്തിലാകുന്നത് അമേരിക്കയാണ്. ഐസിസിനെതിരായ റഷ്യൻ നീക്കം ഫലം കണ്ടാൽ തീവ്രവാദ വിരുദ്ധ ചേരിയിലെ രാജ്യങ്ങളെല്ലാം കളം മാറുമെന്ന് അമേരിക്കയ്ക്ക് അറിയാം.

ഇതു മനസ്സിലാക്കിയാണ് സിറിയയിൽ റഷ്യ ഇടപെടൽ നടത്തിയത്. പ്രസിഡന്റ് അസദിന് ഭരണം നടത്താൻ സുഗമമായ സാഹചര്യം ഒരുക്കുകയാണ് റഷ്യ ചെയ്തത്. ഇത് ഫലം കാണുമ്പോൾ അസദിനെതിരെ അമേരിക്ക വിമതരെ കൂട്ടുപിച്ച് നടത്തിയ നീങ്ങളാണ് പൊളിയുന്നത്. സിറിയയിലും ഇറാക്കിലും ഐസിസിനെ ഉന്മൂലനം ചെയ്യുകയാണ് റഷ്യയുടെ ഉദ്ദേശം. ഇതിലൂടെ ആഗോള സമാധാനമുണ്ടാക്കമെന്നാണ് റഷ്യയുടെ പക്ഷം. ഇത് തന്നെയാണ് അമേരിക്കയെ അലട്ടുന്നത്. ഐസിസിനെ സൃഷ്ടിച്ചത് അമേരിക്കയെന്ന വാദത്തിന് ശക്തികൂടിയെന്നതും ശ്രദ്ധേയമാണ്.