കൊച്ചി: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ദൂരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച ജീവനക്കാരൻ വിനീത് കുമാറിന് ഐസിസ് ബന്ധമുണ്ടോയെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

അഫ്ഗാനിസ്ഥാനിൽനിന്നും വിനീതിന് ഫോൺ കോളുകൾ വന്നതിനു ശേഷമാണ് മരണപ്പെടുന്നത്. ഇതിനു പിന്നിലെ നിഗൂഢത സംബന്ധിച്ചാണ് അന്വേഷണം. അഫ്ഗാനിലോ സമീപരാജ്യങ്ങളിലോ യാതൊരു സുഹൃത്തും വിനീത് കുമാറിനില്ലെന്ന് അടുപ്പക്കാർ വ്യക്തമാക്കുന്നു. പിന്നെയെങ്ങനെയാണ് അഫ്ഗാനിൽനിന്നു ഫോൺ വരാനിടയായതെന്ന ചോദ്യമാണുയരുന്നത്.

മുളന്തുരുത്തി സ്വദേശിയായ വിനീത് കുമാർ നാലു സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണത്തെക്കുറിച്ചു മാത്രമെ പൊലീസിനു വിവരം ലഭിച്ചിട്ടുള്ളു. മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനകൾക്കായി തിരുവനന്തപുരത്തിന് അയച്ചിരിക്കുകയാണ്. വീട്ടിലും ഓഫീസിലും ശാന്തപ്രകൃതക്കാരനായ യുവാവ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചത് എന്തിനാണെന്ന ചോദ്യം അവശേഷിച്ചിരിക്കുകയാണ്. മരണത്തിലെ ദുരൂഹതകൾ നീക്കണമെന്നും വീട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന വിനീത് ഐസിസ് ബന്ധമുള്ളവരുമായി ചാറ്റിങ് നടത്തി ഏതെങ്കിലും തരത്തിൽ കുടുങ്ങിയതാണോ എന്നാണ് അന്വേഷിക്കുന്നത്. ഏതെങ്കിലും സോഷ്യൽ മീഡിയ സുഹൃത്തുക്കൾ വഴി ഐസിസ് ബന്ധത്തിൽ അകപ്പെട്ടതാകാമെന്നാണ് പ്രാഥമിക നഗമനം.

മരണത്തിനു ദിവസങ്ങൾക്ക് മുമ്പ് സുഹൃത്തുക്കളോട് വിനീത് പറഞ്ഞത് അമിതമായി സോഷ്യൽ മീഡിയ ഉപയോഗിച്ചാൽ പണി കിട്ടുമെന്നാണ്. കഴിഞ്ഞ മാസം 19നാണ് വിനീത് കുമാർ ഓഫീസിൽ തൂങ്ങിമരിക്കുന്നത്. സംഭവദിവസം അവധിയിലായിരുന്നെങ്കിലും വൈകിട്ടോടെ ഓഫീസിലെത്തുകയും ജീവനക്കാർ എല്ലാവരും പോയ ശേഷം മുറിയിൽ കയറി തൂങ്ങി മരിക്കുകയുമായിരുന്നു. വിനീതിന്റെ ഏറ്റവും അടുത്ത സുഹൃത്തിന് അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന കോളിന്റെ വിശദാംശങ്ങൾ അറിയാമെങ്കിലും ഭയം മൂലം പുറത്തു പറയാത്തതാണെന്നും സൂചനയുണ്ട്.

ലോക്കൽ പൊലീസ് കാര്യമായ അന്വേഷണം നടത്താത്തതും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമുണ്ടാക്കിയിട്ടുണ്ട്. എൻഐഎ പോലെയുള്ള ദേശീയ അന്വേഷണ ഏജൻസി രംഗത്ത് വന്നാൽ മാത്രമെ വിനീതിന്റെ മേൽ സംശയിക്കപ്പെടുന്ന ഐഎസ് ബന്ധം വ്യക്തമാകുകയുള്ളു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.