കാസർഗോഡ്: എറണാകുളത്ത് ഹോട്ടൽ ജോലിക്കെന്നു പറഞ്ഞ് വീടുവിട്ട ആദൂർ സ്വദേശി ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്നുവെന്ന സംശയം ബലപ്പെടുന്നു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ചീനപ്പാടിയിലെ മുഹമ്മദിന്റെ മകൻ അബ്ദുള്ള ഹാരിസ് ആണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്.

മുഹമ്മദ് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തി മകനെ കാണാനില്ലെന്ന് പരാതി നൽകിയിട്ടുണ്ട്. ഒരു വർഷം മുമ്പ് അബ്ദുള്ള ഹാരിസ് തൃക്കരിപ്പൂരിലെ ഒരു മതപഠന കേന്ദ്രത്തിൽ ചേർന്നിരുന്നു. അല്പകാലത്തെ പഠനത്തിനു ശേഷം 26 കാരനായ അബ്ദുള്ള സ്ഥലം വിടുകയായിരുന്നു. പിന്നീട് എറണാകുളത്തെ ഒരു മൊബൈൽ കടയിൽ ജോലിക്ക് ചേർന്നതായാണ് വിവരം. ഈ ജോലി തരപ്പെടുത്തിയ ആളെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണ് പൊലീസ്.

അവിടെ ജോലി ചെയ്തു വരവേ ആറ് മാസം മുമ്പ് അബ്ദുള്ള ഹാരിസ് നാട്ടിലെത്തിയിരുന്നു. വീട്ടുകാർക്കും ബന്ധുക്കൾക്കും വസ്ത്രങ്ങളും സമ്മാനങ്ങളും വാങ്ങിക്കൊടുത്തശേഷം എറണാകുളത്തേക്ക് തിരിച്ചു പോകുന്നുവെന്നാണ് ധരിപ്പിച്ചത്. തുടർന്നാണ് അബ്ദുള്ളയിൽ കാര്യമായ മാറ്റം അനുഭവപ്പെട്ടത്. ഫോണിൽ വിളിച്ചാൽ പലപ്പോഴും കിട്ടാറില്ല. വീട്ടിലേക്കുള്ള വിളികളും കുറഞ്ഞു വന്നു. വീട്ടുകാർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ കട്ട് ചെയ്യുകയായിരുന്നു പതിവ്.

കുറച്ചുകാലമായി ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അബ്ദുള്ളയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതായതോടെയാണ് പിതാവ് പൊലീസിൽ പരാതിയുമായി എത്തിയത്. തൃക്കരിപ്പൂർ-പടന്നയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് പോയവരുമായി അബ്ദുള്ളക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസും രഹസ്യാന്വേഷണവിഭാഗവും അന്വേഷിക്കുന്നുണ്ട്. അബ്ദുള്ള ഹാരിസിന്റെ പേരിൽ പാസ്പ്പോർട്ട് ഇല്ലെന്നാണ് പ്രാഥമിക വിവരം. വ്യാജ പാസ്പ്പോർട്ട് എടുത്തിട്ടുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ തൃക്കരിപ്പൂരിൽനിന്നും കാണാതായവരുമായി അബ്ദുള്ള ഹാരിസിന് ബന്ധമുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസ് ആദൂർ പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. തൃക്കരിപ്പൂർ പടന്നയിൽ നിന്നും ഐസീസിലേക്ക് പോയവരുടെ കേസിനൊപ്പം ഈ കേസും അന്വേഷിക്കുമെന്നാണ് പ്രാഥമിക വിവരം. ഇയാൾ തനിച്ച് ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് കടന്നിരിക്കാമെന്നാണ് സൂചന. എന്നാൽ സിറിയ കേന്ദ്രീകരിച്ചുള്ള അൽ ഖായ്ദയിലേക്കാണെങ്കിൽ അതുമായി ബന്ധപ്പെട്ട പാലക്കാട് സ്വദേശി അബു താഹിറിന്റെ നിർദേശപ്രകാരം കടന്നിരിക്കാമെന്നാണ് സൂചന. അബു താഹിർ ഇപ്പോഴും സജീവമായി അൽഖായ്ദയിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത യാസ്മിൻ അഹമ്മദിനെ വീണ്ടും കോടതി റിമാൻഡ് ചെയ്തു. തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധമുണ്ടെന്ന് തെളിവ് ലഭിച്ചതിനെ തുടർന്നാണ് ഇവരെ പൊലീസ് ഡൽഹിയിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ റിമാൻഡ്കാലാവധി സെപ്റ്റംബർ 6 വരെ നീട്ടിയിട്ടുണ്ട്. എന്നാൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ യാസ്മിൻ അഹമ്മദ് കള്ളം പറയുന്നതായി അന്വേഷണ ഏജൻസി കരുതുന്നു. വർഷങ്ങളായി ആത്മീയതീവ്രത പ്രചരിപ്പിക്കാൻ ബോധവൽക്കരണം നടത്തിയതിൽ യാസ്മിൻ പങ്കാളിയാണ്. യാസ്മിന്റെ കുഞ്ഞിനെ ഏറ്റെടുക്കാൻ ബന്ധുക്കളെ വിവരമറിയിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ യാസ്മിനൊപ്പം കുട്ടിയേയും കണ്ണൂർ ജയിലിലേക്ക് മാറ്റുകയായിരുന്നു.