മഡ്ഗാവ്: ഐഎസ്എല്ലിൽ ഗോൾ മഴ പെയ്തിറങ്ങിയ ത്രില്ലർ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ കീഴടക്കി ഒഡീഷ എഫ്സി. നാലിനെതിരെ ആറു ഗോളുകൾക്കാണ് ഒഡീഷ വിജയതീരത്ത് എത്തിയത്. ഹെക്റ്റർ റോദാസും അരിദയ് കബ്രേറയും ഒഡീഷക്കായി ഇരട്ട ഗോൾ നേടി. ജാവി ഹെർണാണ്ടസും ഇസാക് വാൻലാൽറുതേലയും ഓരോ ഗോൾ വീതം നേടി. ഡാനിയൽ ചിമ ചുക്വു ഈസ്റ്റ് ബംഗാളിനായി രണ്ടു തവണ വല ചലിപ്പിച്ചു. ഡാരൻ സിദോയ്ലും ഹോകിപും ലക്ഷ്യം കണ്ടു.

കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ച ഒഡീഷ ആറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളിൽ രണ്ടു തോൽവിയും ഒരു സമനിലയുമുള്ള ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്താണ്.

മത്സരത്തിന്റെ ആദ്യ പകുതിൽ ഒഡീഷ 3-1ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ അരിദായ് കാർബെറയിലൂടെ 4-1ലീഡെടുത്ത ഒഡീഷക്കെതിരെ അവിശ്വസനീയമായി തിരിച്ചടിച്ച ഈസ്റ്റ് ബംഗാൾ 81-ാം മിനിറ്റിൽ തോങ്കോയ്‌സിങ് ഹോയ്ക്കിലൂടെ ഒരു ഗോൾ മടക്കി.

രണ്ട് മിനിറ്റിനകം ഇസാക് വൻലാറുടേഫിയയിലൂടെ 5-1ന് മുന്നിലെത്തിയ ഒഡീഷക്കെതിരെ 90ാം മിനിറ്റിൽ ഡാനിയേൽ ചിമ ഒരു ഗോൾ കൂടി മടക്കകുകയും ഈഞ്ചുറി ടൈമിൽ പെനൽറ്റിയിലൂടെ ചിമ രണ്ടാം ഗോൾ നേടുകയും ചെയ്തതോടെ 5-4 എന്ന സ്‌കോറിൽ കളി ആവേശത്തിന്റെ പരകോടിയിലായി.

എന്നാൽ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം കാബ്രെറ ഒരു ഗോൾ കൂടി ഈസ്റ്റ് ബംഗാൾ വലയിൽ നിക്ഷേപിച്ച് കളി 6-4 ഒഡീഷയുടെ പോക്കറ്റിലാക്കി. തുടർച്ചയായ രണ്ടാം ജയത്തോടെ ഒഡീഷ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ സീസണിലെ ആദ്യ തോൽവി വഴങ്ങിയ ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്ത് തുടരുന്നു.

തുടക്കത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും ഒഡീഷയാണ് മുന്നിട്ടു നിന്നത്. എന്നാൽ ആദ്യം ഗോളടിച്ചത് ഈസറ്റ് ബംഗാളായിരുന്നു. പതിമൂന്നാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന് അനുകൂലമായി ലഭിച്ച കോർണറിൽ നിന്ന് ബോക്‌സിൽ നിന്ന് സിയോഡൽ തൊടുത്ത തകർപ്പൻ ഷോട്ട് ഒഡീഷയുടെ വലയിൽ കയറി.

ആദ്യ ഗോളിന്റെ ആവേശത്തിൽ ഈസ്റ്റ് ബംഗാൾ തുടരെ തുടരെ അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ആദ്യ ഡ്രിങ്ക് ബ്രേക്കിന് പിന്നാലെ ഒഡീഷ ഈസ്റ്റ് ബംഗാളിനെ ഒപ്പം പിടിച്ചു. ജാവി ഹെർണാണ്ടസിന്റെ പാസിൽ നിന്ന് ഹെക്ടർ റോഡാസ് ആണ് ഒഡീഷക്ക് സമനില സമ്മാനിച്ചത്. സമനില ഗോൾ കണ്ടെത്തിയതോടെ ഒഡീഷയുടെ ആക്രമണങ്ങൾക്ക് കൂടുതൽ മൂർച്ചയായി.

ആദ്യ ഗോളിന്റെ തനിയാവർത്തനം പോലെ 40-ാം മിനിറ്റിൽ ജാവി-ഹെക്ടർ കൂട്ടുകെട്ട് ഒഡീഷക്ക് ലീഡ് സമ്മാനിച്ചു. ജാവിയെടുത്ത കോർണറിൽ നിന്ന് മികച്ചൊരു ഹെഡ്ഡറിലൂടെ ഈസ്റ്റ് ബംഗാൾ വലയിൽ വീണ്ടും പന്തെത്തിച്ചാണ് ഹെക്ടർ ഒഡീഷക്ക് ലീഡ് സമ്മാനിച്ചത്.

ആദ്യ പകുതി തീരാൻ മിനിറ്റുകൾ ബാക്കിയിരിക്കെ ജാവി ഇത്തവണ സ്‌കോർ ചെയ്തു. ജാവിയെടുത്ത കോർണർ മഴവില്ലുപോലെ ഈസ്റ്റ് ബംഗാൾ വലയിൽ കയറിയപ്പോൾ പ്രതിരോധനിരക്ക് കാഴ്ചക്കാരായി നിൽക്കാനെ കഴിഞ്ഞുള്ളു. രണ്ട് ഗോൾ ലീഡ് വഴങ്ങിയതോടെ തളരുമെന്ന കരുതിയ ഈസ്റ്റ് ബംഗാൾ രണ്ടാം പകുതിയിൽ ഉയർത്തെഴുന്നേൽക്കുന്നതാണ് കണ്ടത്.