- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ട ഗോളുമായി ഓഗ്ബെച്ചെ; നോർത്ത് ഈസ്റ്റിനെ ഗോൾ മഴയിൽ മുക്കി ഹൈദരാബാദ്; ജയം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്ത്
മഡ്ഗാവ്: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഗോൾമഴയിൽ മുക്കി ഹൈദരാബാദ് എഫ്സി. ബർത്തലോമ്യു ഓഗ്ബെച്ചെ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ജയത്തോടെ 10 പോയന്റുമയി പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി.
ചിങ്ലെസെന സിംഗും അനികേത് ജാദവും , ജാവിയർ സിവേറിയോയും ഓരോ ഗോൾ വീതമടിച്ച് ഗോൾ പട്ടിക തികച്ചു. ലാൻഡാന്മാവിയെ റാൾട്ടെ ആണ് നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേടിയത്.
അഞ്ച് കളികളിൽ മൂന്നാം ജയം സ്വന്തമാക്കിയാണ് ഹൈദരാബാദ് രണ്ടാമതെത്തിയത്. അഞ്ച് കളികളിൽ നാലു പോയന്റുമായി നോർത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു.ആദ്യ പകുതിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹൈദരാബാദ് മുന്നിലായിരുന്നു.
മത്സരത്തിന്റെ 12-ാം മിനിറ്റിൽ തന്നെ ഹൈദരാബാദ് മുന്നിലെത്തി. എഡു ഗാർസിയയെടുത്ത ഫ്രീകിക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. പോസ്റ്റിലിടിച്ച പന്ത് നേരെ ചെന്നുവീണത് ചിങ്ലെൻസന സിങ്ങിനു മുന്നിൽ. പന്തിനെ വലയിലേക്ക് തട്ടിയിടേണ്ട കാര്യമേ സിങ്ങിന് ഉണ്ടായിരുന്നുള്ളൂ.
പിന്നാലെ 27-ാം മിനിറ്റിൽ ഓഗ്ബെച്ചെ സ്‌കോർഷീറ്റിൽ പേരുചേർത്തു. നോർത്ത് ഈസ്റ്റ് ബോക്സിലേക്ക് വന്ന ഒരു ലോങ്ബോൾ പിടിച്ചെടുത്ത് മുന്നേറിയ ഓഗ്ബെച്ചെ സമയമെടുത്ത് ഇടംകാലുകൊണ്ടുള്ള ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഗോൾകീപ്പർ സുഭാശിഷ് റോയിക്ക് പന്ത് കണ്ടുനിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ.
എന്നാൽ, ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കേ ലാൽഡന്മാവിയ റാൽതെയിലൂടെ നോർത്ത്ഈസ്റ്റ് ഒരു ഗോൾ മടക്കി. ബോക്സിലേക്ക് വന്ന ടൊൺഡോൺബ സിങ്ങിന്റെ ഒരു ത്രോയിൽ നിന്നായിരുന്നു ഗോളിന്റെ പിറവി.
രണ്ടാം പകുതിയിലും ആക്രമണം കനപ്പിച്ച ഹൈദരാബാദ് 78-ാം മിനിറ്റിൽ വീണ്ടും നോർത്ത് ഈസ്റ്റിന്റെ വലയനക്കി. ഒഗ്‌ബെച്ചെ തന്നെയായിരുന്നു സ്‌കോറർ. ഇഞ്ചുറി ടൈമിൽ അങ്കിത് യാദവിലൂടെ ഒരു ഗോൾ കൂടി നോർത്ത് ഈസ്റ്റ് വലയിൽ നിക്ഷേപിച്ചു. കളി തീരാൻ സെക്കൻഡുകൾ ബാക്കിയിരിക്കെ ജാവിയർ സിവേറിയോ ഹൈദരാബാദിന്റെ ഗോൾപട്ടിക പൂർത്തിയാക്കി അഞ്ചാം ഗോളും നേടി.
സ്പോർട്സ് ഡെസ്ക്