മഡ്ഗാവ്: ഐഎസ്എല്ലിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ഒഡിഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ചെന്നെയിൻ എഫ്.സി. ജർമൻപ്രീത് സിങ്, മിർലൻ മുർസയെവ് എന്നിവരാണ് ചെന്നൈയിനായി സ്‌കോർ ചെയ്തത്. ഇൻജുറി ടൈമിൽ ഹാവിയർ ഹെർണാണ്ടസാണ് ഒഡിഷയുടെ ആശ്വാസ ഗോൾ നേടിയത്. ജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് 11 പോയന്റുമായി ചെന്നൈയിൻ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതിരുന്നതാണ് ഒഡിഷയ്ക്ക് തിരിച്ചടിയായത്. 23-ാം മിനിറ്റിൽ തന്നെ ജർമൻപ്രീതിലൂടെ ചെന്നൈയിൻ മുന്നിലെത്തി. ഒഡിഷ ബോക്സിലേക്ക് വന്ന ഒരു ക്രോസ് ഗോൾകീപ്പർ കമൽജിത്ത് സിങ് തടഞ്ഞിട്ടത് നേരെ ജർമൻപ്രീതിന്റെ മുന്നിലേക്ക്. ബോക്സിലുണ്ടായിരുന്ന ഡിഫൻഡർമാരെ വെട്ടിച്ച് താരം പന്ത് വലയിലെത്തിച്ചു. ചെന്നൈയിൻ മുന്നിൽ.

പിന്നീട് 63-ാം മിനിറ്റിൽ മുർസയെവിലൂടെ ചെന്നൈയിൻ ലീഡുയർത്തി. ലാലിയൻസുവല ചാങ്തെയുടെ പാസിൽ നിന്ന് ഒരു തകർപ്പൻ ഷോട്ടിലൂടെ മുർസയെവ് പന്ത് വലയിലെത്തിക്കുകയായിരുന്നു.

തുടർന്ന് 85-ാം മിനിറ്റിൽ ചെന്നൈയിൻ മൂന്നാം ഗോളും നേടേണ്ടതായിരുന്നു. ചെന്നൈയിന് അനുകൂലമായി ലഭിച്ച പെനാൽറ്റി പക്ഷേ ലുക്കാസ് ഗിക്കിവിക്സ് നഷ്ടപ്പെടുത്തി. വ്ളാഡിമിർ കോമാനെതിരായ സെബാസ്റ്റ്യൻ താങ്മുവാൻസാങ്ങിന്റെ ഫൗളിനെ തുടർന്നായിരുന്നു പെനാൽറ്റി. ഗിക്കിവിക്സ് എടുത്ത ഷോട്ട് പോസ്റ്റിന്റെ വലത് മൂലയിലേക്ക് ചാടി കമൽജിത് തട്ടിയകറ്റുകയായിരുന്നു.

ഒടുവിൽ ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ ജാവിയർ ഹെർണാണ്ടസാണ് ഒഡിഷയുടെ ആശ്വാസ ഗോൾ നേടിയത്. ഗോൾകീപ്പറിൽ നിന്ന് പന്ത് സ്വീകരിച്ച് മുന്നേറിയ ഹെർണാണ്ടസ് കിടിലനൊരു ലോങ്റേഞ്ചറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.