- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം; ഇരട്ട ഗോളുമായി പ്രിൻസ് ഇബാറ; എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുംബൈ സിറ്റിയെ നാണം കീഴടക്കി ബെംഗളൂരു; പോയിന്റ് പട്ടികയിൽ ഏഴാമത്
ഫത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിയെ തകർത്ത് ബെംഗളൂരു എഫ്.സി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. ബെംഗളൂരുവിന് വേണ്ടി പ്രിൻസ് ഇബാറ ഇരട്ട ഗോൾ നേടി. ഒരു ഗോൾ ഡാനിഷ് ഫാറൂഖിന്റെ വകയാണ്.
ബെംഗളൂരുവാണ് മത്സരത്തിന്റെ ആദ്യ പകുതിയിൽ ഉടനീളം ആധിപത്യം പുലർത്തിയത്. അഹമ്മദ് ജാഹുവിനെയും ഗോൾകീപ്പർ നവാസിനെയും ഇഗോർ അംഗൂളോവിനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ് മുംബൈ പരിശീലകൻ ബക്കിങ്ഹാം ടീമിനെ ഒരുക്കിയത്.
ബെംഗളൂരു എട്ടാം മിനിറ്റിൽ തന്നെ ലീഡെടുത്തു. ഡാനിഷ് ഫാറൂഖാണ് ബെംഗളൂരുവിന് വേണ്ടി വലകുലുക്കിയത്. മുംബൈ ബോക്സിനുള്ളിൽ വെച്ച് ക്ലെയിറ്റൺ സിൽവയ്ക്ക് ഗോളവസരം ലഭിച്ചെങ്കിലും മുംബൈയുടെ മൊർത്താദ ഫാൾ അപകടം ഒഴിവാക്കി. എന്നാൽ പന്ത് നേരെയെത്തിയത് ഡാനിഷിന്റെ കാലിലാണ്. ബോക്സിന് പുറത്തുനിന്ന് ഡാനിഷ് തൊടുത്ത ഷോട്ട് മുംബൈ ഗോൾവലയിൽ കയറി.
23-ാം മിനിറ്റിൽ പ്രിൻസ് ഇബാറ ബെംഗളൂരുവിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. റോഷൻ നാവോറമിന്റെ ക്രോസിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ ഇബാറ ലക്ഷ്യം കണ്ടു. ഇതോടെ ബെംഗളൂരു ആദ്യ 25 മിനിറ്റിൽ തന്നെ മത്സരം കൈയിലാക്കി.
ആദ്യപകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ വീണ്ടും ഗോളടിച്ച് ബെംഗളൂരു മുംബൈ സിറ്റിയെ തകർത്തു. ഇത്തവണയും പ്രിൻസ് ഇബാറ-റോഷൻ കോംബോയാണ് ഗോൾ സമ്മാനിച്ചത്.
റോഷന്റെ കൃത്യമായ ക്രോസിന് തന്ത്രപൂർവം തലവെച്ചുകൊണ്ട് ഇബാറ ബെംഗളൂരുവിന് 3-0 ന്റെ ലീഡ് സമ്മാനിച്ചു. ഇബാറയുടെ ഹെഡ്ഡർ തടയാൻ ഫാൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ ആദ്യ പകുതിയിൽ ബെംഗളൂരു 3-0 ന് മുന്നിലെത്തി.
രണ്ടാം പകുതി മുംബൈ സിറ്റി തിരിച്ചുവരവിന് കഠിനമായി പരിശ്രമിച്ചു. എന്നിട്ടും ഗോൾ മാത്രം അകന്നുനിന്നു. മുംബൈയുടെ ലാലങ്മാവിയ റാൾതെയുടെ ഗോളെന്നുറച്ച ഷോട്ട് ബെംഗളൂരു ഗോൾപോസ്റ്റിലിടിച്ച് തെറിച്ചു. ബിപിൻ സിങ്ങിനും പകരക്കാരനായി വന്ന ഇഗോർ അംഗൂളോയ്ക്കും ഒന്നിലധികം സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ഇതോടെ മത്സരം ബെംഗളൂരു സ്വന്തമാക്കി.
ജയത്തോടെ ബെംഗളൂരു പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. 11 മത്സരങ്ങളിൽ നിന്ന് 13 പോയന്റാണ് ബെംഗളൂരുവിനുള്ളത്. എന്നാൽ തോൽവി വലിയ തിരിച്ചടിയാണ് മുംബൈയ്ക്ക് സമ്മാനിച്ചത്. കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള സുവർണാവസരം മുംബൈ പാഴാക്കി. 11 മത്സരങ്ങളിൽ നിന്ന് 17 പോയന്റുള്ള മുംബൈ പട്ടികയിൽ രണ്ടാമതാണ്.
സ്പോർട്സ് ഡെസ്ക്