ബംബോലിം: ഐഎസ്എല്ലിലെ കരുത്തന്മാരുടെ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ് സിയെ കീഴടക്കി ജംഷഡ്പൂർ എഫ് സി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജംഷഡ്പൂരിന്റെ ജയം. ഈ ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ജംഷഡ്പൂർ എഫ്സി മൂന്നാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും മുംബൈ സിറ്റി അഞ്ചാം സ്ഥാനത്ത് തുടരുന്നു. 15 കളികളിൽ 28 പോയന്റുമായാണ് ജംഷഡ്പൂർ മൂന്നാം സ്ഥാനത്തേക്ക് കയറിയത്.

ബ്ലാസ്റ്റേഴ്‌സിന് 15 മത്സരങ്ങളിൽ 26 പോയന്റും അഞ്ചാം സ്ഥാനത്തുള്ള മുംബൈക്ക് 16 കളികളിൽ 25 പോയന്റുമാണുള്ളത്. ആദ്യപാദത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് മുംബൈക്ക് മുന്നിൽ മുട്ടുമടക്കിയതിനുള്ള മധുരപ്രതികാരം കൂടിയായി ജംഷഡ്പൂരിന്റെ ആവേശജയം. പരാജയമറിയാത്ത ആറ് മത്സരങ്ങൾക്ക് ശേഷമാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ തോൽക്കുന്നത്. ജംഷഡ്പൂരാകട്ടെ തുടർച്ചയായ രണ്ടാം ജയമാണ് ഇന്ന് നേടിയത്.

ഗ്രെഗ് സ്റ്റുവർട്ടിന്റെയും റ്വിത്വിക് ദാസിന്റെയും ഗോളുകളുടെ കരുത്തിൽ ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിലായിരുന്നു ജംഷഡ്പൂരിനെ രണ്ടാം പകുതിയിൽ രാഹുൽ ബെക്കെയും ഡിയാഗോ മൗറിഷ്യയോയും നേടിയ ഗോളുകളിലാണ് മുംബൈ സിറ്റി സമനിലയിൽ കുരുക്കിയത്.