ബാംബോലിം: ഐഎസ്എല്ലിൽ ബുധനാഴ്ച നടന്ന നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കി ഹൈദരാബാദ് എഫ് സി സെമി ബർത്ത് ഉറപ്പാക്കി. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മത്സര ഫലം കനത്ത തിരിച്ചടിയായി. ഇന്നത്തെ തോൽവിയോടെ ചെന്നൈയിനും മുംബൈ സിറ്റി എഫ് സിക്കും ഗോവക്കുമെതിരായ മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് നിർണായകമായി.

ബർത്തലോമ്യു ഓഗ്ബെച്ചെ, ജാവിയർ സിവെറിയോ എന്നിവരാണ് ഹൈദരാബാദിനായി ഗോളുകൾ സ്‌കോർ ചെയ്തത്. ഇൻജുറി ടൈമിൽ വിൻസി ബാരെറ്റോയാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്.

തുടക്കം മുതൽ തന്നെ മത്സരത്തിന്റെ നിയന്ത്രണമേറ്റെടുത്തത് ഹൈദരാബാദായിരുന്നു. മികച്ച പല മുന്നേറ്റങ്ങളും നടത്തിയ അവർ ഒടുവിൽ 28-ാം മിനിറ്റിൽ മുന്നിലെത്തി. ഹൈദരാബാദ് താരത്തിന്റെ ക്രോസ് രോഹിത് ദാനു ബോക്സിലുണ്ടായിരുന്ന ബർത്തലോമ്യു ഓഗ്ബെച്ചെയ്ക്ക് ഹെഡ് ചെയ്ത് നൽകി. പന്ത് നിയന്ത്രിച്ച ഓഗ്ബെച്ചെ, ബ്ലാസ്റ്റേഴ്സ് ഡിഫൻഡർമാർക്ക് യാതൊരു അവസരവും നൽകാതെ പന്ത് വലയിലെത്തിച്ചു.

ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ നിരവധി തവണ ഗോളിന് അടുത്തെത്തിയെങ്കിലും ഹൈദരാബാദ് ഗോൾ കീപ്പർ ലക്ഷികാന്ത് കട്ടിമണിയുടെ മിന്നും സേവുകളാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്. ജയത്തോടെ 18 കളികളിൽ 35 പോയന്റുള്ള ഹൈദരാബാദ് സെമി സ്ഥാനം ഉറപ്പിച്ചപ്പോൾ 18 കളികളിൽ 27 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം.

ആദ്യ പകുതിയിൽ ആക്രമണങ്ങളിൽ ഹൈദരാബാദിനായിരുന്നു മുൻതൂക്കം. അത് ഗോളാക്കി മാറ്റിയത് 28-ാം മിനിറ്റിൽ ഒഗ്‌ബെച്ചെയായിരുന്നു. രോഹിത് ധനുവിന്റെ പാസിൽ നിന്നായിരുന്നു ഒഗ്‌ബെച്ചെ സീസണിലെ പതിനേഴാം ഗോൾ നേടിയത്. ആദ്യ പകുതി തീരും മുമ്പെ സമനില ഗോൾ കണ്ടെത്താൻ ബ്ലാസ്റ്റേഴ്‌സിന് അവസരം ലഭിച്ചതായിരുന്നു.

ക്യാപ്റ്റൻ അഡ്രിയാൻ ലൂണ എടുത്ത കോർണറിൽ തലവെച്ച ഹർമൻജ്യോത് ഖുബ്രയുടെ ഹെഡ്ഡൽ ലക്ഷികാന്ത് കട്ടിമണി തട്ടിയകറ്റിയെങ്കിലും പന്ത് ലഭിച്ച ചെഞ്ചോ തൊടുത്ത ഇടംകാലൻ ഷോട്ട് ക്രോസ് ബാറിൽ തട്ടി പുറത്തുപോയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സുവർണാവസരം ലഭിച്ചു. ഗോളി ലക്ഷ്മികാന്ത് കട്ടിമണി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം പക്ഷെ മുതലാക്കാൻ ചെഞ്ചോക്കായില്ല.

പിന്നീടുള്ള നിമിഷങ്ങൾ തുടർച്ചയായി അവസരങ്ങളൊരുക്കി ബ്ലാസ്റ്റേഴ്‌സ് ഏത് നിമിഷവും ഗോളടിക്കുമെന്ന് തോന്നിച്ചെങ്കിലും ക്രോസ് ബാറും ഹൈദരാബാദ് ഗോൾ കീപ്പർ കട്ടിമണിയും മഞ്ഞപ്പടക്ക് മുന്നിൽ മതിൽ കെട്ടി. 52ാം മിനിൽ കോർണറിൽ നിന്ന് ഖബ്രയുടെ ഹെഡ്ഡർ വീണ്ടും ക്രോസ് ബാറിൽ തട്ടി പുറത്തുപോയി. 55-ാം മിനിറ്റിൽ ആൽവാരോ വാസ്‌ക്വസിന്റെ ഷോട്ടും രക്ഷപ്പെടുത്തി കട്ടിമണി ഹൈദരാബാദിന്റെ രക്ഷകനായി.

സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞ് ശ്രമിക്കുന്നതിനിടെ 87-ാം മിനിറ്റിൽ ജാവിയർ സിവെറിയോ മത്സരത്തിന്റെ ഫലം നിർണയിച്ച ഗോൾ കണ്ടെത്തി. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ നിഖിൽ പൂജാരി ബോക്സിലേക്ക് നൽകിയ ക്രോസ് ക്ലിയർ ചെയ്യാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് സാധിച്ചില്ല, ഒരു ഡൈവിങ് ഹെഡറിലൂടെ സിവെറിയോ പന്ത് വലയിലെത്തിച്ചു. ഒടുവിൽ ഇൻജുറി ടൈമിൽ വിൻസി ബാരെറ്റോയാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്.

സന്ദീപിന്റെ അഭാവത്തിൽ സഞ്ജീവ് സ്റ്റാലിനെയും പെരേര ഡയസിന് പകരം ചെഞ്ചോയേയും ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് മത്സരത്തിനിറങ്ങിയത്. ഇരുവരുടെയും അഭാവം മത്സരത്തിൽ കാര്യമായി നിഴലിക്കുകയും ചെയ്തു. അഡ്രിയാൻ ലൂണയ്ക്കും ഇന്ന് മത്സരത്തിൽ കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.

ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദിന് 18 കളികളിൽ നിന്ന് 35 പോയന്റായി. 17 മത്സരങ്ങളിൽ നിന്ന് 27 പോയന്റോടെ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ള മൂന്ന് കളികളും ഇനി നിർണായകമാണ്.