- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ ഒഡിഷ എഫ്സിയെ ഗോൾമഴയിൽ മുക്കി ജംഷഡ്പൂർ എഫ് സി; ജയം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; 40 പോയിന്റുമായി പട്ടികയിൽ തലപ്പത്ത്
പനാജി: ഐഎസ്എല്ലിൽ ഒഡിഷ എഫ് സിയെ ഗോൾമഴയിൽ മുക്കി ജംഷഡ്പൂർ എഫ് സി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ജംഷഡ്പൂർ പരാജയപ്പെടുത്തിയത്. ജംഷഡ്പൂരിനായി ഡാനിയേൽ ചിമ ഇരട്ട ഗോൾ നേടി. ജയക്കുതിപ്പ് തുടരുന്ന ജംഷഡ്പൂർ എഫ്സി 19 മത്സരങ്ങളിൽ 40 പോയിന്റുമായി പട്ടികയിൽ തലപ്പത്ത് തുടരുകയാണ്.
സീസണിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള പോരാട്ടത്തിൽ നിർണായക ലീഡ് നേടുകയായിരുന്നു ജംഷഡ്പൂർ എഫ് സി. മത്സരത്തിലെ ആദ്യപകുതിയിൽ മൂന്ന് മിനുറ്റിനിടെ ചിമ നേടിയ ഇരട്ടഗോളുകൾ ജംഷഡ്പൂരിന് ലീഡ് സമ്മാനിച്ചു. 23, 26 മിനുറ്റുകളിലാണ് ചിമ ഗോൾവലയെ ചുംബിച്ചത്. എന്നാൽ ആദ്യപകുതിയുടെ ഇഞ്ചുറിടൈമിൽ പോൾ ഒഡിഷയ്ക്കായി ഗോൾ മടക്കി. ഇടവേളയ്ക്ക് പിരിയുമ്പോൾ ജംഷഡ്പൂർ 2, ഒഡിഷ 1.
രണ്ടാംപകുതിയിൽ സമ്പൂർണ മേധാവിത്വവുമായി തകർപ്പൻ ജയം ജംഷഡ്പൂർ പിടിച്ചെത്തു. റിത്വിക് ദാസ് 54-ാം മിനുറ്റിലും ജോർജാൻ മുറെ 71-ാം മിനുറ്റിലും ഇഷാൻ പണ്ഡിത 87-ാം മിനുറ്റിലും ലക്ഷ്യം കണ്ടപ്പോൾ ഒഡിഷയ്ക്ക് മറുപടിയുണ്ടായില്ല. ഇതിനിടെ 73-ാം മിനുറ്റിൽ ജൊനാതാസ് ഡി ജീസസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതും ഒഡിഷയ്ക്ക് പ്രഹരമായി.
ജംഷഡ്പൂരിന് പുറമെ 37 പോയിന്റുള്ള എടികെ മോഹൻ ബഗാനും 35 പോയിന്റുള്ള ഹൈദരാബാദ് എഫ്സിയുമാണ് ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച ടീമുകൾ. സെമിയിലെത്തുന്ന നാലാം ടീമാകാൻ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലാണ് അവസാന ലാപ്പിൽ പോരാട്ടം. ബ്ലാസ്റ്റേഴ്സിന് 33 ഉം മുംബൈക്ക് 31 പോയിന്റാണ് ഉള്ളത്. അവശേഷിക്കുന്നത് ഓരോ മത്സരവും.
സ്പോർട്സ് ഡെസ്ക്