പനാജി: കേരളം ഫുട്‌ബോൾ ഭ്രാന്തിലേക്ക്. നീണ്ട നാല് സീസണിന്റെ ഇടവേളയ്ക്കു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഫൈനലിൽ പ്രവേശിക്കുന്നത്. 2014, 2016 സീസണുകളിൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീടത്തിൽ മുത്തമിടാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേരളം ആവേശത്തിലാണ്. മികച്ച ഫോമിൽ കളിക്കുന്ന കേരളം കപ്പുയർത്താൻ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. പ്രതീക്ഷ കാക്കാൻ ഇവാൻ വുകോമനോവിച്ചിന്റെ സംഘം ഇന്ന് മഡ്ഗാവിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിക്ക് എതിരേ രാത്രി 7.30ന് ഇറങ്ങും.

കേരള ബ്ലാസ്റ്റേഴ്‌സ് കൊമ്പൻ എന്നാണ്. ഹൈദരബാദ് സംഘത്തിന്റെ വിളിപ്പേര് നിസാംസ് എന്നും. ഐഎസ്എൽ ചരിത്രത്തിൽ ഹൈദരാബാദ് ഫൈനലിൽ പ്രവേശിക്കുന്നത് ഇതാദ്യം. ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരം ബർത്തലോമ്യു ഒഗ്‌ബെച്ചെയാണ് (19 മത്സരങ്ങളിൽ 18 ഗോൾ) ഹൈദരാബാദിന്റെ സ്റ്റാർ സ്‌ട്രൈക്കർ. സ്പാനിഷ് സ്‌ട്രൈക്കർ ഹാവിയെർ സിവേരിയൊയും ഒഗ്‌ബെച്ചെയ്‌ക്കൊപ്പം ചേരുമ്പോൾ ശക്തികൂടും. ഗോൾഡൻ ഗ്ലൗ പുരസ്‌കാരം ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖൻ സിങ് ഗില്ലും ഗോൾഡൻ ബോൾ ഉറപ്പിച്ച ഒഗ്‌ബെച്ചെയും തമ്മിലാണ് പോര്. ആരു ജയിച്ചാലും അത് ചരിത്രമാകും. പ്രഭ്‌സുഖർ സിങ് ഗിൽ 19 മത്സരങ്ങളിൽ ഏഴ് ക്ലീൻ ഷീറ്റ് നേടി, വഴങ്ങിയത് 20 ഗോൾ, 42 സേവ് നടത്തി.

ഐഎസ്എൽ സീസണിൽ ഏറ്റവും കൂടുതൽ സേവ് ഉള്ള ലക്ഷ്മികാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ ഗോളി. ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണം നയിക്കുന്നത് എട്ട് ഗോളും രണ്ട് അസിസ്റ്റും ഉള്ള ടീമിന്റെ ടോപ് സ്‌കോററായ ആൽവാരോ വാസ്‌ക്വെസും. വാസ്‌ക്വെസിനൊപ്പം എട്ട് ഗോൾ നേടിയ സഹ സ്‌ട്രൈക്കർ ഹൊർഹെ പെരേര ഡിയസും ചേരുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണം. പരിക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന് മുമ്പിലെ പ്രധാന വെല്ലുവളി. ആക്രമണ ഫുട്ബോൾ കളിക്കുന്ന ടീമാണ് ഹൈദരാബാദ്. അതിനാൽ പന്തിനുമേൽ ആധിപത്യംനേടാൻ ഇരുടീമുകളും ശ്രമിക്കും. പാസുകളിലൂടെ മുന്നേറുന്നതാണ് കേരളത്തിന്റെ ശൈലി.

മധ്യനിരയിലെ ആധിപത്യം നിർണായകമാകും. പുടിയ-ആയുഷ്- അഡ്രിയൻ ലൂണ ത്രയത്തിന്റെ മധ്യനിരയിലെ പ്രകടനം നിർണായകമാകും. ഹൈദരാബാദ് നിരയിലെ അപകടകാരി ബർത്തലോമ്യു ഒഗ്ബെച്ചെയിലേക്കുള്ള പന്തിന്റെ വിതരണം തടയാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാകും. ഹൈദരാബാദ് കഴിഞ്ഞ കളിയിൽനിന്ന് വ്യത്യസ്തമായി ഒഗ്ബച്ചെയെ മുന്നേറ്റത്തിലേക്ക് തിരികെ കൊണ്ടുവരും. ടീം 4-2-3-1 ശൈലിയിൽ കളിക്കാനാണ് സാധ്യത. സീസണിൽ മുഖാമുഖം വന്നപ്പോൾ ഓരോവീതം ജയങ്ങളുമായി ഇരുടീമുകളും തുല്യതയിലാണ്.

പരിക്ക് വില്ലൻ

ഐഎസ്എൽ ഫൈനലിനു മുന്പ് കേരള ബ്ലാസ്റ്റേഴ്‌സിന് ഇരട്ട പ്രഹരം. അറ്റാക്കിങ് മിഡ്ഫീൽഡർമാരായ അഡ്രിയാൻ ലൂണയും സഹൽ അബ്ദുൾ സമദും ഫൈനലിൽ കളിക്കുമോ എന്നു വ്യക്തമല്ല. പരിക്കാണ് സഹലിന്റെ പ്രശ്‌നം. ലൂണയ്ക്ക് ആരോഗ്യപ്രശ്‌നം ആണെന്നാണ് മത്സരത്തിനു മുന്പ് നടത്തിയ പത്രസമ്മേളനത്തിൽ ഇവാൻ വുകോമനോവിച്ച് അറിയിച്ചത്. സഹൽ ഇന്നലെ പരിശീലന സെഷനിൽ പങ്കെടുത്തെന്നും ഫൈനലിൽ കളിച്ചേക്കുമെന്നും വുകോമനോവിച്ച് കൂട്ടിച്ചേർത്തു. വൈകുന്നേരം നടന്ന പരിശീലന സെഷനിൽ ലൂണയും പങ്കെടുത്തിട്ടുണ്ട്. ഹൈദരാബാദ് നിരയിൽ ജോയെൽ ചിയാനീസ്, ആശിഷ് റായ് എന്നിവർ 100 ശതമാനം ഫിറ്റ് അല്ലെന്നാണ് റിപ്പോർട്ട്.

സാധ്യതാ ടീം:

ബ്ലാസ്റ്റേഴ്സ്-പ്രഭ്സുഖൻ ഗിൽ, സന്ദീപ് സിങ്, ഹോർമിപാം, മാർക്കോ ലെസ്‌കോവിച്ച്, ഹർമൻജ്യോത് ഖബ്ര, പുടിയ, ആയുഷ് അധികാരി, അഡ്രിയൻ ലൂണ, നിഷുകുമാർ, യോർഗെ ഡയസ്, അൽവാരോ വാസ്‌ക്വസ്.

ഹൈദരാബാദ് എഫ്.സി. -കട്ടിമണി, ആകാശ് മിശ്ര, ചിങ്ലെൻസന സിങ്, യുവാനൻ, നിം ദോർജി, ജാവോ വിക്ടർ, സൗവിക് ചക്രവർത്തി, യാസിർ മുഹമ്മദ്, ഒഗ്ബെച്ചെ, അനികേത് ജാദവ്, ഹാവിയർ സിവേറിയോ

ആവേശത്തിൽ ആരാധകർ

ഗോവയിൽ ഐ.എസ്.എൽ. ഫൈനൽ കളറാക്കാൻ കേരളത്തിൽനിന്ന് പുറപ്പെട്ടത് ഒൻപതിനായിരത്തോളം പേർ. ടൂറിസ്റ്റ് ബസിലാണ് കൂടുതൽപ്പേരും പുറപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്കും വൈകീട്ടുമായി വിവിധ ഭാഗങ്ങളിൽനിന്നുള്ള സംഘങ്ങൾ ഗോവയിലേക്ക് കുതിച്ചു. മലപ്പുറത്ത് നിന്നാണ് ഇവരുടെ യാത്ര. ട്രെയിനിലും നിരവധി പേർ ഗോവയ്ക്ക് എത്തിയിട്ടുണ്ട്.

ഫത്തോർഡ സ്റ്റേഡിയത്തിൽ 18,000 ആളുകൾക്കാണ് പ്രവേശനം. അതിൽ പകുതി ടിക്കറ്റും മഞ്ഞപ്പട സ്വന്തമാക്കി. പുണെ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നും മഞ്ഞപ്പടയുടെ ആരാധകർ ഫത്തോർഡയിലെത്തും. ചാന്ദ്, ടിഫോ, ബാനറുകൾ, ബാൻഡ് തുടങ്ങിയവ കളിക്കാർക്ക് ആവേശം പകരാൻ സ്റ്റേഡിയത്തിൽ ആരാധകർ ഒരുക്കുന്നുണ്ട്.

കളികഴിഞ്ഞ ഉടൻ എല്ലാവരും നാട്ടിലേക്കു തിരിക്കും. കൂടുതൽപ്പേരും കൊച്ചിയിലേക്കാണ് എത്തുക. ജയിച്ചാലും തോറ്റാലും നാട്ടിലെത്തുന്ന ടീമിനു ഗംഭീര സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചിയിലേക്കുള്ള ആരാധകരുടെ വരവ്.