സൗദിയിലെ ബ്രിട്ടീഷ് അംബാസിഡറും 60കാരനുമായ സൈമൺ കോളിസ് മതംമാറി മുസ്ലീമായെന്ന് റിപ്പോർട്ട്. സിറിയക്കാരിയായ തന്റെ മുസ്ലിം ഭാര്യയ്ക്കൊപ്പം ഇദ്ദേഹം ഹജ്ജ് കർമം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. നീണ്ട 30 കൊല്ലത്തോളം ബ്രിട്ടന് വേണ്ടി അംബാസിഡറായി പ്രവർത്തിച്ച നയതന്ത്രജ്ഞനാണ് അവസാനം ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തിരിക്കുന്നത്. എന്നാൽ മതം മാറിയാലും തന്റെ ഇംഗ്ലീഷ് പേരിൽ തന്നെ അറിയപ്പെടാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.പരമ്പരാഗത ഹജ്ജ് വസ്ത്രമണിഞ്ഞ് മക്കയിൽ കോളിസ് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.സിറിയക്കാരിയായ ഹുദ അൽ-മുജാർകെച്ചിനെയാണ് ഇദ്ദേഹം വിവാഹം ചെയ്തിരുന്നത്. 2007 മുതൽ 2012 വരെ സിറിയയിലെ ബ്രിട്ടീഷ് അംബാസിഡറായി പ്രവർത്തിച്ച വ്യക്തിയാണ് കോളിസ്. എന്നാൽ സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദുമായുള്ള യുകെയുടെ ബന്ധം തകർന്നതിനെ തുടർന്ന് കോളിസ് ദൗത്യം മതിയാക്കി മടങ്ങുകയായിരുന്നു.

മിഡിൽ ഈസ്റ്റിലെ നിരവധി മുസ്ലിം രാജ്യങ്ങളിൽ ബ്രിട്ടന് വേണ്ടി നയതന്ത്രജ്ഞനായ ജോലി ചെയ്ത പരിചയം ഇദ്ദേഹത്തിനുണ്ട്. ഇറാഖ്, ഖത്തർ, തുടങ്ങിയ രാജ്യങ്ങളിലും ഇദ്ദേഹം ബ്രിട്ടീഷ് അംബാസിഡറായിരുന്നു. കൂടാതെ യുഎഇ, യെമൻ, ഇന്ത്യ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ മുതിർന്ന നയതന്ത്ര സ്ഥാനങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.രഹസ്യമായി അദ്ദേഹം 2011ൽ തന്നെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഹുദയെ വിവാഹം ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. ഇതോടെ ഇസ്ലാമതത്തിലേക്ക് മാറുന്ന ഏറ്റവും മുതിർന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞനമാരിലൊരാളായി കോളിസ് മാറിയിരിക്കുകയാണ്. ഇത്തരത്തൽ മതം മാറുന്ന മിക്കവരും മുസ്ലിം പേര് സ്വീകരിക്കാറുണ്ടെങ്കിലും തന്റെ ഇപ്പോഴത്തെ പേര് തന്നെ നിലനിർത്താനാണ് കോളിസ് തീരുമാനിച്ചിരിക്കുന്നത്.

പരമ്പരാഗത ഹജ്ജ് വസ്ത്രമണിഞ്ഞ് കോളിസും ഭാര്യയും നിൽക്കുന്ന ചിത്രങ്ങൾ ഈ ആഴ്ച ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ മതംമാററം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. മെക്കയിലെ ബ്രിട്ടീഷ് കോൺസുലേറ്റിന് മുന്നിലായിരുന്നു അദ്ദേഹം ഈ വസ്ത്രമണിഞ്ഞ് നിന്നിരുന്നത്. നീണ്ട 30 വർഷങ്ങളായി മുസ്ലിം സമൂഹങ്ങളിൽ ജീവിച്ച താൻ അവസാനം ഇസ്ലാമായി പരിവർത്തനം ചെയ്തുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ താൻ എപ്പോഴാണ് മതം മാറിയിരക്കുന്നതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല. മതവിശ്വാസം തികച്ചും വ്യക്തിപരമായ കാര്യമാണെന്നാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.ഡമാസ്‌കസിൽ നിന്നും 2012ൽ വിട്ടതിന് ശേഷം കോളിസ് 2014വരെ ഇറാഖിൽ അംബാസിഡറായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു റിയാദിൽ സേവനമനുഷ്ഠിക്കാനെത്തിയത്.

ഖത്തറിലെ ദോഹയിലായിരുന്നു ഇദ്ദേഹം ആദ്യമായി അംബാസിഡറായി വർത്തിച്ചത്. 2005 മുതൽ 2007 വരെയായിരുന്നു ഈ പ്രവർത്തന കാലം. അതിന് മുമ്പ് ഇറാഖിലെ ബസ്രയിൽ 2004 മുതൽ 2005 വരെ കോളിസ് കോൺസുൽ ജനറലായിരുന്നു. അതിന് മുമ്പ് നാല് വർഷക്കാലം യുഎഇയിലും ഇതേ തസ്തികയിൽ ഇരുന്നിരുന്നു. 1996 മുതൽ 1999വരെ ജോർദാനിലെ അമ്മാനിൽ ഇദ്ദേഹം ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനായിരുന്നു. ഇതാദ്യമായിട്ടാണ് ഒരു ബ്രിട്ടീഷ് അംബാസിഡർ മുസ്ലീമാകുന്നതെങ്കിലും ബ്രിട്ടീഷ് നയതന്ത്രജ്ഞർ ഇതിന് മുമ്പ് തന്നെ ഇസ്ലാമായി മാറിയ ചരിത്രമുണ്ട്. കോളിസിന് മുമ്പ് ബ്രിട്ടീഷ് നയതന്ത്രജ്ഞനായ ചാൾസ് ലെ ഗായ് ഈറ്റൻ ഹാസൻ അബ്ദുൾ ഹക്കീം എന്ന പേര് സ്വീകരിച്ച് 20ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇസ്ലാമായിരുന്നു. 19ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ബ്രിട്ടീഷ് ഡിപ്ലോമാറ്റായ അബ്ദുള്ളാ വില്യം ക്യുല്യം മുസ്ലിം മതം സ്വീകരിച്ചിരുന്നു.