ഡൽഹി: ഉത്തർപ്രദേശിൽ അഞ്ച് പേരെ രാവിലെ അറസ്റ്റ് ചെയ്തിന് പിന്നാലെ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അഞ്ച് പേരെ കൂടി ഡൽഹിയിൽനിന്ന് പിടികൂടി. ഇവരിൽനിന്ന് റോക്കറ്റ് ലോഞ്ചർ, വെടിമരുന്ന്, തോക്കുകൾ, ക്ലോക്കുകൾ എന്നിവ പിടിച്ചെടുത്തു. ഇന്ത്യയിൽ സീരിയൽ ബോംബ് സ്‌ഫോടനങ്ങൾ നടത്താൻ പദ്ധതി ഇട്ടിരുന്നുവെന്ന് എൻഐഎ പറഞ്ഞു.

പൊതു സ്ഥലങ്ങളിൽ സ്‌ഫോടന പരമ്പര ലക്ഷ്യമിട്ടിരുന്നുവെന്നും രാഷ്ട്രീയ നേതാക്കളും ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നുവെന്നും എൻ ഐ എ വ്യക്തമാക്കി. മനുഷ്യ ബോംബ് സ്‌ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നുവെന്നും എൻഐഎ പറഞ്ഞു.

ഉത്തർപ്രദേശിൽ അഞ്ച് പേരെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഹർക്കത്തുൽ ഹർബേ ഇസ്ലാം എന്ന സംഘടനയിൽ പെട്ടവരാണിവരെന്ന് എൻ ഐ എ വ്യക്തമാക്കിയിരുന്നു. എൻ ഐ എ, യു പി പൊലീസ് എന്നിവയുടെ സംയുക്ത തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. ഇതിന് പിന്നാലെയാണ് ഡൽഹിയിൽനിന്ന് അഞ്ച് പേരെ കൂടി പിടികൂടിയത്.

ഇതോടെ ഇതുവരെ ഇന്ന് 10 പേരെയാണ് അറസ്റ്റ് ചെയ്തത്. 16 പേർ കസ്റ്റഡിയിലുണ്ട്. കിഴക്കൻ ഡൽഹിയിലെ ജഫാരബാദിൽ ഡൽഹി പൊലീസിന്റെ സ്‌പെഷൽ സെല്ലുമായി സഹകരിച്ചാണ് എൻഐഎ റെയ്ഡ് നടത്തിയത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

രാജ്യതലസ്ഥാനത്ത് അടക്കമുള്ള സുപ്രധാന കെട്ടിടങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ചാവേർ സ്ഫോടനങ്ങൾ നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വി.വി.ഐ.പികളെയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് സൂചന. ഒരു സിവിൽ എൻജിനിയറും മൗലവിയും ബിരുദ വിദ്യാർത്ഥികളും ഓട്ടോ ഡ്രൈവറും അടക്കമുള്ളവരാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

മൗലവിയാണ് സംഘത്തിന്റെ തലവനെന്നും ഇയാൾക്ക് വിദേശത്തുനിന്ന് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിലരം. അഞ്ചുപേരെ ഉത്തർപ്രദേശിലെ അംരോങ ജില്ലയിൽനിന്നും അഞ്ചുപേരെ നോർത്ത് ഈസറ്റ് ഡൽഹിയിൽനിന്നുമാണ് പിടികൂടിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും റെയ്ഡുകൾ തുടരുകയാണെന്നും അധികൃതർ പറഞ്ഞു.

അംറോഹ സ്വദേശിയായ മുഫ്തി സൊഹെയ്ലാണ് സംഘത്തിന്റെ നേതാവെന്ന് എൻ.ഐ.എ ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു. ഡൽഹിയിലുള്ള സൊഹൈൽ ഒരു മോസ്‌കിൽ ജോലിചെയ്യുകയാണ്. റിമോട്ട് കൺട്രോൾ ബോംബുകൾ ഉപയോഗിച്ചുള്ള സ്ഫോടനങ്ങളും ചാവേർ സ്ഫോടനങ്ങളും നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാഷ്ട്രീയക്കാർ അടക്കമുള്ള പ്രമുഖ വ്യക്തികളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താനായിരുന്നു പദ്ധതി.

7.5 ലക്ഷം രൂപയും 100 മൊബൈൽ ഫോണുകളും 135 സിം കാർഡുകളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. 16 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷമാണ് പത്തുപേരെ അറസ്റ്റുചെയ്യാൻ എൻ.ഐ.എ തീരുമാനമെടുത്തത്. വൻ സ്ഫോടകവസ്തു ശേഖരവും റോക്കറ്റ് ലോഞ്ചർ അടക്കമുള്ള ആയുധങ്ങളും അറസ്റ്റിലായവരിൽനിന്ന് പിടിച്ചെടുത്തുവെന്നും എൻ.ഐ.എ ഐ.ജി അറിയിച്ചു. 17 കേന്ദ്രങ്ങളിലാണ് റെയ്ഡുകൾ നടത്തിയത്. ഹർക്കത്തുൽ ഹർബ് ഇ ഇസ്ലാം എന്ന ഭീകര സംഘടനയിൽപ്പെട്ടവരാണ് അറസ്റ്റിലായതെന്നാണ് എൻ.ഐ.എ നൽകുന്ന വിവരം.