- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്മാനിലെ പഠനത്തിനിടെ 'മധുരമെൻ മലയാളം' മത്സരത്തിൽ മികവ് കാട്ടിയ മിടുമിടുക്കി; നാല് കൊല്ലം മുമ്പ് കോഴിക്കോട് അമ്മയുമായി എത്തിയത് നാട്ടിൽ പഠിച്ച് ഡോക്ടറാകാൻ; കോവിഡ് നിയന്ത്രണങ്ങൾ മാറിയപ്പോൾ അമ്മയ്ക്കൊപ്പം പറന്നെത്തിയത് അച്ഛനൊപ്പം ചെലവഴിക്കാൻ; അൽഹീറാ ബീച്ചിലെ തിരയെടുത്തത് ബാലുശ്ശേരിയിലെ ഇസ്മായിന്റേയും മകളുടേയും ജീവൻ
ദുബായ്: ഷാർജ-അജ്മാൻ അതിർത്തിയിലെ അൽ ഹീറ ബീച്ചിൽ അപകടത്തിൽ പെട്ടു മരിച്ച മലയാളികളായ അച്ഛന്റേയും മകളുടേയും മൃതദേങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ തുടങ്ങി. ബാലുശ്ശേരി വള്ളിയോത്ത് മേലെ കൊളോളി ഇസ്മായിലും (47) മകൾ അമലുമാണ് (18) മരിച്ചത്.
ഇസ്മായിലിന്റെയും സഹോദരന്റെയും മക്കൾ കടലിൽ കളിക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. അമൽ ഒഴികെയുള്ള 4 കുട്ടികളെയും ഇസ്മയിൽ രക്ഷിച്ചു കരയ്ക്കെത്തിച്ചു. എന്നാൽ, മകളെ തിരഞ്ഞു വീണ്ടും കടലിലേക്ക് ഇറങ്ങിയപ്പോൾ ഇസ്മയിലും തിരയിൽ പെട്ടു. 14 വർഷമായി ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി ഉദ്യോഗസ്ഥനാണ് ഇസ്മായിൽ. യുഎഇയിൽ അദ്ധ്യാപികയായിരുന്ന ഭാര്യയും മക്കളും 4 വർഷം മുൻപു നാട്ടിലേക്ക് മടങ്ങി. മകളുടെ പഠനം നാട്ടിൽ നടത്താനായിരുന്നു ഇത്. കോവിഡിലെ നിയന്ത്രണങ്ങൾ മാറിയതോടെ ഭാര്യയും കമളും ഈ മാസം 13നു സന്ദർശകവീസയിൽ ദുബായിലെത്തുകയായിരുന്നു.
വേളം ശാന്തിനഗർ കൊടുമയിൽ കാസിമിന്റെയും പരേതയായ നഫീസയുടെയും (കടമേരി) മകനാണ് ഇസ്മയിൽ. ഭാര്യ: സഫീറ പാറക്കൽ (അദ്ധ്യാപിക, ഇയ്യാട് ഗ്ലോബൽ പബ്ലിക് സ്കൂൾ). മറ്റുമക്കൾ: അമാന, ആലിയ. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ കുടുംബത്തോടൊപ്പം ഷാർജ അജ്മാൻ അതിർത്തിയിലെ കടലിലാണ് അപകടം. തിരയിൽപെട്ട മകൾ അമലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇസ്മായിലും അപകടത്തിൽപെട്ടത്. കൂടെ കുളിക്കാൻ ഇറങ്ങിയ ഇസ്മയിലിന്റെ സഹോദര?ന്റെ കുട്ടിയെ രക്ഷപ്പെടുത്തി. പൊലീസും മെഡിക്കൽ സംഘവും ഇരുവരെയും ഷാർജ അൽഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ചു വർഷം മുമ്പ് അമൽ ഇസ്മായിൽ അജ്മാൻ ഇന്റർ നാഷനൽ സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച 'മധുരമെൻ മലയാളം' പരിപാടിയിൽ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു അമല. നാട്ടിൽ പ്ലസ്ടു പഠനം കഴിഞ്ഞതിനു ശേഷം കോഴിക്കോട്ട് മെഡിക്കൽ എന്ട്രൻസ് പരിശീലനത്തിലായിരുന്നു.
കരയിൽനിന്ന് ദുരന്തം നേരിട്ടുകണ്ട ഇസ്മായിലിന്റെ ഭാര്യ സഫീറ പാറക്കൽ, മറ്റുമക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകിയശേഷം ഇസ്മായിലിന്റെ സഹോദരന്റെ താമസയിടത്തേക്ക് കൊണ്ടുപോയി. അജ്മാൻ ഇൻകാസിന്റെ സജീവപ്രവർത്തകനാണ് ഇസ്മായിൽ.
മറുനാടന് മലയാളി ബ്യൂറോ