തിരുവനന്തപുരം: ലോകത്തിലെ തന്നെ പ്രമുഖ ശീതളപാനീയ കമ്പനിയായി ഫ്രൂട്ടിയുടെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യയാണ്. കോടിക്കണക്കിന് ആളുകൾ വാങ്ങുന്ന ശീതളപാനീയത്തിന്റെ സുന്ദരമായ പാക്കിംഗിന് പിന്നിൽ ഒരു മലയാളിയുടെ കൈയൊപ്പുണ്ട്. ഫ്രൂട്ടിയുടെ പുതിയ പാക്കിങ് ഡിസൈൻ രൂപകൽപ്പന ചെയ്തത് കണ്ണൂരുകാരനായ ഇസ്മയിൽ എന്ന വിദ്യാർത്ഥിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30തോളം പേർ പങ്കെടുത്ത മത്സരത്തിൽ നിന്നും വിജയിച്ചാണ് തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിലെ വിദ്യാർത്ഥിയായ ഇസ്മയിൽ ഒന്നാമനായത്. കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ ഈ കണ്ണൂരുകാരൻ ലോകം അറിയപ്പെടുന്ന ബ്രാൻഡിന് പുതുമുഖം നൽക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്.

തികച്ചും അവിചാരിതമായി ആയിരുന്നു ഇങ്ങനെയൊരു മത്സരത്തിൽ പങ്കെടുത്തതും വിജയം നേടാൻ സാധിച്ചതെന്നും ഇസ്മയിൽ പറഞ്ഞു. തന്നിലെ നൈസർഗ്ഗികമായ കഴിവിനെ കണ്ടെത്തിയത് +2 അദ്ധ്യാപകനാണെന്നും അദ്ദേഹത്തിന്റെ നിർബന്ധത്താലാണ് ഫൈൻ ആർട്‌സ് കോഴ്‌സ് പഠിക്കാൻ തിരിച്ചതെന്നും ഇസ്മായിൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

ചിത്രരചനയോട് ചെറുപ്പം മുതൽ തനിക്ക് താൽപ്പര്യമുണ്ടയായിരുന്നുവെന്നാണ് ഇസ്മായിൽ പറയുന്നത്. ഏഴാം ക്ലാസുമുതൽ ആണ് ചിത്രരചന അഭ്യസിച്ചു തുടങ്ങിയത്. +2 കഴിഞ്ഞതോടെ പലരും പല കോഴ്‌സുകൾക്കും ചേരാൻ നിർബന്ധിച്ചു. എന്നാൽ തന്നിൽ അലിഞ്ഞു ചേർന്ന ചിത്രരചനയെ തിരിച്ചറിഞ്ഞ സുകുമാർ എന്ന അദ്ധ്യാപകനാണ് ഫൈൻ ആർട്‌സ് കോളേജിൽ ചേരാൻ പറഞ്ഞത്. അങ്ങനെയാണ് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയതും പഠനം ആരംഭിച്ചതും.

ഇപ്പോൾ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ ഇസ്മായിൽ കോളേജിലെ ഏറ്റവും പ്രഗത്ഭ വിദ്യാർത്ഥികളിൽ ഒരാളാണ്. അവിചാരിതമായാണ് ഫ്രൂട്ടിയുടെ ഡിസൈനിങ് മത്സരത്തിൽ പങ്കെടുത്തതെന്നും ഇസ്മായിൽ പറഞ്ഞു. പ്രഗത്ഭരായ ഡിസൈനിങ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെ നടത്തി വരുന്ന പരിപാടിയായിരുന്നു ക്യൂരിയസ് ഡിസൈൻ ഫെസ്റ്റ്. അദ്ധ്യാപകരാണ് ഇതേക്കുറിച്ച് തന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. മത്സരത്തിൽ പങ്കെടുക്കാൻ താൻ ആദ്യം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും അദ്ധ്യാപകർ നിർബന്ധിച്ചു. അതുകൊണ്ടാണ് മത്സരത്തിൽ പങ്കെടുത്തത്.

പാക്കേജിങ് ഡിസൈനിങ്ങ് വിഭാഗത്തിൽ ആണ് മത്സരിക്കാൻ ഇങ്ങിയത്. ഗോവയിൽ വച്ചായിരുന്നു മത്സരം നടന്നത്. പ്രൊഫഷണലായി മത്സരിക്കാൻ ഇറങ്ങുന്നതിന് മുന്നോടിയായി ഇൻഡസ്ട്രിയിൽ എന്താണ് നടക്കുന്നത് എന്ന് അറിയാൻ വേണ്ടിയുള്ള ഒരു അസൈന്മെന്റ് മാത്രമായിരുന്നു അവിടെ നടന്നത്. ഡിസൈനിങ് രംഗത്ത് മറ്റു സംസ്ഥാനങ്ങളിലെ കുട്ടിൾക്ക് കിട്ടുന്ന പ്രോത്സാഹനം കേരളത്തിലെ വിദ്യാർത്ഥികൾക്ക് കിട്ടുന്നില്ല. കോളേജിലെ അദ്ധ്യാപകരുടെ പ്രോത്സാഹനം ഉണ്ടായിരുന്നു. കളർ കോമ്പിനേഷൻ തിരഞ്ഞെടുക്കുന്നതിലും മറ്റും അവർ സഹായിച്ചു. പരിചയത്തിന് വേണ്ടി മാത്രമാണ് മത്സരിച്ചത്. എന്നാൽ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

ഇന്ത്യയിലെ പ്രമുഖ ഡിസൈനിങ് കോളേജുകളിൽ നിന്നു പഠിക്കുന്നവരോട് മത്സരിച്ചാണ് ഒന്നാം സ്ഥാനം നേടിയത്. അതിൽ വളരെയേറെ സന്തോഷം ഉണ്ട്. എൻ.ഐ.ഐ.ടി, ഐ.ഐ.ടി കോഴ്‌സുകൾ പഠിക്കുക എന്നാണ് തന്റെ ഇനിയുള്ള ആഗ്രഹമെന്നും ഇസ്മായിൽ പറഞ്ഞു. തന്റെ ഡിസൈൻ ഫ്രൂട്ടിയിൽ ഇതുവരെ അച്ചടിച്ചു വന്നിട്ടില്ല. മാങ്ങയുടെ ചിത്രത്തോട് കൂടിയ മഞ്ഞ നിറമുള്ള പാക്കിംഗിന് ബൈ ബൈ പറഞ്ഞ് ഓറഞ്ച് നിറത്തിൽ മാങ്ങയുടെ ആകൃതിയിലുള്ള കുപ്പിക്കാണ് ഇസ്മയിൽ രൂപം നല്കിയിരിക്കുന്നത്. അത് വരുന്നതിന് കാത്തിരിക്കയാണ്.

തന്നെക്കൂടാതെ തൃശ്ശൂർ ഫൈൻ ആർട്‌സ് കോളേജിലെ അരുൺ കെ പി ക്കും ഇതേ വിഭാഗത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. പ്രൊഡക്ട് ഡിസൈൻ ഒരു വലിയ എൻജിനീയറിങ് വർക്കാണ്. അതിന്റെ ഒരു ഭാഗം മാത്രമാണ് ഡിസൈനിങ് എന്നും ഇസ്മയിൽ പറയുന്നു. ഇസ്മയിലിനെ കൂടാതെ തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിലെ 3 പേർക്കു കൂടി നോമിനേഷൻ കിട്ടിയിരുന്നു. നോമിനേഷൻ കിട്ടുന്നത് അവാർഡിനേക്കൾ വലിയ കാര്യമാണെന്നാണ് ഇസ്മായിലിന്റെ പക്ഷം.

അമ്പതിനായിരം രൂപയും റെഡ് എലിഫന്റ് ഫലകവുമാണ് ഇസ്മായിലിന് സമ്മാനമായി ലഭിച്ചത്. കണ്ണൂർ ജില്ലയിലെ രാമന്തളി സ്വദേശി അബ്ദു റഹ്മാന്റെ മകനാണ് ഇസ്മയിൽ. തന്റെ ചിത്രരചനക്ക് മാതാപിതാക്കളുടെ പൂർണ്ണ പിൻതുണ കിട്ടുന്നുണ്ടെന്നും ഇസ്മായിൽ മറുനാടൻ മലയാളിയോട് പറഞ്ഞു.